ചണ്ഡീഗഢ്: പരീക്ഷാ ക്രമക്കേടുകളെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ച പശ്ചാത്തലത്തിൽ, പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയുടെ രാജി സംബന്ധിച്ച് ചോദ്യവുമായി നടി ശ്വേത തിവാരി. പഞ്ചാബിലെ ഹൈടെക് ഫാർമസി പരീക്ഷാ തട്ടിപ്പ് വിഷയത്തിൽ കോക്രോച്ച് ജനതാ പാർട്ടി (CJP) എപ്പോഴാണ് ഇടപെടാൻ പോകുന്നത് എന്നാണ് സിജെപി നേതാവ് അഭിജീത് ദിപ്കെയുടെ വീഡിയോ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചുകൊണ്ട് ശ്വേത ചോദിച്ചത്.

To advertise here,

ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ വിവാദവും മുൻനിർത്തി സിജെപിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടന്ന ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളാണ് കേന്ദ്ര മന്ത്രിയുടെ രാജിയിലേക്ക് നയിച്ചത്. ശനിയാഴ്ച ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നതിന് രണ്ട് ദിവസം മുമ്പ്, പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹർജോത് സിങ് ബെയ്ൻസ് രാജി സന്നദ്ധത അറിയിച്ചിരുന്നു.

2026 ജൂലൈ 19-ന് ബാബ ഫരീദ് യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (BFUHS) നടത്തിയ ഫാർമസി ഓഫീസർ റിക്രൂട്ട്മെന്റ് പരീക്ഷയ്ക്കിടെ നടന്ന ഹൈടെക് തട്ടിപ്പാണിത്. പരീക്ഷയ്ക്ക് ദിവസങ്ങൾക്ക് മുമ്പ് ചോദ്യപേപ്പർ മോഷ്ടിക്കുന്നതിന് പകരം, പരീക്ഷാ സമയത്ത് തന്നെ തത്സമയം ചോദ്യങ്ങൾ ചോർത്തുന്ന 'ലൈവ് ബ്രീച്ച്' (live breach) രീതിയാണ് ഇവിടെ ഉപയോഗിക്കപ്പെട്ടത്.

ഫരീദ്ക്കോട്ട്, കോട്കപുര, ഫിറോസ്പുർ എന്നിവിടങ്ങളിലെ പരീക്ഷാ ഹാളുകളിൽ മൈക്രോ ക്യാമറകളുള്ള സ്മാർട്ട് പേനകൾ ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾ ചോദ്യപേപ്പർ ഫോട്ടോ എടുക്കുകയും മിനിറ്റുകൾക്കകം വാട്ട്സ്ആപ്പ് വഴി പുറത്തേക്ക് അയക്കുകയും ചെയ്തു. ഈ ചിത്രങ്ങൾ ഫരീദ്ക്കോട്ടിലെ തട്ടിപ്പുസംഘത്തിന്റെ പ്രധാന കൺട്രോൾ റൂമിലേക്കും അവിടെ നിന്ന് ഹരിയാനയിലെ ഭിവാനിയിലുള്ള 'സോൾവർമാർക്കും' (solvers) അയച്ചുകൊടുക്കപ്പെട്ടു.

ചോദ്യങ്ങൾ പരിഹരിച്ച ശേഷം, ഉദ്യോഗാർത്ഥികൾക്ക് ബ്ലൂടൂത്ത് ഇയർപീസുകൾ വഴി ഉത്തരങ്ങൾ പറഞ്ഞു നൽകുന്നതാണ് പിന്നീട് കാണാനായത്. ചെവിക്കുള്ളിലോ തലപ്പാവിലോ അടിവസ്ത്രങ്ങളിലോ ഒളിപ്പിച്ച നിലയിലായിരുന്നു ഈ ഉപകരണങ്ങൾ. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ് പോലീസും ബിഎഫ്‌യുഎച്ച്എസ് സ്‌ക്വാഡും ചേർന്ന് ഏഴ് സൂത്രധാരന്മാരും 28 ഉദ്യോഗാർത്ഥികളും ഉൾപ്പെടെ 35 പേരെ അറസ്റ്റ് ചെയ്തു.

ഇവരിൽനിന്നായി 27 വയർലെസ് ഉപകരണങ്ങൾ, സ്‌പൈ പേനകൾ, സിം കാർഡുകൾ, 3.5 ലക്ഷം മുതൽ 13 ലക്ഷം രൂപ വരെയുള്ള ചെക്കുകൾ എന്നിവയും കണ്ടെടുത്തു. പിന്നാലെയാണ്, വിഷയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹർജോത് സിങ് ബെയ്ൻസ് തന്റെ രാജി സന്നദ്ധത അറിയിച്ചത്. 'എന്റെ രാജി വിദ്യാഭ്യാസ സമ്പ്രദായത്തെ മെച്ചപ്പെടുത്തുമെങ്കിൽ, ഞാൻ ഏത് സമയത്തും തയ്യാറാണ്.' അദ്ദേഹം പറഞ്ഞു.

പഞ്ചാബിലെ കോൺഗ്രസും ബിജെപിയും ഈ സംഭവത്തെ സംസ്ഥാന സർക്കാരിന്റെ പരാജയമായി പ്രഖ്യാപിക്കുകയും മന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഈ വിഷയം ഒരു വ്യവസ്ഥാപിത സ്ഥാപനപരമായ ചോർച്ചയല്ല (systemic institutional leak), മറിച്ച് ഹൈടെക് കോപ്പിയടിയാണെന്ന് ബെയ്സ് വ്യക്തമാക്കി. വിഷയം ഒതുക്കിതീർക്കാൻ ശ്രമിക്കുന്നതിന് പകരം തന്റെ ഭരണകൂടം സജീവമായി ഇടപെട്ട് കോപ്പിയടിക്കാരെ പിടികൂടുകയും റാക്കറ്റിനെ തകർക്കുകയും ചെയ്തുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

അതേസമയം, തങ്ങളുടെ വിജിലന്റ് സ്‌ക്വാഡുകൾ തത്സമയം തന്നെ ഈ തട്ടിപ്പ് പിടികൂടിയത് ഭരണകൂടം ഇത്തരം ശൃംഖലകളെ സജീവമായി തടയുന്നു എന്നതിന് തെളിവാണ് എന്നായിരുന്നു ഭരണകക്ഷിയായ എഎപിയുടെ അവകാശവാദം. 'ആം ആദ്മി പാർട്ടി (AAP) സർക്കാർ രൂപീകരിച്ചിട്ട് നാലര വർഷമായി. പഞ്ചാബിൽ ഇതുവരെ ഒരു പേപ്പർ പോലും ചോർന്നിട്ടില്ല.' എന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ ഞായറാഴ്ച പറഞ്ഞത്.

'രണ്ട് സ്ഥലങ്ങളിൽ നിന്ന് കോപ്പിയടിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഞങ്ങൾക്ക് ലഭിച്ചിരുന്നു. അവർ ബ്ലൂടൂത്ത് പേന ഉപയോഗിച്ച് പേപ്പറുകൾ ഡിജിറ്റലായി സ്‌കാൻ ചെയ്ത് പുറത്തേക്ക് അയക്കുകയായിരുന്നു. അവർക്ക് ആവശ്യമായ ഉത്തരങ്ങൾ പുറത്തുനിന്ന് ലഭിക്കുന്നുണ്ടായിരുന്നു. പരീക്ഷ തുടങ്ങി പത്ത് മിനിറ്റിനുള്ളിൽ തന്നെ അകത്ത് കോപ്പിയടിച്ച വിദ്യാർത്ഥികളെയും പുറത്തുനിന്ന് ഇതിന് സഹായിച്ചവരെയും പിടികൂടി.' മൻ വ്യക്തമാക്കി.

'ഒരു പേപ്പറിന് 3-5 ലക്ഷം രൂപ വരെയാണ് ഇവർ വാങ്ങിയിരുന്നത്. അവരെയും പിടികൂടി ജയിലിലടച്ചു. ആകെ 21 പേരെ പിടികൂടി ജയിലിലടച്ചു.' മൻ പറഞ്ഞു. അതേസമയം, മെഡിക്കൽ റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങളിലെ ക്രമക്കേടുകളുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പഞ്ചാബ് ആരോഗ്യ-വിദ്യാഭ്യാസ മന്ത്രി ഡോ. ബൽബീർ സിങ് രാജി വെക്കണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

പിന്നാലെയാണ്, സെലക്ടീവ് പൊളിറ്റിക്കൽ ഔട്ട്‌റേജിനെക്കുറിച്ചും വിവിധ സംസ്ഥാന സർക്കാരുകളിലെ തുല്യമായ ഉത്തരവാദിത്തത്തെക്കുറിച്ചും വൈറലായ ചർച്ചകൾക്ക് തുടക്കമിട്ടുകൊണ്ട് ശ്വേത തിവാരിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി പ്രത്യക്ഷപ്പെട്ടത്. 'ഇനി, പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി എപ്പോഴാണ് രാജി വെക്കുന്നത്? നിങ്ങൾ എപ്പോഴാണ് അവിടെ പ്രതിഷേധിക്കുന്നത്, കോക്രോച്ച് ജനതാ പാർട്ടി?' എന്നായിരുന്നു ശ്വേതയുടെ ചോദ്യം.