കോട്ടയം: ആരോഗ്യസൂചികകളിൽ മുന്നേറുമ്പോഴും ജലജന്യരോഗങ്ങളിൽ മുറിവേറ്റ് കേരളം. 2021-നുശേഷം ജലജന്യരോഗങ്ങളുടെ നിരക്കിൽ വർധനയാണ് കാണുന്നത്. കുടിവെള്ളം മലിനപ്പെട്ടതാണ് ടൈഫോയ്ഡ്, ഹെപ്പെറ്റെറ്റിസ്-എ, കോളറ, വയറിളക്കം തുടങ്ങിയവയെല്ലാം കാര്യമായി വർധിക്കാൻ ഇടയാക്കിയതെന്ന് ഇക്കണോമിക് റിവ്യൂ രേഖകൾ ചൂണ്ടിക്കാട്ടുന്നു.

To advertise here,

കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡ് നടത്തിയ പഠനത്തിൽ സംസ്ഥാനത്തെ 21 നദികളിൽ 351 ഇടങ്ങൾ കാര്യമായ മലിനീകരണം നേരിടുന്നതായി പറയുന്നു. പ്രധാന കുടിവെള്ളപദ്ധതികളുടെയെല്ലാം കിണർ പുഴകളിലാണുള്ളത്. കുഴലുകളുടെ പഴക്കംമൂലം മാലിന്യം കലരുന്നുണ്ട്.

അപകടകാരിയായി മലമ്പനിയും;

ഈ വർഷം ഇതുവരെ 387 രോഗികൾ

ഹരി നാരായണൻ

തിരുവനന്തപുരം : നിയന്ത്രണവിധേയമായിരുന്ന മലമ്പനി (മലേറിയ) സംസ്ഥാനത്ത് വീണ്ടും വ്യാപകമാകുന്നു. അഞ്ചുവർഷംമുൻപ് റിപ്പോർട്ട് ചെയ്തതിന്റെ ഇരട്ടിയോളം കേസുകൾ ഈ വർഷം പകുതിയായപ്പോൾത്തന്നെ തിരിച്ചറിഞ്ഞു. ഈ വർഷം റിപ്പോർട്ടുചെയ്ത 387 മലേറിയ ബാധിതരിൽ മൂന്നു പേരൊഴികെ ബാക്കിയെല്ലാവരും അതിഥിത്തൊഴിലാളികളോ ഇതരസംസ്ഥാനങ്ങളിൽ പോയിവന്ന മലയാളികളോ ആണ്.

ഇതരസംസ്ഥാനങ്ങളിൽനിന്നെത്തുന്നവരെ നിരീക്ഷിക്കുന്നതിൽ ഉണ്ടാകുന്ന പാളിച്ചയാണ് രോഗം അതിവേഗം പടരാൻ ഇടയാക്കുന്നതെന്നാണ് വിലയിരുത്തൽ. ഒഡിഷ, ഝാർഖണ്ഡ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നേരത്തേതന്നെ വലിയതോതിൽ മലേറിയ വ്യാപിച്ചിരുന്നു. കേരളത്തിൽ 2010-ൽ രണ്ടായിരത്തിനടുത്ത് കേസുകളുണ്ടായി. പിന്നീട് കൃത്യമായ നിയന്ത്രണ മാർഗങ്ങൾകൊണ്ട് പത്തുവർഷംകൊണ്ട് 268 എണ്ണമായി കുറഞ്ഞു.

ഇതരസംസ്ഥാന ത്തൊഴിലാളിയിൽനിന്നാണ് നിലവിൽ കൂടുതൽപ്പേർക്കും രോഗം ബാധിക്കുന്നതെങ്കിലും അവരുടെ താമസസ്ഥലങ്ങളിൽ വേണ്ടത്ര പരിശോധന നടക്കുന്നില്ല. മഴക്കാലപൂർവ ശുചീകരണത്തിലും വീഴ്ചയുണ്ട്.