ന്യൂഡൽഹി: ഇന്ത്യ-യു.എസ് സ്വതന്ത്ര വ്യാപാരക്കരാറിനെതിരേ ഡൽഹിയിൽ സംഘടിപ്പിക്കുന്ന കിസാൻ മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ പുറപ്പെട്ട പഞ്ചാബ് കർഷകരെ ഹരിയാണ പോലീസ് തടഞ്ഞു. നൂറുകണക്കിനുവരുന്ന കർഷകരെ ശംഭു അതിർത്തിയിൽവെച്ച് തടഞ്ഞതോടെ കർഷകർ അവിടെത്തന്നെ പ്രതിഷേധ കേന്ദ്രമാക്കി. 2024 ഫെബ്രുവരിയിലെ ഡൽഹി ചലോ സമരത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് അതിർത്തിയിൽ വലിയ ഇരുമ്പ് ബാരിക്കേഡുകളും കോൺക്രീറ്റ് ബ്ലോക്കുകളും ഉയർത്തി പോലീസ് കോട്ട തീർത്തത്.

To advertise here,

ചൊവ്വാഴ്ചയാണ് കർഷകർ ഡൽഹി ലക്ഷ്യമാക്കി മാർച്ച് ആരംഭിച്ചത്. പഞ്ചാബിൽനിന്നുള്ള കർഷകരെ വഴിയിൽ തടഞ്ഞെങ്കിലും അംബാല, കുരുക്ഷേത്ര തുടങ്ങിയ ഹരിയാണയിലെ സമീപ ജില്ലകളിൽനിന്നുള്ള കർഷകർ ഡൽഹിയിലേക്കുള്ള യാത്ര തുടർന്നു. ഹരിയാണ പോലീസ് അതിർത്തിക്കുള്ളിലേക്ക് കയറി ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടും പഞ്ചാബ് സർക്കാർ നിഷ്‌ക്രിയരായി നിന്നെന്നാണ് കർഷകർ ആരോപിക്കുന്നത്.

'ദേശ് ബച്ചാവോ മോർച്ച'യുടെ കീഴിൽ പഞ്ചാബ്, ഹരിയാണ, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കർഷക സംഘടനകൾ ഒന്നിച്ചാണ് ഇന്ത്യാ-യു.എസ്. വ്യാപാരക്കരാറിനെതിരേ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. കെ.എം.എസ്.സി., കിസാൻ മസ്ദൂർ മോർച്ച, ആസാദ് കിസാൻ മോർച്ച, ബി.കെ.യു. ഏക്താ സംഘർഷ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് കർഷകർ ശംഭു അതിർത്തിയിലെത്തിയതെന്ന് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി നേതാവ് സർവാൻ സിങ് പന്ദർ പറഞ്ഞു.

ഇത് വെറുമൊരു വ്യാപാരക്കരാറല്ലെന്നും കാർഷിക മേഖല, ക്ഷീരമേഖല, വ്യവസായം, ഡിജിറ്റൽ വ്യാപാരം, ഇ കൊമേഴ്‌സ്, നിക്ഷേപം, ബൗദ്ധിക സ്വത്തവകാശം തുടങ്ങി നിരവധി മേഖലകളെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. സോയാബീൻ, ചോളം, പരുത്തി, ആപ്പിൾ, ബദാം, പാലുത്പന്നങ്ങൾ, കോഴിവളർത്തൽ തുടങ്ങിയ മേഖലകളിൽ ഇന്ത്യയിലേക്ക് കടന്നുകയറാൻ യു.എസ്. കുറഞ്ഞ തീരുവയും ഇളവുകളും ആവശ്യപ്പെടുന്നുണ്ടെന്നും കർഷക നേതാക്കൾ കൂട്ടിച്ചേർത്തു.