ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യം നടത്തിയ മാർച്ചിനും പ്രതിഷേധങ്ങൾക്കുമൊടുവിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത്നീക്കി. രാവിലെ ആരംഭിച്ച മാർച്ച് സംഘർഷങ്ങൾക്കും പ്രതിഷേധൾക്കുമൊടുവിൽ ആകാശവാണി ഭവനിൽ കുത്തിയിരിപ്പ് സമരമായി മാറിയിരുന്നു. ആകാശവാണി ഭവനിൽനിന്ന് രാഹുലിനെയും പ്രിയങ്കയെയും കെ.സി.വേണുഗോപാലടക്കമുള്ള മറ്റു നേതാക്കളെയും രാത്രി 7:45 ഓടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രവർത്തകർ രാഹുലിന് വലയംതീർത്തെങ്കിലും പോലീസ് അദ്ദേഹത്തെ

To advertise here,

 

തിരഞ്ഞെടുപ്പ് കമ്മിഷനെ കാണാതെ സമരം അവസാനിപ്പിക്കില്ലെന്ന് രാഹുൽ പറഞ്ഞിരുന്നു. എന്നാൽ ഉടനടി കൂടിക്കാഴ്ചയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറായില്ലെന്നാണ് സൂചന. ഒരാഴ്ചയ്ക്ക് ശേഷം കാണമെന്നാണ് കമ്മിഷൻ അറിയിച്ചതായാണ് വിവരം. 300 എംപിമാർക്ക് നാളെ തന്നെ കൂടിക്കാഴ്ച നടത്താൻ സമയം അനുവദിക്കണമെന്ന് ഇന്ത്യ സഖ്യ നേതാക്കൾ ആവശ്യപ്പെട്ടു. ഇതിനിടെയാണ് പോലീസ് രാഹുലിനെയും എംപിമാരെയും അറസ്റ്റ് ചെയ്ത് നീക്കിയത്.

ആകാശവാണി ഭവനിൽ നടത്തുന്ന കുത്തിയിരിപ്പ് സമരം രാത്രിയിലും തുടരാൻ അനുവദിക്കില്ലെന്നും പിരിഞ്ഞുപോകാൻ പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടതായും പോലീസ് നേരത്തെ അറിയിച്ചിരുന്നു.

രാഹുൽ ഗാന്ധിയാണ് ചൊവ്വാഴ്ച പ്രതിപക്ഷത്തിന്റെ തെരുവു സമരത്തിന് നേതൃത്വം നൽകിയത്. നൂറുകണക്കിന് അനുയായികൾക്കും മറ്റ് പ്രതിപക്ഷ എം.പിമാർക്കുമൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച അദ്ദേഹത്തിന്റെ നീക്കം പാർലമെന്റ് സ്ട്രീറ്റിൽ പൂർണ്ണമായ സ്തംഭനാവസ്ഥ സൃഷ്ടിച്ചിരുന്നു.

പ്രവർത്തകരുടെ ആർപ്പുവിളികളിൽ ആവേശഭരിതനായ അദ്ദേഹം ഒരു ഘട്ടത്തിൽ പലതട്ടുകളായുള്ള സ്റ്റീൽ ബാരിക്കേഡുകൾക്ക് മുകളിലേക്ക് കയറിനിന്ന് ത്രിവർണ്ണ പതാക വീശി. തുടർന്ന് പോലീസ് വലയങ്ങൾ ഭേദിച്ച് ആകാശവാണി അങ്കണത്തിലേക്ക് കടന്നുകയറി. ഒമ്പത് മണിക്കൂറിലേറെ ഇവിടെ തുടർന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിൽ പോകാൻ അനുവദിക്കാതെ ഇവിടെനിന്ന് പോകില്ലെന്ന് അദ്ദേഹം പോലീസിനോട് തറപ്പിച്ച് പറഞ്ഞു.

'മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ കണ്ട് അദ്ദേഹം 'വോട്ട് ചോരി' (വോട്ട് കവർന്നു) ചെയ്തു എന്ന് പറയുക മാത്രമാണ് എനിക്ക് വേണ്ടത്. എനിക്ക് ഇവിടെ തന്നെ ഇരിക്കാം. എനിക്ക് ഇവിടെ സുഖമാണ്. ഞങ്ങൾ ഇവിടെ ഇരിക്കുന്നത് അവർക്ക് താല്പര്യമില്ലെങ്കിൽ, ഞങ്ങൾക്ക് മറ്റേതെങ്കിലും സ്ഥലം തരിക' സമരത്തിനിടെ രാഹുൽ പറഞ്ഞു.

ഇതിനിടെ കൂടിക്കാഴ്ചയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയിൽനിന്നും അപേക്ഷ ലഭിച്ചില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചു. അതേസമയം സമരം അവസാനിപ്പിക്കാൻ സർക്കാർ വൃത്തങ്ങൾ ചർച്ച പ്രിയങ്ക ഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു. ആകാശവാണിയിലെ കുത്തിയിരിപ്പ് സമരത്തിനിടെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പ്രിയങ്കയുമായി ചർച്ച നടത്തുകയുണ്ടായി. എന്നാൽ ഒത്തുതീർപ്പിന് വഴങ്ങാതിരുന്നതോടെയാണ് പോലീസ് നടപടിയുണ്ടായത്.