അമൃത്സര്‍: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് അഭ്യൂഹം. ചന്നി പഞ്ചാബിലെ ചില ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തിവരുന്നുണ്ട്.
കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു ജയില്‍ മോചിതനായി തിരിച്ചെത്തിയതിന് പിന്നാലെയാണ് ചന്നി ബിജെപിയിൽ ചേരുന്നതായി അഭ്യൂഹം ഉയര്‍ന്നത്. ഇതിനിടെ കഴിഞ്ഞദിവസം ശശി തരൂര്‍ എംപി ചന്നിയെ സന്ദര്‍ശിച്ചിരുന്നു. ഏതെങ്കിലും തരത്തിലുള്ള അനുനയ നീക്കമാണോ സന്ദര്‍ശനത്തിന് പിന്നിലെന്ന് വ്യക്തമല്ല. വ്യാഴാഴ്ച ഖറാറിലെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
അമരീന്ദര്‍ സിങ്ങിന് പകരക്കാരനായി മുഖ്യമന്ത്രി കസേരയില്‍ എത്തിയ ചന്നി 2022-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ രാഷ്ട്രീയത്തില്‍ നിന്ന് അപ്രത്യക്ഷനായിരുന്നു.
എന്നാല്‍, മാസങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട പഞ്ചാബി ഗായകന്‍ സിദ്ധു മൂസെ വാലയുടെ ഗ്രാമത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി വാർത്തകളിൽ ഇടംനേടിയ ചന്നി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വീണ്ടും പ്രവേശിക്കുകയായിരുന്നു. ഒരു രാത്രി അദ്ദേഹം സിദ്ധു മൂസെ വാലയുടെ മാതാപിതാക്കള്‍ക്കൊപ്പം തങ്ങുകയും ചെയ്തു. ഇത് പാര്‍ട്ടിയില്‍ ചില അസ്വസ്ഥതകള്‍ സൃഷ്ടിച്ചിരുന്നു.
അഭിപ്രായ ഭിന്നതകള്‍ക്കിടെ ജലന്ധര്‍ ലോക്‌സഭാ സീറ്റിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ചന്നിയെ പ്രചാരണത്തിനിറക്കാനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നുണ്ട്. ജലന്ധറില്‍ ശക്തമായ സാന്നിധ്യമുള്ള രവിദാസിയ / ആദി-ധര്‍മ്മി സമുദായങ്ങളില്‍ ചന്നിക്കുള്ള സ്വാധീനമാണ് അദ്ദേഹത്തെ പ്രചാരണത്തിനിറക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നത്. ജലന്ധര്‍ മണ്ഡലത്തിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചിലും കോണ്‍ഗ്രസിന് ജയിക്കാനായിരുന്നു.
ചന്നിയും ഈ സീറ്റില്‍ മത്സരിക്കുന്നതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചിട്ടില്ലാത്തതിനാൽ ജലന്ധര്‍ മണ്ഡലത്തില്‍ ഒന്നുരണ്ടുവട്ടം ചുറ്റിക്കറങ്ങിയെങ്കിലും തിരഞ്ഞെടുത്ത ചില യോഗങ്ങളില്‍ മാത്രം ഒതുങ്ങുകയായിരുന്നു.
അതേസമയം, സംസ്ഥാന കോണ്‍ഗ്രസില്‍ മറ്റൊരു അധികാര കേന്ദ്രമായി മാറാനുള്ള നീക്കങ്ങളാണ് നവജ്യോത് സിങ് സിദ്ദു നടത്തുന്നത്. ജയില്‍ മോചിതനായതിന് പിന്നാലെ സിദ്ദു രാഹുല്‍, പ്രിയങ്ക, ഖാര്‍ഗെ തുടങ്ങിയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്.
Content Highlights: Punjab Ex-CM Charanjit Channi-Speculation Rife Amid Sidhu's Return
Published: 08 Apr 2023, 05:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented