അലഹബാദ്: ഇന്ത്യന്‍ സൈന്യത്തിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പരിധിയില്‍ വരുന്നതല്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് അലഹബാദ് ഹൈക്കോടതി.
2022-ലെ ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പരാമര്‍ശത്തില്‍ ലഖ്‌നൗ കോടതി പുറപ്പെടുവിച്ച സമന്‍സിനെതിരെ രാഹുല്‍ ഫയല്‍ ചെയ്ത ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇത്തരമൊരു വിമര്‍ശനം നടത്തിയത്. ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ഥിയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ലഖ്‌നൗവിലെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമുള്ള പ്രത്യേക കോടതി സമന്‍സ് അയച്ചത്.
ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) മുന്‍ ഡയറക്ടര്‍ ഉദയ് ശങ്കര്‍ ശ്രീവാസ്തവയുടെ പരാതിയിലായിരുന്നു ലഖ്‌നൗ കോടതി നടപടി. 2022 ഡിസംബറില്‍ ഇന്ത്യ-ചൈനീസ് സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ഇന്ത്യന്‍ സൈന്യത്തിനെതിരെ ഹീനമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. 'അരുണാചല്‍ പ്രദേശില്‍ ചൈനീസ് സൈന്യം നമ്മുടെ സൈനികരെ തല്ലിച്ചതയ്ക്കുകയാണ്. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ ഒരു ചോദ്യവും ചോദിക്കില്ല' രാഹുല്‍ ഇത്തരത്തില്‍ പരാമര്‍ശം നടത്തിയെന്നും പരാതിയില്‍ പറയുന്നു.
രാഹുലിന്റെ പ്രസ്താവന ഇന്ത്യന്‍ സൈന്യത്തെയും അതിലെ അംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും മനോവീര്യം കെടുത്തുന്നതിന് കാരണമായെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്ന ലഖ്‌നൗ കോടതി സമന്‍സ് അയച്ചത്.
ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരന്‍ ഇന്ത്യന്‍ സൈന്യത്തിലെ ഉദ്യോഗസ്ഥനല്ലെന്നും, താന്‍ പരാതിക്കാരനെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു പ്രസ്താവനയും നല്‍കിയിട്ടില്ലെന്നുമാണ് ഹൈക്കോടതിയില്‍ രാഹുല്‍ വാദിച്ചത്. എന്നാല്‍ ഹൈക്കോടതി ഈ വാദം തള്ളി. സി.ആര്‍.പി.സി.യിലെ 199(1) വകുപ്പ് പ്രകാരം, ഒരു കുറ്റകൃത്യത്തിന്റെ നേരിട്ടുള്ള ഇരയല്ലാത്ത ഒരാള്‍ക്കും, ആ കുറ്റകൃത്യം അവരെ ബാധിക്കുന്നുണ്ടെങ്കില്‍ അവരെ ഇരയായി കണക്കാക്കാം. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനിലെ വിരമിച്ച ഒരു ഡയറക്ടര്‍, ഒരു കേണലിന്റെ റാങ്കിന് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു.
ഇന്ത്യന്‍ ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നു. എന്നാല്‍ ഈ സ്വാതന്ത്ര്യം ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്, കൂടാതെ ഏതെങ്കിലും വ്യക്തിക്കോ ഇന്ത്യന്‍ സൈന്യത്തിനോ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്താനുള്ള സ്വാതന്ത്ര്യം ഇതില്‍ ഉള്‍പ്പെടുന്നില്ലെന്നും വ്യക്തമാക്കിയ ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ഥി രാഹുലിന്റെ ഹര്‍ജി തള്ളി.
Content Highlights: Free speech doesn't extend to making remarks against Indian Army: Allahabad hc to Rahul Gandhi
Published: 04 Jun 2025, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented