തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ രണ്ടു ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ച രാത്രി ഏഴിന് തിരുവനന്തപുരത്തെത്തും. വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി രാത്രി 7.20-ന് പാളയം എൽഎംഎസ് കോമ്പൗണ്ടിൽ നടക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റിൽ മുഖ്യാതിഥിയാകും.
തുടർന്ന് ലോക്ഭവനിൽ താമസിക്കുന്ന ഉപരാഷ്ട്രപതി 30-ന് രാവിലെ 10-ന് വർക്കല ശിവഗിരിയിൽ 93-ാമത് ശിവഗിരി തീർഥാടനസമ്മേളനം ഉദ്ഘാടനം ചെയ്യും.
തിരിച്ച് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്ത് എത്തി 12.05-ന് മാർ ഇവാനിയോസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.25-ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഉപരാഷ്ട്രപതി തിരികെ പോകും.
ശിവഗിരി മഹാതീർഥാടനത്തിന് നാളെ തുടക്കം
93-ാമത് ശിവഗിരി മഹാതീർഥാടനത്തിന് ചൊവ്വാഴ്ച തുടക്കമാകും. 30-ന് രാവിലെ 7.30-ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധർമപതാക ഉയർത്തും. രാവിലെ 9.30-ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ തീർഥാടനം ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസങ്ങളിലായി 14 സമ്മേളനങ്ങൾ തീർഥാടനത്തിന്റെ ഭാഗമായി നടക്കും.
തീർഥാടകരെ വരവേൽക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. തീർഥാടനത്തിന്റെ ഔദ്യോഗിക പദയാത്രകൾ തിങ്കളാഴ്ച വൈകീട്ട് ശിവഗിരിയിൽ സംഗമിക്കും. മറ്റു പദയാത്രകൾ ശിവഗിരിയിലേക്ക് എത്തിത്തുടങ്ങി. വിവിധ പദയാത്രകളിലായി ആയിരങ്ങൾ ശിവഗിരിയിലെത്തിച്ചേരും.
തീർഥാടനകാലം ആരംഭിച്ച 15മുതൽ ശിവഗിരിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മഹാസമാധിയിലും ശാരദാമഠത്തിലും വൈദികമഠത്തിലും പ്രാർഥനയ്ക്കു തിരക്കേറി. സ്ഥിരം തീർഥാടനപ്പന്തലിൽ 10000 പേർക്ക് ഒരേസമയം സമ്മേളനങ്ങൾ വീക്ഷിക്കാവുന്ന രീതിയിലാണ് പ്രധാന വേദി സജ്ജീകരിക്കുന്നത്. തീർഥാടകർക്ക് ഭക്ഷണം നൽകുന്നതിന് ശിവഗിരി മഠം ബുക്ക് സ്റ്റാളിനു പിന്നിൽ വിശാലമായ പന്തൽ ഒരുക്കിയിട്ടുണ്ട്. ശിവഗിരിയും പരിസരവും വീഥികളും ശിവഗിരി സ്ഥാപനങ്ങളും വൈദ്യുതദീപങ്ങളാൽ അലങ്കരിച്ചു.
തീർഥാടനകാല പരിപാടികളുടെ ഭാഗമായി സമ്മേളനങ്ങളും കലാപരിപാടികളും നടന്നുവരുന്നു.
കാർഷിക വ്യാവസായിക പ്രദർശനം, വാണിജ്യമേള, വിവിധ സ്റ്റാളുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. നഗരസഭയുടെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിലും തീർഥാടന ഒരുക്കങ്ങൾ പൂർത്തിയായി.
ശിവഗിരിയിലേക്കുള്ള വീഥികളിലെല്ലാം തീർഥാടകർക്ക് സ്വാഗതമോതി കമാനങ്ങൾ ഉയർന്നിട്ടുണ്ട്. പ്രധാന ജങ്ഷനുകൾ കൊടിതോരണങ്ങളാൽ അലങ്കരിച്ചിട്ടുമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ടൂറിസ്റ്റ് ബസുകളിലും മറ്റു വാഹനങ്ങളിലുമായി തീർഥാടകർ എത്തുന്നുണ്ട്.
രാത്രി പ്രധാന വേദിയിൽ നടന്നുവരുന്ന കലാപരിപാടികൾ വീക്ഷിക്കാനും നല്ല തിരക്കാണ്. ഉപരാഷ്ട്രപതി എത്തുന്നതിനാൽ വലിയ സുരക്ഷയാണ് തീർഥാടനത്തിന് ഒരുക്കുന്നത്.
പാപനാശം ഹെലിപ്പാടിലാണ് ഉപരാഷ്ട്രപതി എത്തുന്നത്. ട്രയൽ റൺ ഞായറാഴ്ച നടന്നു. തിങ്കളാഴ്ചയും നടക്കും. സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗവും വിലയിരുത്തലും നടന്നുവരുന്നു. ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തും.
മാർ ഇവാനിയോസ് ഓട്ടോണമസ് കോളേജ് പ്ലാറ്റിനം ജൂബിലി സമാപനം നാളെ
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തിരുവനന്തപുരം മേജർ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന മാർ ഇവാനിയോസ് ഓട്ടോണമസ് കോളേജിന്റെ ഒരുവർഷം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ 30-ന് സമാപിക്കും. കോളേജ് സ്റ്റേഡിയത്തിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ മുഖ്യാതിഥിയാകും. 11.30-ന് ആരംഭിക്കുന്ന സമ്മേളനത്തിൽ സംസ്ഥാന ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ശശി തരൂർ എംപി, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, മേയർ വി.വി.രാജേഷ്, ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. കെ.ജയകുമാർ, പ്രിൻസിപ്പൽ ഡോ. മീരാ ജോർജ് എന്നിവർ പങ്കെടുക്കും.
Content Highlights: Vice President's Thiruvananthapuram Visit: Detailed Itinerary
Published: 29 Dec 2025, 07:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented