ന്യൂഡൽഹി: കേന്ദ്രം ചർച്ചയ്ക്ക് തയ്യാറാകാഞ്ഞതോടെ പുനരാരംഭിച്ച പഞ്ചാബിലെ കർഷകരുടെ ഡൽഹി മാർച്ച് ഹരിയാണ പോലീസ് ശംഭു അതിർത്തിയിൽ വീണ്ടും തടഞ്ഞു. ഫെബ്രുവരിമുതൽ പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന കർഷകരെ കോൺക്രീറ്റ് വേലി കെട്ടിയും കേന്ദ്രസേനകളെ വിന്യസിച്ചുമാണ് പോലീസ് എതിരിട്ടത്. യുദ്ധസമാന സാഹചര്യമായതിനാൽ കർഷകർ തത്കാലം മാർച്ച് നിർത്തി. തുടർനീക്കം തിങ്കളാഴ്ച തീരുമാനിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
വെള്ളിയാഴ്ചത്തേതുപോലെ 101 പേരുടെ സംഘമാണ് ഞായറാഴ്ചയും കാൽനടയായി മാർച്ച് നടത്തിയത്. അനുമതിയില്ലാത്തതിനാൽ കടത്തിവിടാനാകില്ലെന്ന് പോലീസ് പറഞ്ഞു. കർഷകരാണെന്നതിന് തെളിവുണ്ടോയെന്ന് ചോദിച്ചത് തർക്കത്തിനിടയാക്കി. സ്ഥിതി സംഘർഷഭരിതമായതോടെ കണ്ണീർവാതകഷെൽ പ്രയോഗിച്ചു. ഉച്ചമുതൽ വൈകീട്ടുവരെ ഈ നില തുടർന്നതോടെയാണ് മാർച്ച് നിർത്തിയത്.
10 പേർക്ക് പരിക്കേറ്റതായും ആറാളുടെ നില ഗുരുതരമാണെന്നും സമരനേതാവ് സർവൻ സിങ് പന്ദേർ പറഞ്ഞു. പോരാട്ടത്തിൽനിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ഖനോരി അതിർത്തിയിൽ കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന്റെ അനിശ്ചിതകാല നിരാഹാര സമരം ഞായറാഴ്ച 13 ദിവസം പിന്നിട്ടു. കർഷകർ സമരം കടുപ്പിച്ചതോടെ ഖനോരിയിലും ശംഭുവിലും പോലീസ് സുരക്ഷ ശക്തമാക്കി. ശംഭുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് മേഖലയിലാകെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ വിലക്കി. ഡൽഹിയുടെ അതിർത്തികളിലും സുരക്ഷ കൂട്ടി. വായ്പയിളവും താങ്ങുവിലയ്ക്ക് നിയമപരിരക്ഷയുമടക്കമാണ് കർഷകാവശ്യങ്ങൾ.
പുഷ്പവൃഷ്ടിക്കുപിന്നാലെ കണ്ണീർവാതകം
അതിർത്തിയിലേക്കെത്തിയ കർഷകർക്കുമേൽ ഹരിയാണ പോലീസ് ഞായറാഴ്ച പൃഷ്പവൃഷ്ടി നടത്തി. സൗഹൃദതലത്തിൽ തുടങ്ങിയെങ്കിലും പിന്നാലെ കണ്ണീർവാതക പ്രയോഗവും തുടങ്ങി. കണ്ണീർവാതകം മാത്രമല്ല, രാസവസ്തുക്കൾ കലർന്ന പെപ്പർ സ്പ്രേയും പോലീസ് പ്രയോഗിച്ചതായി കർഷകർ ആരോപിച്ചു. പോലീസിന്റെ പൃഷ്പവൃഷ്ടി നാടകമാണെന്നും അവർ കുറ്റപ്പെടുത്തി.
Content Highlights: Haryana Police again stopped Punjab farmers` march to Delhi
Published: 09 Dec 2024, 06:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented