ന്യൂഡൽഹി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണനെ കാവ്യാത്മകമായ വാക്ചാതുര്യത്തോടെ സ്വാഗതം ചെയ്ത് ആം ആദ്മി പാർട്ടി(എഎപി) എംപി രാഘവ് ഛദ്ദ. സഭാ നേതാവ് ജഗത് പ്രകാശ് നഡ്ഡ അവതരിപ്പിച്ച പതിവ് നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കവെയായിരുന്നു സഭയെ ഒന്നടങ്കം വികാരാധീനരാക്കിയ വരികളോടെ രാഘവ് ഛദ്ദ സ്വാഗതമരുളിയത്.

To advertise here,

നീണ്ടുനിന്ന അന്ധകാരത്തിനുശേഷം ഉദിക്കുന്ന സൂര്യൻ, കൊടുങ്കാറ്റിലുലഞ്ഞ കപ്പൽ ഒടുവിൽ തീരമണയുന്നത്, കഠിനമായ ഉഷ്ണതരംഗത്തിന് ശേഷമുള്ള ആദ്യ മഴത്തുള്ളി എന്നൊക്കെ രാധാകൃഷ്ണന്റെ വരവിനെ ഛദ്ദ വിശേഷിപ്പിച്ചു. ചരിത്രത്തിന്റെ മനോഹരമായ ഒരു ചാക്രികതയും ഛദ്ദ ചൂണ്ടിക്കാട്ടി. പുതിയ സഭാധ്യക്ഷൻ ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും 1952-ലെ രാജ്യസഭയുടെ പ്രഥമ ചെയർമാനുമായിരുന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണനുമായി തന്റെ പേര് പങ്കിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എഴുപത്തിമൂന്ന് വർഷത്തിനുശേഷം വിധി മറ്റൊരു രാധാകൃഷ്ണനെ അതേ കസേരയിൽ എത്തിച്ചിരിക്കുന്നുവെന്നും ഛദ്ദ കൂട്ടിച്ചേർത്തു. രാഷ്ട്രീയപരമോ പ്രത്യയശാസ്ത്രപരമോ ഭിന്നതകളുള്ളവർ പോലും പുതിയ അധ്യക്ഷനെ 'അജാതശത്രു' അഥവാ ശത്രുക്കളില്ലാത്തവൻ എന്ന് വിശേഷിപ്പിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

"ഈ സഭ ഒരു യുദ്ധക്കളമായിട്ടല്ല, ഒരു കുടുംബമായി അനുഭവപ്പെടണം. ഏറ്റവും പ്രായം കുറഞ്ഞ ശബ്ദങ്ങൾക്കും പുതിയ അംഗങ്ങൾക്കും അങ്ങയുടെ മാർഗ്ഗനിർദ്ദേശത്തിൽ സംസാരിക്കാനും വളരാനും കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," ഛദ്ദ പറഞ്ഞപ്പോൾ ഭരണ-പ്രതിപക്ഷ ബെഞ്ചുകളിൽ നിന്ന് ഒരുപോലെ അഭിനന്ദനങ്ങൾ ഉയർന്നു. "ചില ആളുകൾ അവർ വഹിക്കുന്ന പദവികൾ കൊണ്ട് അറിയപ്പെടുന്നു; മറ്റുചിലർ അവർ ഇരിക്കുന്ന പദവികൾക്ക് അമരത്വവും പ്രൗഢിയും നൽകുന്നു. അങ്ങ് രണ്ടാമത്തെ ഗണത്തിൽപ്പെടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, സർ.", ഛദ്ദ ഇത് പറഞ്ഞപ്പോൾ സഭയിൽ കരഘോഷം നീണ്ടു.

പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, ധനമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെയുള്ള മുതിർന്ന അംഗങ്ങൾ എന്നിവർ ഇത് അംഗീകരിച്ച് തലയാട്ടി. പ്രതിപക്ഷ പ്രസംഗങ്ങളെ അപൂർവ്വമായി മാത്രം അഭിനന്ദിക്കുന്ന ബിജെപി അംഗങ്ങൾ പോലും ഡെസ്കിലടിച്ച് പ്രോത്സാഹനം നൽകി.

ഹ്രസ്വമായി മറുപടി പറഞ്ഞ രാധാകൃഷ്ണൻ, ഹൃദയസ്പർശിയായ വാക്കുകൾക്ക് ഛദ്ദയ്ക്ക് നന്ദി പറയുകയും നിഷ്പക്ഷതയോടും അന്തസ്സോടും വാത്സല്യത്തോടും കൂടി സഭയെ നയിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. "പഞ്ചാബിൽ നിന്നുള്ള അംഗത്തിന്റെ കാവ്യാത്മകപ്രതിഭയുമായി എനിക്ക് കിടപിടിക്കാനായേക്കില്ല, പക്ഷേ അദ്ദേഹം പ്രകടിപ്പിച്ച വിശ്വാസത്തിനൊത്ത് ഉയരാൻ ഞാൻ തീർച്ചയായും ശ്രമിക്കും", അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു.