ന്യൂഡൽഹി: 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നതിനെക്കുറിച്ച് തങ്ങൾക്ക് സൂചന ലഭിച്ചിരുന്നുവെന്നും എന്നാൽ പരസ്യമായി പ്രതികരിക്കുന്നതിന് മുൻപ് '100, 200, 300 ശതമാനം തെളിവുകൾ' വേണമെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടതിനാലാണ് അന്ന് മൗനം പാലിച്ചതെന്നും രാഹുൽ ഗാന്ധി. അമേരിക്കയിലെ കൊളംബിയ, ഷിക്കാഗോ സർവകലാശാലകളിൽ വിദ്യാർത്ഥികളുമായി നടന്ന സംവാദത്തിനിടെയാണ് രാഹുൽ ഗാന്ധിയുടെ ഈ വെളിപ്പെടുത്തൽ.

To advertise here,

2014-ലെ തിരഞ്ഞെടുപ്പ് ഫലങ്ങളിലെ അസാധാരണ ഭൂരിപക്ഷം ആദ്യമേ സംശയം ഉണ്ടാക്കിയിരുന്നു. എന്നാൽ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെ പരസ്യമായി ചോദ്യം ചെയ്യണമെങ്കിൽ നിഷേധിക്കാനാവാത്ത തെളിവുകൾ ആവശ്യമാണെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കൾ നിർദ്ദേശിക്കുകയായിരുന്നു എന്ന് രാഹുൽ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് സംവിധാനത്തിൽ പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചാൽ ഇന്ത്യയിലെ ജനാധിപത്യം ആ നിമിഷം അവസാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ജനാധിപത്യം പവിത്രമാണെന്നും അതിനാൽ തിരഞ്ഞെടുപ്പിൽ പങ്കെടുക്കുകയും ഒപ്പം ക്രമക്കേടുകൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുകയുമാണ് കോൺഗ്രസിന്റെ തന്ത്രമെന്നും അദ്ദേഹം വിശദീകരിച്ചു. അടുത്ത പൊതുതിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.  

2014-ഓടെ വൻതോതിൽ പണം രാഷ്ട്രീയ സംവിധാനത്തിലേക്ക് ഒഴുകിയെത്തിയെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സ്വഭാവം തന്നെ പൂർണ്ണമായും മാറി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവൃത്തികളിൽ ഉദ്യോഗസ്ഥർക്ക് അസ്വസ്ഥത വർധിച്ചുവരികയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് അകത്തുനിന്നുതന്നെയാണ് ഞങ്ങൾക്ക് വിവരങ്ങൾ ലഭിക്കുന്നത്. നിലവിലെ സാഹചര്യങ്ങളിൽ ജോലി തുടരാൻ കഴിയുന്നില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പ്രകടിപ്പിക്കുന്നതായും രാഹുൽ പറഞ്ഞു.

ഇന്ത്യ സന്ദർശിച്ചിട്ടേയില്ലാത്ത എന്നാൽ ഒരു ഇന്ത്യൻ സംസ്ഥാനത്തെ തിരഞ്ഞെടുപ്പിൽ 23 തവണ വോട്ട് ചെയ്തുവെന്ന് താൻ അവകാശപ്പെടുന്ന ബ്രസീലിയൻ വനിതയുടെ ഉദാഹരണം ചൂണ്ടിക്കാണിച്ചുകൊണ്ട്, ഇത്തരം സംഭവങ്ങൾ തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് ഗൗരവമേറിയ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്.

തിരഞ്ഞെടുപ്പ് കൃത്രിമത്വമെന്ന് തങ്ങൾ വിശേഷിപ്പിക്കുന്ന വിഷയത്തിനെതിരെയുള്ള പോരാട്ടം കോൺഗ്രസ് തുടരുമെന്നും ജനാധിപത്യ സ്ഥാപനങ്ങൾ തകർക്കപ്പെടുന്ന ഒരു ഇന്ത്യയെ അംഗീകരിക്കാൻ പ്രതിപക്ഷം തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഭ്യൂഹങ്ങൾക്ക് പകരം ജനങ്ങൾക്ക് മുന്നിൽ വസ്തുതകൾ കൊണ്ടുവരികയും ജനാധിപത്യ ഘടന തകരാതെ തന്നെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുകയും ചെയ്യും. ജനാധിപത്യപരമല്ലാത്ത ഒരു ഇന്ത്യയെ അംഗീകരിക്കാൻ ഞങ്ങൾ തയ്യാറല്ല, അത് കോൺഗ്രസ് പാർട്ടി മാത്രമല്ല, ഭൂരിഭാഗം വരുന്ന ഇന്ത്യക്കാരുടെയും നിലപാടാണ് എന്നാണ് രാഹുൽ ആവർത്തിച്ചത്.