ന്യൂഡല്‍ഹി: 'വോട്ട് ചോരി'യില്‍ താന്‍ നടത്തിയ വാർത്താസമ്മേളനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വെല്ലുവിളിച്ചിട്ടും മറുപടി ലഭിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ്‌ രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ അമിത് ഷാ ഉപയോഗിച്ചത് മോശം ഭാഷയാണെന്നും അദ്ദേഹം മാനസികമായി സമ്മര്‍ദത്തിലാണെന്നും അതാണ് പാര്‍ലമെന്റില്‍ കണ്ടതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

To advertise here,

''അദ്ദേഹം ഉപയോഗിച്ചത് മോശം ഭാഷയായിരുന്നു. അദ്ദേഹത്തിന്റെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ഇതെല്ലാം നിങ്ങള്‍ കണ്ടതാണ്. അദ്ദേഹം മാനസികമായി സമ്മര്‍ദത്തിലാണ്. അതാണ് പാര്‍ലമെന്റില്‍ കണ്ടത്. ഞാന്‍ പറഞ്ഞ കാര്യങ്ങളൊന്നും അദ്ദേഹം പരാമര്‍ശിച്ചില്ല. ഒരു തെളിവും നല്‍കിയില്ല. ഇതെല്ലാം ഞങ്ങള്‍ വാർത്താസമ്മേളനങ്ങളില്‍ പരസ്യമായി പറഞ്ഞിട്ടുണ്ട്. എന്റെ വാർത്താസമ്മേളനങ്ങളെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ അദ്ദേഹത്തെ നേരിട്ട് വെല്ലുവിളിച്ചു. പക്ഷേ, മറുപടി കിട്ടിയില്ല. അതിന്റെ യാഥാര്‍ഥ്യം നിങ്ങള്‍ക്കറിയാം.'' രാഹുല്‍ ഗാന്ധി പറഞ്ഞു.

കഴിഞ്ഞദിവസം ലോക്‌സഭയില്‍ നടന്ന എസ്‌ഐആര്‍ ചര്‍ച്ചയെക്കുറിച്ചായിരുന്നു രാഹുലിന്റെ പ്രതികരണം. ചര്‍ച്ചയ്ക്കിടെ അമിത് ഷായും രാഹുലും തമ്മില്‍ ലോക്‌സഭയില്‍ വാക്‌പോരും അരങ്ങേറിയിരുന്നു. ഇതിനുപിന്നാലെ എസ്‌ഐആര്‍ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ എംപിമാര്‍ ലോക്‌സഭയില്‍നിന്ന് ഇറങ്ങിപ്പോവുകയുംചെയ്തു.

അതേസമയം, ആഭ്യന്തരമന്ത്രി സംസാരിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയും ഇന്ത്യാസഖ്യത്തിലെ എംപിമാരും എന്തുകൊണ്ടാണ് ഓടിപ്പോയതെന്ന് ബിജെപി എംപി ജഗദാംബിക പാല്‍ ചോദിച്ചു. എന്തിനാണ് അദ്ദേഹം ഓടിപ്പോയത്? ഓടിപ്പോയവരെ രാജ്യം കാണുന്നുണ്ട്. രണ്ടുദിവസത്തെ ചര്‍ച്ചയ്ക്കിടെ എസ്‌ഐആറിനെക്കുറിച്ച് ഉയര്‍ന്ന എല്ലാ ചോദ്യങ്ങള്‍ക്കും അമിത് ഷാ യാഥാര്‍ഥ്യം വെളിപ്പെടുത്തി മറുപടി നല്‍കി. എസ്‌ഐആറില്‍ ചിലര്‍ കോടതിയില്‍ പോയപ്പോള്‍ എസ്‌ഐആര്‍ തടയാന്‍ ഒരു കാരണവുമില്ലെന്ന് സുപ്രീം കോടതിയും പറഞ്ഞു. പ്രതിപക്ഷം അവരുടെ പരാജയത്തിന് തിരഞ്ഞെടുപ്പ് കമ്മീഷനെയും ഇവിഎമ്മിനെയും എത്രകാലം കുറ്റപ്പെടുത്തുമെന്നും ജഗദാംബിക പാല്‍ ചോദിച്ചു.