അർബുദത്തിന് കാരണമായ രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് ബിസ്ലേരി ഇന്റർനാഷണലിനെതിരെ പ്രോസിക്യൂഷൻ നടപടിക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റി അനുമതി നൽകിയതായി റിപ്പോർട്ടുകൾ വന്നത് സമീപ ദിവസങ്ങളിലാണ്. ശുദ്ധീകരിച്ച കുപ്പിവെള്ളം ഇന്ത്യയിൽ കടന്നുവന്ന കാലത്ത് കുപ്പിവെള്ളത്തിന് വലിയ വിപണി സൃഷ്ടിച്ച ബ്രാൻഡുകളിലൊന്നാണ് ബിസ്ലേരി. ഇറ്റലിയിൽ പിറവിയെടുത്ത ബിസ്ലേരി തഴച്ച് വളർന്നത് ഇന്ത്യയിലാണ്.
ഇറ്റാലിയൻ സംരംഭകനായ ഫെലിസ് ബിസ്ലേരിയാണ് ബ്രാൻഡിന് നാന്ദികുറിച്ചത്. ‘ഫെലിസ് ബിസ്ലേരി ആൻഡ് കോ’ എന്ന പേരിൽ കെമിക്കൽ ലബോറട്ടറി സ്ഥാപിച്ച അദ്ദേഹം മിനറൽ വാട്ടർ ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ വികസിപ്പിച്ചു. മലേറിയയ്ക്കെതിരായ മരുന്നും ഫെറോ-ചൈന ബിസ്ലേരി എന്ന പാനീയവും ഇതിൽ ഉൾപ്പെടുന്നു. ആരോഗ്യപാനീയമെന്ന നിലയിൽ ഫെറോ-ചൈന ബിസ്ലേരി ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇത് ഒരു ഔഷധസസ്യ പാനീയമെന്ന രീതിയിലാണ് വിപണിയിലെത്തിയത്.
ഇറ്റാലിയൻ ഡോക്ടറായ സീസരി റോസിയും ഇന്ത്യൻ വ്യവസായി ഖുഷ്റൂ സൺടൂക്കും ചേർന്നാണ് ബ്രാൻഡിനെ 1965-ൽ ഇന്ത്യയിൽ അവതരിപ്പിച്ചത്. അന്ന് ബോംബെയിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം മോശമാണെന്നായിരുന്നു പൊതുധാരണ. കുപ്പിവെള്ളമാകട്ടെ ആഡംബര ഉൽപ്പന്നമാണെന്ന ഇന്ത്യക്കാരുടെ ധാരണയെ വിപണനസാധ്യതയായി കണ്ട ഇരുവരും താനെയിൽ കുപ്പിവെള്ള നിർമാണ കമ്പനി തുടങ്ങി. പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ വിപണനത്തിനും വഴിയൊരുക്കി.
തുടക്കത്തിൽ ബിസിനസ് പ്രതിസന്ധികൾ രൂക്ഷമായി. ഇതിനെ തുടർന്ന് 1969-ൽ പാർലെ ഗ്രൂപ്പ് സ്ഥാപകനായ ജയന്തിലാൽ ചൗഹാൻ നാല് ലക്ഷം രൂപയ്ക്ക് ബിസ്ലേരിയെ ഏറ്റെടുത്തു. പിന്നീട് മകൻ രമേഷ് ചൗഹാന്റെ നേതൃത്വത്തിലായി കമ്പനി. വെള്ളം പണംകൊടുത്ത് വാങ്ങുക എന്ന ആശയം ചിന്തനീയമല്ലാത്ത കാലത്ത്, കുപ്പിവെള്ളത്തെ ജനങ്ങൾക്കിടയിൽ പ്രിയങ്കരമാക്കാനുള്ള ശ്രമങ്ങൾക്ക് രമേഷ് ചൗഹാൻ നേതൃത്വം നൽകി.
1970-കളിൽ ലിംക, തംസ് അപ്പ് തുടങ്ങിയ ബ്രാൻഡുകൾ വിപണിയിലെത്തി. ഇതിലൂടെ പാർലെ ശക്തമായ സാന്നിധ്യം വിപണിയിൽ നേടി. സാമ്പത്തിക ഉദാരവത്കരണത്തിനു പിന്നാലെ കൊക്കക്കോളയും പെപ്സിയും ഇന്ത്യയിലെത്തി. മത്സരം കടുത്തത്താേടെ 1993-ൽ ലിംക, തംസ് അപ്പ് ഉൾപ്പെടെയുള്ള ബ്രാന്റുകൾ പാർലെ കൊക്കക്കോളയ്ക്ക് വിറ്റു. ഏകദേശം 400 കോടി രൂപയ്ക്കായിരുന്നു ആ കൈമാറ്റം നടന്നത്. ഇതോടെ ബിസ്ലേരിയായി ഗ്രൂപ്പിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം.
വീടുകൾക്കും ഓഫീസുകൾക്കും കുറഞ്ഞ തുകയ്ക്ക് കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 20 ലിറ്റർ ബിസ്ലേരി പാക്ക് അവതരിപ്പിച്ചു. 1991-ലായിരുന്നു ഇത്. മിനറൽ വാട്ടർ നിർമാണത്തിനായി ലോകത്തിലെ ആദ്യത്തെ വെർട്ടിക്കൽ മാനുഫാക്ചറിങ് പ്ലാന്റ് അവതരിപ്പിച്ചു. പ്രീമിയം നാച്വറൽ മിനറൽ വാട്ടർ ബ്രാൻഡായ വേദികയും കമ്പനി വിപണിയിലെത്തിച്ചു. ഹിമാലയത്തിലെ ഉറവകളിൽനിന്ന് നേരിട്ട് കുപ്പിയിലാക്കുന്ന വെള്ളമാണ് വേദിക എന്നാണ് കമ്പനി പറയുന്നത്.
കമ്പനിയുടെ പാക്കേജ്ഡ് കുടിവെള്ളത്തിന്റെ പരിശോധനാ സാമ്പിളിൽ അനുവദനീയമായ അളവിൽ കൂടുതൽ ബ്രോമേറ്റ് കണ്ടെത്തിയതിനെ തുടർന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസങ്ങളിലായി നടപടി സ്വീകരിച്ചത്. കമ്പനിയുടെ അപ്പീലിനെത്തുടർന്നുണ്ടായ തുടർപരിശോധനയിലും രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. പരിശോധനയിൽ പോളിന്യൂക്ലിയർ അരോമാറ്റിക് ഹൈഡ്രോകാർബണുകളും കണ്ടെത്തിയിരുന്നു. ഇവ അർബുദകാരികളാണ്.
ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ, ബ്രോമേറ്റിനെ മനുഷ്യരിൽ കാൻസറിന് കാരണമായേക്കാവുന്ന പദാർഥങ്ങളുടെ വിഭാഗത്തിലാണ് (ഗ്രൂപ്പ് 2ബി) ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിഎൻഎയ്ക്ക് കേടുപാടുകൾ വരുത്താനും ബ്രോമേറ്റിന് കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. അർബുദത്തിന് കാരണമാകുന്ന ഘടകമായാണ് ചില പിഎഎച്ച് സംയുക്തങ്ങളെ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ വർഗീകരിച്ചിരിക്കുന്നത്. ചില പിഎഎച്ച് സംയുക്തങ്ങൾ ഡിഎൻഎയുമായി പ്രതിപ്രവർത്തിക്കാൻ ശേഷിയുള്ള ഘടകങ്ങളാകുകയും ജനിതകമാറ്റങ്ങൾക്ക് കാരണമാകുകയും അർബുദസാധ്യത വർധിപ്പിക്കുകയും ചെയ്യാം.
Content Highlights: Bisleri was originally founded in Italy by Felice Bisleri before being introduced to India in 1965., The brand was acquired by the Parle Group in 1969 for four lakh rupees under Jayantilal Chauhan., Ramesh Chauhan spearheaded the popularization of bottled water in India despite initial market hesitation., Bisleri remains a dominant household and office packaged drinking water brand in India.
Published: 24 Nov 2026, 05:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented