ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് സംഭവിച്ച എല്ലാ വീഴ്ചകളുടേയും ഉത്തരവാദിത്വം സന്തോഷത്തോടെ ഏറ്റെടുക്കാന്‍ താനൊരുക്കമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. താനില്ലാതിരുന്ന സന്ദര്‍ഭങ്ങളിലാണ് പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് നിരവധി തെറ്റുകള്‍ സംഭവിച്ചതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 1984 ല്‍ നടന്ന സിഖ് വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കോണ്‍ഗ്രസിന്റെ പങ്കിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. 

To advertise here,

രണ്ടാഴ്ച മുന്‍പ് യുഎസിലെ ബ്രൗണ്‍ സര്‍വകലാശാലയിലെ വാട്‌സണ്‍ ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ പബ്ലിക് അഫയേഴ്‌സില്‍ ചോദ്യോത്തര പരിപാടിയില്‍ പങ്കെടുക്കവെയാണ് രാഹുലിന് ഇത്തരമൊരു ചോദ്യം നേരിടേണ്ടവന്നത്. സിഖ് വിഭാഗത്തില്‍പ്പെട്ട ഒരു യുവാവാണ് ചോദ്യം ഉന്നയിച്ചത്. ഒരു സിഖുകാരനെ തലപ്പാവ് ധരിക്കാന്‍ അനുവദിക്കുമോ അതോ സിഖുകാരന് കട (സിഖുകാര്‍ ധരിക്കുന്ന ഒരിനം വള) ധരിക്കാനോ ഗുരുദ്വാരയില്‍ പോകാനോ അനുമതി ലഭിക്കുമോ എന്നതാണ് ഇന്ത്യയിലെ പ്രധാന തര്‍ക്കവിഷയം എന്ന രാഹുലിന്റെ പ്രസ്താവനയുടെ മറുപടിയായാണ് ചോദ്യമുയര്‍ന്നത്. 

"ബിജെപി ഏതുവിധത്തിലായിരിക്കുമെന്നതിനെ കുറിച്ച് താങ്കള്‍ സിഖുകാര്‍ക്കിടയില്‍ ഭയം ജനിപ്പിക്കുകയാണ്. രാഷ്ട്രീയം ഏതുവിധത്തില്‍ ഭീതിരഹിതമാകുന്നു എന്നതിനെ കുറിച്ച് താങ്കള്‍ സംസാരിച്ചു, കട ധരിക്കുന്നതോ  തലപ്പാവ് ധരിക്കുന്നതോ മാത്രമല്ല, ഞങ്ങള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമാണ് ആവശ്യം, ആ സ്വാതന്ത്ര്യം മുന്‍കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടി അനുവദിച്ചിരുന്നില്ല", സിഖ് യുവാവ് രാഹുലിനോട് പറഞ്ഞു. 

"ദളിത് അവകാശങ്ങളെ കുറിച്ചാണ് അനന്ത്പുര്‍ സാഹിബ് പ്രമേയത്തിലുള്ളത്, അതില്‍ വിഘടനവാദത്തിന്റെ അംശമേയില്ല, പക്ഷേ അക്കാലത്തെ കോണ്‍ഗ്രസ് പാര്‍ട്ടി അതിനെ വിഘടവാദരേഖയായി മുദ്രകുത്തിയിരുന്നു. ഇതാണ് താങ്കളുടെ പാര്‍ട്ടി ചെയ്തുകൊണ്ടിരുന്നത്. പാര്‍ട്ടിയുടെ ഭഗത്തുനിന്നുണ്ടാകുന്ന തെറ്റുകള്‍ അംഗീകരിക്കാനുള്ള പക്വത കോണ്‍ഗ്രസിനില്ലെന്നാണ് തോന്നുന്നത്, യുവാവ് തുടര്‍ന്നു. 1984 ലെ കലാപവുമായി ബന്ധപ്പെട്ടുണ്ടായ കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനേയും യുവാവ് പരാമര്‍ശിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇനിയും സജ്ജന്‍ കുമാറുമാരുണ്ടെന്ന് യുവാവ് കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ മതം വെളിപ്പെടുത്താന്‍ പ്രയാസം നേരിടുന്ന ഒരിന്ത്യ വേണമെന്നല്ല താന്‍ പറഞ്ഞതെന്നും സിഖുകാരെ മുറിപ്പെടുത്തുന്ന യാതൊന്നും തന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് രാഹുല്‍ ചെറുപ്പക്കാരന് മറുപടി നല്‍കി. താനില്ലാതിരുന്ന കാലത്ത് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് തെറ്റുകള്‍ ഉണ്ടായതായും അവയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ തനിക്ക് സന്തോഷമേയുള്ളൂവെന്നും രാഹുല്‍ പറഞ്ഞു. എണ്‍പതുകളില്‍ നടന്നത് തെറ്റുതന്നെയാണെന്ന് പരസ്യമായി താന്‍ സമ്മതിക്കുന്നതായും സുവര്‍ണക്ഷേത്രത്തില്‍ താന്‍ നിരവധി തവണ സന്ദര്‍ശനം നടത്തിയതായും ധാരാളം സിഖ് മതസ്ഥരുമായി തനിക്ക് നല്ല ബന്ധമുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.