ലുധിയാന: ആംആദ്മി പാർട്ടിയിൽ ആഭ്യന്തരകലഹം തുടരുന്നതിനിടെ രാഘവ് ഛദ്ദ എം.പി.യുടെ 'ഇസഡ് പ്ലസ്(Z+)' കാറ്റഗറി സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ. ബുധനാഴ്ചയാണ് പഞ്ചാബിലെ ആംആദ്മി സർക്കാർ ഇതുസംബന്ധിച്ച് നിർദേശം നൽകിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു.

To advertise here,

രാഘവ് ഛദ്ദയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പോലീസുകാരോടും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരോടും എത്രയും വേഗം പോലീസ് ആസ്ഥാനത്ത് തിരികെയെത്തി റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശം. ഇതോടെയാണ് രാഘവ് ഛദ്ദയുടെ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ പിൻവലിച്ചെന്ന വിവരവും പുറത്തായത്. അതേസമയം, ഇതുസംബന്ധിച്ച കൂടുതൽവിവരങ്ങൾ ലഭ്യമായിട്ടില്ല.

രാഘവ് ഛദ്ദയെ രാജ്യസഭയിലെ പാർട്ടിയുടെ ഉപനേതാവ്‌ സ്ഥാനത്തുനിന്ന് ആംആദ്മി പാർട്ടി നീക്കംചെയ്തതോടെയാണ് പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾ പുറത്തായത്. അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായപ്പോൾ രാഘവ് ഛദ്ദ അദ്ദേഹത്തെ പ്രതിരോധിച്ച് സംസാരിച്ചില്ലെന്നും പ്രധാനമന്ത്രി മോദിയെ രാഘവ് ഛദ്ദയ്ക്ക് ഭയമാണെന്നുമായിരുന്നു ആംആദ്മി നേതാക്കളുടെ വിശദീകരണം. തുടർന്ന് രാഘവ് ഛദ്ദയ്ക്ക് പകരം അശോക് മിത്തലിന് രാജ്യസഭയിൽ പാർട്ടിയുടെ ഉപനേതാവിന്റെ ചുമതലയും നൽകി. എന്നാൽ, ഇതിനുപിന്നാലെ രാഘവ് ഛദ്ദ സാമൂഹികമാധ്യമങ്ങളിലൂടെ ശക്തമായ പ്രതികരണം നടത്തി. പഞ്ചാബിനായി രാജ്യസഭയിൽ ശബ്ദമുയർത്തിയില്ലെന്ന ആംആദ്മി നേതാക്കളുടെ ആരോപണത്തിനും കടുത്ത ഭാഷയിലാണ് രാഘവ് ഛദ്ദ പ്രതികരിച്ചത്. ഇതിനിടെ, രാഘവ് ഛദ്ദ ബിജെപിയിലേക്ക് പോകുമെന്നും അഭ്യൂഹങ്ങളുണ്ടായി.

2012 മുതൽ ആംആദ്മി പാർട്ടിയിൽ സജീവമായുള്ള നേതാവാണ് രാഘവ് ഛദ്ദ. ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലടക്കം അദ്ദേഹം പ്രധാന പങ്കുവഹിച്ചിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റായ രാഘവ് ഛദ്ദ ആംആദ്മിയുടെ ദേശീയ വക്താവായി ടിവി ചർച്ചകളിലടക്കം തിളങ്ങി. 2015-ൽ ഡൽഹിയിൽ ആംആദ്മി അധികാരത്തിലെത്തിയതിന് പിന്നാലെ 26-കാരനായിരുന്ന രാഘവ് ഛദ്ദയെ പാർട്ടിയുടെ ദേശീയ ട്രഷററായി നിയമിച്ചു. 2019-ൽ സൗത്ത് ഡൽഹിയിൽനിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2020-ൽ പാർട്ടി അദ്ദേഹത്തിന് പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിന്റെ ചുമതല നൽകി. തുടർന്ന് പഞ്ചാബിൽ 92 സീറ്റ് നേടി ആംആദ്മി അധികാരം പിടിക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. 2020-ൽ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ രജീന്ദർ നഗർ മണ്ഡലത്തിൽനിന്ന് രാഘവ് ഛദ്ദ തിരഞ്ഞെടുക്കപ്പെട്ടു. 2022-ൽ പഞ്ചാബിയിൽനിന്ന് അദ്ദേഹം രാജ്യസഭാംഗമായി.

സാധാരണക്കാരെ ബാധിക്കുന്ന, അധികമാരും ഉന്നയിക്കാത്ത ഒട്ടേറെ പ്രശ്‌നങ്ങളാണ് രാജ്യസഭയിൽ രാഘവ് ഛദ്ദ ഉന്നയിച്ചിരുന്നത്. അച്ഛനാകുന്നവർക്ക് ഭാര്യയെയും കുഞ്ഞിനെയും പരിചരിക്കാനായുള്ള അവധി, നഗരങ്ങളിലെ ഗതാഗതക്കുരുക്ക്, വിമാനക്കമ്പനികൾ അധിക ബാഗേജിന് ഈടാക്കുന്ന ഉയർന്ന ഫീസ്, മൊബൈൽ കമ്പനികളുടെ 28 ദിവസത്തെ റീച്ചാർജ് സംവിധാനം, മിനിമം ബാലൻസില്ലാത്തതിന് ബാങ്കുകൾ ഈടാക്കുന്ന പിഴ, പഴച്ചാറെന്ന പേരിൽ പഞ്ചസാരവെള്ളം വിൽക്കുന്നുവെന്ന ആരോപണം തുടങ്ങിയ നിരവധി വിഷയങ്ങൾ അദ്ദേഹം രാജ്യസഭയിൽ ഉന്നയിച്ചിരുന്നു. ഡെലിവറി ജീവനക്കാരെ സമ്മർദത്തിലാക്കുന്ന 'പത്തുമിനിറ്റ് ഡെലിവറി' നയത്തിനെതിരേയും രാഘവ് ഛദ്ദ ശബ്ദമുയർത്തി.