ന്യൂഡല്‍ഹി: സച്ചിന്‍ പൈലറ്റ് അനുകൂലികളെ ഉള്‍പ്പെടുത്തി രാജസ്ഥാന്‍ മന്ത്രിസഭാ പുനഃസംഘടന ഉടനെന്ന് സൂചന. രാജസ്ഥാനില്‍ അശോക് ഗഹലോത്തുമായി ഇടഞ്ഞുനില്‍ക്കുന്ന സച്ചിന്‍ പൈലറ്റുമായി രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച വൈകുന്നേരം നടന്ന കൂടിക്കാഴ്ച നാല്‍പ്പതു മിനിട്ടോളം നീണ്ടുനിന്നു. 

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് സച്ചിന്‍ പൈലറ്റ് രാഹുലും പ്രിയങ്കയുമായി കൂടിക്കാഴ്ച നടത്തുന്നത്. അടുത്തകൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിന്റെ ചുമതല സച്ചിനെ ഏല്‍പിക്കാന്‍ നേതൃത്വം താല്‍പര്യപ്പെടുന്നുണ്ടെന്നാണ് വിവരം. സച്ചിനെ പിന്തുണയ്ക്കുന്നവരെ ഉള്‍പ്പെടുത്തി രാജസ്ഥാന്‍ കാബിനറ്റ് പുനഃസംഘടിപ്പിക്കുമെന്ന് നേതാക്കളുടെ കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം രാജസ്ഥാനില്‍ തുടരാനും മുഖ്യമന്ത്രിപദം ഉറപ്പാക്കാനുമുള്ള നീക്കത്തിലാണ് സച്ചിനെന്നാണ് സൂചനകള്‍. അയല്‍സംസ്ഥാനമായ പഞ്ചാബില്‍ നേതൃമാറ്റം നടപ്പാക്കിയതിന് ദിവസങ്ങള്‍ക്കു ശേഷമാണ് സച്ചിന്‍-രാഹുല്‍-പ്രിയങ്ക കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്. നാലുമാസത്തിനപ്പുറം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബില്‍, അമരീന്ദര്‍ സിങ്ങിനെ മാറ്റി പുതിയ മുഖ്യമന്ത്രിയെ നിയമിച്ചതിനു സമാനമായ നീക്കം ഛത്തീസ്ഗഢിലും രാജസ്ഥാനിലും നടപ്പാക്കാന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നാതായി റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. 

ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സച്ചിന്‍ നേതൃത്വം നല്‍കുമോ ഇല്ലയോ എന്ന കാര്യം വ്യക്തമല്ലെങ്കിലും രാജസ്ഥാന്‍ മുഖ്യമന്ത്രിസ്ഥാന മോഹം കൈവിടാന്‍ അദ്ദേഹം തയ്യാറല്ലെന്നാണ് വിവരം. സംസ്ഥാനത്ത് കൂടുതല്‍ മികച്ച അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സച്ചിന്‍ കഴിഞ്ഞകൊല്ലം പാര്‍ട്ടിയില്‍ കലാപം സൃഷ്ടിച്ചിരുന്നു.  തുടര്‍ന്ന് വിമത എം.എല്‍.എമാരുമായി സച്ചിന്‍ ഡല്‍ഹിയില്‍ എത്തുകയും ചെയ്തിരുന്നു. സച്ചിന്‍ അനുകൂല എം.എല്‍.എമാര്‍ക്ക് പുനഃസംഘടനയില്‍ മന്ത്രിസ്ഥാനം ലഭിക്കുന്നപക്ഷം അദ്ദേഹത്തിന്റെ ആവശ്യങ്ങളില്‍ പാതി നിറവേറ്റപ്പെടും.

സച്ചിന്‍ അനുകൂലികളെ കാബിനറ്റില്‍ ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി അശോക് ഗെഹലോത്തിനു മേല്‍ കുറച്ചുകാലമായി സമ്മര്‍ദം തുടരുകയാണ്. മാറ്റങ്ങള്‍ കൊണ്ടുവരാമെന്ന് സച്ചിന്‍ പൈലറ്റിന് നേതൃത്വം ഉറപ്പുനല്‍കിയിരുന്നെങ്കിലും ഇതുവരെ ഈ നീക്കത്തെ ഗെഹലോത്ത് പ്രതിരോധിച്ചുവരികയായിരുന്നു. 

content highlights: rahul gandhi and priyanka gandhi meets sachin pilot, leadership change likely in rajastan