
ചണ്ഡീഗഢ്: 'ഈ ഗ്രാമത്തിൽ താമസിക്കുന്ന യുവതീ യുവാക്കളെല്ലാം പരസ്പരം സഹോദരങ്ങളെപോലെ കാണണം, ഇനിമേൽ ഇവിടെ പ്രണയവിവാഹം പാടില്ല' - സിനിമാ ഡയലോഗല്ല, ഇങ്ങനെയൊരു 'നിയമം' തന്നെ പാസാക്കിയിരിക്കുകയാണ് ഹരിയാണയിലെ ഹിസാർ ജില്ലയിലുള്ള ആര്യനഗർ ഗ്രാമവാസികൾ. ഗ്രാമത്തിൽ നടന്ന ചില പ്രണയവിവാഹങ്ങൾക്ക് പിന്നാലെ ആയിരത്തോളം പേർ പങ്കെടുത്ത യോഗത്തിലാണ് ഗ്രാമത്തിലെ കൂട്ടായ്മ ഇങ്ങനെയൊരു കർശനമായ നിലപാട് സ്വീകരിച്ചത്.
തങ്ങളുടെ സാമൂഹിക വ്യവസ്ഥിതി നിലനിർത്തുന്നതിനായാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് ഗ്രാമത്തിലെ ജനങ്ങളുടെ വാദം. ഇത്തരം വിവാഹങ്ങളിൽ ഏർപ്പെടുന്ന ദമ്പതികളെ ഗ്രാമത്തിൽ താമസിക്കാൻ അനുവദിക്കില്ലെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. അതേസമയം, ഇത് ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക ഉത്തരവല്ലെന്നും, മറിച്ച് പെൺമക്കളുടെ സംരക്ഷണം മുൻനിർത്തി ജനങ്ങൾ കൂട്ടായെടുത്ത തീരുമാനമാണെന്നും പ്രാദേശിക രാഷ്ട്രീയ നേതാക്കൾ വ്യക്തമാക്കി.
ഈ തീരുമാനത്തിന് ഗ്രാമവാസികളുടെ ഭാഗത്തുനിന്നും പൂർണമായ പിന്തുണ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാനും വീടുകൾ തോറും സർവേ നടത്താനും ഗ്രാമത്തിലുള്ളവർ പദ്ധതിയിടുന്നുണ്ട്. നിലവിൽ ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നൽകാൻ ഗ്രാമത്തലവൻ തയ്യാറായിട്ടില്ല. ഗ്രാമത്തിൽ അടുത്തിടെ നടന്ന മൂന്ന് പ്രണയവിവാഹങ്ങളെ തുടർന്നാണ് ഈ തീരുമാനം. ഇതിൽ രണ്ടെണ്ണം വെവ്വേറെ ജാതിയിൽപ്പെട്ടവർ തമ്മിലും ഒരെണ്ണം ഒരേ ജാതിയിൽപ്പെട്ടവർ തമ്മിലുമായിരുന്നു.
പിന്നാലെയാണ്, പരമ്പരാഗത മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ഗ്രാമത്തിനുള്ളിൽ വിവാഹം കഴിക്കുന്ന ദമ്പതികൾക്ക് 'സാമൂഹിക ബഹിഷ്‌കരണം' ഏർപ്പെടുത്തണമെന്നും, അവരെ ഗ്രാമത്തിൽ ജീവിക്കാൻ അനുവദിക്കില്ലെന്നും ആയിരത്തോളം വരുന്ന ഗ്രാമവാസികൾ തീരുമാനമെടുത്തത്. ഒരേ ഗ്രാമത്തിനുള്ളിലെ വിവാഹങ്ങൾ ഗ്രാമത്തിന്റെ 'സാമൂഹിക ഘടനയെ' തകർക്കുമെന്നാണ് നാട്ടുകാർ അവകാശപ്പെടുന്നത്.
പാരമ്പര്യമായി, ഒരേ ഗ്രാമത്തിൽ ജനിച്ചുവളരുന്ന ആൺകുട്ടികളെയും പെൺകുട്ടികളെയും സഹോദരീ-സഹോദരന്മാരായാണ് കരുതുന്നത്. അതുകൊണ്ടുതന്നെ അവർ തമ്മിലുള്ള വിവാഹം അംഗീകരിക്കാനാവില്ല എന്ന നിലപാടിലാണ് ഗ്രാമത്തിലെ മുതിർന്നവർ. ഈ പ്രമേയം ലംഘിക്കാൻ തീരുമാനിച്ചാൽ, ദമ്പതികളെ ഗ്രാമത്തിനുള്ളിൽ താമസിക്കാൻ അനുവദിക്കില്ലെന്നാണ് മുന്നറിയിപ്പ്.
ദമ്പതികളുടെ കുടുംബങ്ങൾക്കും അവർക്ക് അഭയമോ സാമ്പത്തിക സഹായമോ നൽകുന്ന മറ്റെല്ലാവർക്കും ഈ വിലക്ക് ബാധകമായിരിക്കും, അവരെയും ഗ്രാമത്തിൽ നിന്ന് ഒറ്റപ്പെടുത്തുമെന്നും ഭീഷണിയുണ്ട്. ഹരിയാണയിലും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും ഒരേ ഗ്രാമത്തിനുള്ളിലോ ഒരേ ഗോത്രത്തിനുള്ളിലോ ഉള്ള വിവാഹങ്ങൾക്കെതിരെ ഖാപ് പഞ്ചായത്തുകൾ ഇത്തരത്തിലുള്ള ഉത്തരവുകൾ നേരത്തേയും പുറപ്പെടുവിച്ചിട്ടുണ്ട്.
മുൻ അനുഭവങ്ങൾ എടുത്തുനോക്കിയാൽ, ഇത്തരം ഉത്തരവുകൾ ലംഘിക്കുന്നതിന്റെ അനന്തരഫലങ്ങൾ വളരെ രൂക്ഷമായിരുന്നു. ദമ്പതികളെ വീടുകളിൽ നിന്ന് നിർബന്ധിച്ച് പുറത്താക്കുകയും, കുടുംബങ്ങൾക്ക് ഗ്രാമത്തിലെ വെള്ളം, മറ്റ് വിഭവങ്ങൾ, സാമൂഹിക കൂട്ടായ്മകൾ എന്നിവ നിഷേധിക്കുകയും ചെയ്തിരുന്നു. ചില സംഭവങ്ങളിൽ, സന്തോഷത്തോടെ ജീവിക്കുന്ന ദമ്പതികളെ പരസ്പരം സഹോദരീ-സഹോദരന്മാരായി സ്വീകരിക്കാനോ വിവാഹമോചനം നേടാനോ ഈ കൂട്ടായ്മകൾ നിർബന്ധിച്ചിട്ടുണ്ട്.
ഏറ്റവും മോശമായ സന്ദർഭങ്ങളിൽ, ഗ്രാമത്തിലെ നേതാക്കൾ ചേർന്നുള്ള കൗൺസിൽ പുറപ്പെടുവിക്കുന്ന ഇത്തരം പ്രാദേശിക ഉത്തരവുകൾ ലംഘിക്കുന്നത് ക്രൂരമായ മർദ്ദനങ്ങൾക്കും ദുരഭിമാന കൊലപാതകങ്ങൾക്കും വരെ വഴിതെളിച്ചിട്ടുണ്ട്. അതേസമയം, ഇത്തരം പ്രവർത്തികൾ നിയമനടപടികൾക്കും വഴിതെളിച്ചിട്ടുണ്ട്. പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ തമ്മിലുള്ള വിവാഹം തടസപ്പെടുത്താൻ ഖാപ്പുകളോ മറ്റ് കൂട്ടായ്മകളോ നടത്തുന്ന ഏതൊരു ഇടപെടലും 'തികച്ചും നിയമവിരുദ്ധമാണ്' എന്ന് 2018-ൽ സുപ്രീം കോടതി വിധിയുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം പ്രായപൂർത്തിയായ വ്യക്തികൾക്ക് തങ്ങളുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ മൗലികാവകാശമുണ്ടെന്ന് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം സാമൂഹിക പഞ്ചായത്തുകൾക്കോ ഖാപ്പുകൾക്കോ അവർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾക്കോ ഇന്ത്യയിൽ നിയമപരമായ യാതൊരു സാധുതയുമില്ല.
ഖാപ് പഞ്ചായത്തുകളുടെ ഇത്തരം ഉത്തരവുകൾക്ക് നിയമപരമായ സാധുതയില്ലാത്തതിനാൽ, ദമ്പതികൾക്ക് പോലീസിന്റെ സഹായം തേടാൻ അവകാശമുണ്ട്. ഹിസാർ ജില്ലയിലെ ഈ പുതിയ 'ഉത്തരവ്' സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതോടെ പ്രാദേശിക പോലീസ് ഇടപെട്ടിട്ടുണ്ട്.
ഹിസാർ ഗ്രാമത്തിൽ നടന്ന ഈ വിവാദ ഈ യോഗത്തിന്റെ തീരുമാനത്തിൽ നിന്ന് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തും സർപഞ്ചും അകലം പാലിച്ചിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട ദമ്പതിമാർക്ക് പൂർണ സുരക്ഷ ഉറപ്പുനൽകിയിട്ടുണ്ടെന്ന് ഹിസാർ പോലീസും വ്യക്തമാക്കുന്നു.
Content Highlights: In Haryana's Hisar district, Aryanagar village residents have passed a rule prohibiting love marriages, urging young men and women to see each other as siblings. This decision was made in a meeting attended by around a thousand villagers, following some recent love marriages in the village.
Published: 22 Sept 2026, 08:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented