മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് 2018 മാര്‍ച്ച് ആറിന് അരലക്ഷത്തോളം കര്‍ഷകര്‍ കിസാന്‍സഭയുടെ നേതൃത്വത്തില്‍ മുംബൈയിലേക്ക് നടത്തിയ പദയാത്ര ചരിത്രത്തില്‍ ഇടംനേടിയിരുന്നു. കൊടുംചൂടില്‍ 200 കിലോമീറ്റര്‍ താണ്ടി കര്‍ഷകര്‍ മുംബൈയിലേക്ക് പ്രവേശിച്ചപ്പോള്‍ നഗരവാസികള്‍ ഉള്‍പ്പടെ അവരെ സ്വീകരിക്കാനെത്തി. സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ച് ഉത്തരവിറക്കി. രാജ്യം ഉറ്റുനോക്കിയ ഈ കര്‍ഷക ലോങ്മാര്‍ച്ചിന്റെ മുഖ്യസംഘാടകരിലൊരാള്‍ മലയാളിയായ വിജൂ കൃഷ്ണനായിരുന്നു. കിസാന്‍സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനറല്‍ സെക്രട്ടറിയായ അദ്ദേഹം മധുര പാര്‍ട്ടി കോണ്‍ഗ്രസിലൂടെ സി.പി.എമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. വിജൂ കൃഷ്ണനുമായി നടത്തിയ അഭിമുഖം.
പാര്‍ട്ടി കോണ്‍ഗ്രസ് താങ്കളെ പൊളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുത്തിരിക്കയാണ്. എങ്ങനെയാണിതിനെ നോക്കിക്കാണുന്നത്.
പാര്‍ട്ടി ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്വമാണ്. മുന്‍പ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റിയിലും കേന്ദ്ര സെക്രട്ടേറിയറ്റിലും പ്രവര്‍ത്തിച്ച അനുഭവപരിചയമുണ്ട്. പാര്‍ട്ടിയുടെ എല്ലാ ഘടകത്തിലും യുവാക്കളായ ആളുകള്‍ കൂടുതലായി എത്തിക്കൊണ്ടിരിക്കുകയാണ്. പാര്‍ട്ടി തീരുമാനപ്രകാരം മൂന്ന് ടേം രീതി നടപ്പിലാക്കിയതും 75 വയസ്സ് പ്രായപരിധി നിശ്ചയിച്ചതും കാരണം ഒരു തലമുറമാറ്റം നടന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് പാര്‍ട്ടി രംഗത്തേക്ക് വന്നതെങ്കിലും 2009 മുതല്‍ കര്‍ഷക പ്രസ്ഥാനത്തിലാണ് പ്രവര്‍ത്തിച്ച് വരുന്നത്. അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ പല സംസ്ഥാനങ്ങളിലും വലിയ പോരാട്ടങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന് ഉള്‍പ്പടെ കര്‍ഷകരുടെ ഐക്യത്തിന് മുന്നില്‍ മുട്ടുമടക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. ഇതെല്ലാം പല സംസ്ഥാനങ്ങളിലും പാര്‍ട്ടിയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ കാരണമായിട്ടുണ്ട്. ഇവരെ കൃത്യമായി രാഷ്ട്രീയവത്കരിച്ച് പാര്‍ട്ടിയുടെ ഭാഗമാക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്.
പാര്‍ട്ടിയുടെ അടിത്തറ കൂടുതല്‍ ശക്തമാക്കി വര്‍ഗീയശക്തികള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താനാണ് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം. കൃഷിക്കാരും തൊഴിലാളികളും സാധാരണക്കാരുമെല്ലാം കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭരംഗത്താണ്. കര്‍ഷക-തൊഴിലാളി മുന്നണികളുടെ സംയുക്ത പ്രക്ഷോഭങ്ങള്‍ രാജ്യത്ത് കൂടുതലായി ഉയര്‍ന്നുവരും. മെയ് 20 ന് തൊഴിലാളി സംഘടനകള്‍ രാജ്യത്ത് പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനോട് സഹകരിച്ചുകൊണ്ട് കര്‍ഷക സംഘടനകള്‍ ഗ്രാമീണ്‍ ഭാരത് ഹര്‍ത്താല്‍ ആചരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജൂണ്‍ 26 ന് വൈദ്യുതി സ്വകാര്യവത്കരണത്തിനെതിരെ തൊഴിലാളികളും കര്‍ഷകരും യോജിച്ച സമരത്തിലേക്ക് നീങ്ങുകയാണ്. പശ്ചിമ ബംഗാളില്‍ നാല്‍പ്പതിനായിരത്തിലേറെ ഗ്രാമങ്ങളില്‍ അവരുടെ പ്രശ്‌നങ്ങളുയര്‍ത്തി പ്രക്ഷോഭമാരംഭിക്കുകയാണ്. അത്തരത്തില്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളുയര്‍ത്തി സി.പി.എം രാജ്യത്തുടനീളം വലിയ പ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കുകയാണ്. ജനപക്ഷത്തുനിന്ന് ബദല്‍ നയങ്ങള്‍ക്കും ബദല്‍ സര്‍ക്കാരിനുംവേണ്ടിയുള്ള സമരങ്ങള്‍ ശക്തമാക്കും.
ഇ.എം.എസിന് ശേഷം മറ്റൊരു മലയാളി ജനറല്‍ സെക്രട്ടറി പാര്‍ട്ടിക്ക് ഉണ്ടായിരിക്കുകയാണ്.
പാര്‍ട്ടിയെ പുതിയ കാലത്തെ വെല്ലുവിളികള്‍ ഏറ്റെടുക്കാനും അതിനനുസരിച്ച് പാര്‍ട്ടിയെ നയിക്കാനും കഴിയുന്ന നേതൃത്വമാണ് എം.എ ബേബിയുടേത്. അദ്ദേഹവുമായി ദീര്‍ഘകാലത്തെ അടുപ്പമുണ്ട്. 1997 ല്‍ അലൈഡ ഗുവേരയുടെ ഇന്ത്യ സന്ദര്‍ശന വേളയിലാണ് ആദ്യമായി എം.എ ബേബിയെ പരിചയപ്പെടുന്നത്. അക്കാലത്ത് ഞാന്‍ ജെ.എന്‍.യുവിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു. പിന്നീട് എന്റെ പി.എച്ച്.ഡിയുടെ ഭാഗമായി ആലപ്പുഴയില്‍ വന്നപ്പോഴാണ് അന്ന് ആലപ്പുഴ ജില്ല സെക്രട്ടറി ചുമതലയിലുണ്ടായിരുന്ന സഖാവുമായി കൂടുതല്‍ അടുപ്പമാകുന്നത്. പിന്നീട് പാര്‍ട്ടി സെന്ററില്‍ ഉള്‍പ്പടെ ഒരുപാടുകാലം ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചു. സഖാവിന്റെ ദീര്‍ഘകാലത്തെ പ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങളും പ്രത്യയശാസ്ത്ര ബോധ്യവും പാര്‍ട്ടിക്ക് കരുത്താകും.
വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തനത്തിനുശേഷം താങ്കള്‍ അധ്യാപകനായിരുന്നു. ആ ജോലി ഉപേക്ഷിച്ചാണ് മുഴുവന്‍ സമയ പ്രവര്‍ത്തകനാകുന്നത്.
96 മുതല്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു. ഇക്കാലത്ത് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായും എസ്.എഫ്.ഐ ഭാരവാഹിയായും പ്രവര്‍ത്തിക്കാന്‍ സാധിച്ചു. പിന്നീട് ബെംഗളൂരു സെന്റ് ജോസഫ് കോളേജ് അധ്യാപകനായി ജോലി ലഭിച്ചു. അപ്പോഴും പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ടായിരുന്നില്ല. പ്രകാശ് കാരാട്ടിന്റെ നിര്‍ദേശപ്രകാരം കര്‍ണാടകയിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നതിന്റെ ഭാഗമായാണ് ആ ജോലി സ്വീകരിക്കുന്നത്. പിന്നീട് 2008ല്‍ ജെ.എന്‍.യുവില്‍ അസിസ്റ്റന്റ് പ്രൊഫസറായി ഇന്റര്‍വ്യുവിന് വിളിച്ചപ്പോഴാണ് പ്രകാശ് കാരാട്ട് ഉള്‍പ്പടെയുള്ള പാര്‍ട്ടി നേതൃത്വത്തെ കണ്ട് മുഴുവന്‍ സമയ പ്രവര്‍ത്തകനാകാനുള്ള താല്‍പര്യം അറിയിച്ചത്. ഞാന്‍ ഗവേഷണം ചെയ്തിരുന്നത് കര്‍ഷക പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു. അതിനാല്‍ തന്നെ കര്‍ഷക മുന്നണിയില്‍ പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പാര്‍ട്ടിയും ഈ നിര്‍ദശം വെച്ചതോടെ കിസാന്‍ സഭയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
വിദ്യാര്‍ഥി രംഗത്ത് നിന്ന് കര്‍ഷക മുന്നണിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോഴുള്ള അനുഭവം എങ്ങനെയായിരുന്നു.
ഹിന്ദി ഉള്‍പ്പടെയുള്ള നിരവധി ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിയാമായിരുന്നു. അതൊരു സഹായമായി. ഉത്തരേന്ത്യയില്‍ ഉള്‍പ്പടെ കര്‍ഷക ഗ്രാമങ്ങളില്‍ പോയി അവരുടെ ഭാഷയില്‍ കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ അവര്‍ പരിഗണിക്കാന്‍ തുടങ്ങി. വളരെ സ്‌നേഹത്തോടെ അവരില്‍ ഒരാളായി അംഗീകരിച്ചു. അവരില്‍ നിന്ന് നിരവധി കാര്യങ്ങള്‍ പഠിച്ചു.
മഹാരാഷ്ട്ര ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ കിസാന്‍സഭ വലിയ മുന്നേറ്റം ഉണ്ടാക്കുന്നുണ്ട്. സമരങ്ങളില്‍ മാത്രമല്ല മെംബര്‍ഷിപ്പില്‍ ഉള്‍പ്പടെ വര്‍ധനവുണ്ട്. പക്ഷെ അവിടങ്ങളില്‍ അതിനനുസരിച്ച് സി.പി.എം വളരുന്നുണ്ടെന്ന് പറയാന്‍ സാധിക്കുമോ.
ഒന്നാമത്തെ കാര്യം കര്‍ഷക സമരങ്ങള്‍ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നടത്തുന്ന രാഷ്ട്രീയ പരിപാടികളല്ല. ഒരു സമരം നടക്കുമ്പോഴേക്ക് പെട്ടന്ന് രാഷ്ട്രീയ മാറ്റം വരും എന്ന് കരുതരുത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ജാതിയും പണാധിപത്യവും ഉള്‍പ്പടെയുള്ള നിരവധി ഘടകങ്ങള്‍. കേരളത്തിന്റെ കാര്യമെടുത്താല്‍ തന്നെ 1930കളിലാണ് കര്‍ഷക സമരങ്ങള്‍ ആരംഭിക്കുന്നത്. ഭൂമിക്ക് വേണ്ടിയുള്ള സമരം, ജന്മിത്വത്തിനെതിരെയൊക്കെയുള്ള സമരങ്ങള്‍. ഇതിന്റെ തുടര്‍ച്ചയായാണ് കേരളത്തില്‍ പാര്‍ട്ടി ശക്തിപ്പെടുന്നത്. ഇത്തരത്തില്‍ വലിയ സമരവിജയങ്ങള്‍ ജനങ്ങളെ സ്വാധീനിക്കുക തന്നെ ചെയ്യും. മാറ്റം ഒറ്റയടിക്ക് ഉണ്ടായിക്കൊള്ളണമെന്നില്ല. മഹാരാഷ്ട്രയില്‍ കര്‍ഷക സമരങ്ങള്‍ നടക്കാറുള്ള പ്രദേശങ്ങളില്‍ സി.പി.എമ്മിനും നല്ല സ്വാധീനമുണ്ട്. നിലവില്‍ പാര്‍ട്ടിക്ക് അവിടെ ഒരു എം.എല്‍.എയുണ്ട്. മറ്റൊരു മണ്ഡലത്തില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ വോട്ട് നേടിയിട്ടുണ്ട്. രാജസ്ഥാനിലും സമാനമായ സാഹചര്യമാണ്.
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ജനകീയ മുന്നേറ്റങ്ങളിലൊന്നായാണ് ഡല്‍ഹി കര്‍ഷകസമരം വിലയിരുത്തപ്പെടുന്നത്. അതില്‍ പങ്കെടുത്തതിന്റെ അനുഭവം എങ്ങനൊയായിരുന്നു.
30 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ആവേശകരമായ അനുഭവമായിരുന്നു ഡല്‍ഹി കര്‍ഷകസമരം. അഞ്ഞൂറോളം കര്‍ഷക സംഘടനകള്‍ ഒന്നിച്ചാണ് ഈ സമരം നടത്തിയത്. അതില്‍ മുഖ്യധാരാ കര്‍ഷക സംഘടനകള്‍ മുതല്‍ പ്രാദേശിക കര്‍ഷക സംഘടനകള്‍ വരെയുണ്ടായിരുന്നു. കൃഷിയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന കര്‍ഷകനിയമങ്ങള്‍ക്കെതിരേ ഒറ്റക്കെട്ടായി കര്‍ഷകര്‍ പൊരുതി. കോവിഡ് കാലത്ത് ലോകം മുഴുവന്‍ പുറത്തിറങ്ങാന്‍ ഭയപ്പെട്ടിരുന്നപ്പോള്‍ കര്‍ഷകര്‍ രാജ്യതലസ്ഥാനത്തേക്ക് പ്രവഹിച്ചു. 730ലേറെ കര്‍ഷകരാണ് ആ സമരത്തില്‍ മരിച്ചുവീണത്. ലഖിംപുര്‍ ഖേരില്‍ കേന്ദ്രമന്ത്രിയുടെ മകന്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയത് നാല് കര്‍ഷകരെയാണ്. തജീന്ദര്‍ സിങ് വിര്‍ക് എന്ന കര്‍ഷക നേതാവിനെയാണ് അന്നവര്‍ ലക്ഷ്യം വെച്ചിരുന്നത്. ആ കൊലപാതകശ്രമത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അദ്ദേഹം ഇന്നും ഞങ്ങളോടൊപ്പം സമരവേദികളില്‍ സജീവമാണ്. അവസാനം കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക ഐക്യത്തിന് മുന്നില്‍ മുട്ടുമടക്കുന്നത് രാജ്യം കണ്ടു. അത്തരത്തില്‍ ആവേശകരമായ അനുഭവമായിരുന്നു കര്‍ഷക സമരം. ആ സമരം വിജയിച്ചപ്പോള്‍ മറ്റൊരു കര്‍ഷക സംഘടനയുടെ ഒരു നേതാവ് പറഞ്ഞത് സമരത്തിന്റെ നട്ടെല്ലും തലച്ചോറും കിസാന്‍സഭയായിരുന്നു എന്നാണ്. അതൊരു വലിയ അംഗീകാരമാണ്.
ആ സമരത്തിലൂടെ കര്‍ഷക സംഘടനകള്‍ നടത്തിയ മുന്നേറ്റം തുടരുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പരാജയപ്പെട്ടുവെന്ന് കരുതുന്നുണ്ടോ.
അങ്ങനെ പറയാന്‍ പറ്റില്ല. ആ മുന്നേറ്റം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ പ്രതിഫലിച്ചില്ലേ. ബി.ജെ.പിയുടെ കര്‍ഷകദ്രോഹ നടപടികൾക്കെതിരേ നിലപാട് സ്വീകരിക്കാന്‍ കര്‍ഷക സംഘടനകള്‍ നടത്തിയ ആഹ്വാനം ജനങ്ങള്‍ സ്വീകരിച്ചു. പല സംസ്ഥാനത്തും ബി.ജെ.പിക്ക് വലിയ തിരിച്ചടിയുണ്ടായി. പഞ്ചാബ്, ഹരിയാന, പശ്ചിമ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലായി 38 സീറ്റുകളില്‍ ബി.ജെ.പി തോറ്റു. ഇതെല്ലാം കര്‍ഷക സംഘടനകള്‍ക്ക് സ്വാധീനമുണ്ടായിരുന്ന പ്രദേശങ്ങളാണ്. ഗ്രാമീണ മേഖലകളില്‍ 159 സീറ്റുകളില്‍ ബി.ജെ.പി-എന്‍.ഡി.എ ഘടകക്ഷികള്‍ തോറ്റിട്ടുണ്ട്. ഇത് കര്‍ഷകസമരത്തിന്റെ സ്വാധീനം കൂടിയാണ്. കര്‍ഷക സമരത്തോട് മോദി സര്‍ക്കാര്‍ മുട്ടുമടക്കിയത് പ്രതിപക്ഷ പാര്‍ട്ടികളില്‍ വലിയ ആവശമുണ്ടാക്കി. അത് ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തെ ഉള്‍പ്പടെ സ്വാധീനിച്ചിട്ടുണ്ട്. ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടിയുണ്ടാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെയും കോര്‍പ്പറേറ്റുകളുടെയും പിന്തുണയുള്ളത് കൊണ്ട് മാത്രമാണ് അവര്‍ക്ക് അധികാരത്തില്‍ തിരിച്ചെത്താന്‍ സാധിച്ചത്.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കര്‍ഷക സമരം നടന്ന കരിവള്ളൂരാണ് ജന്മദേശം. ആ നാട് എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്.
വലിയരീതിയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കയ്യൂരിന്റെയും കരിവള്ളൂരിന്റെയും വീരഗാഥകള്‍ കേട്ടാണ് വളര്‍ന്നത്. കേരളത്തിലുള്ളപ്പോഴെല്ലാം കരിവെള്ളൂര്‍ രക്തസാക്ഷിദിനത്തില്‍ നാട്ടിലെത്താന്‍ ശ്രമിക്കാറുണ്ട്.
Content Highlights: cpim politburo member vijoo krishnan interview
Published: 08 Apr 2025, 12:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented