പട്‌ന: ജെ.ഡി.യുവിന് ബി.ജെ.പിയുമായി ഇപ്പോഴും ബന്ധമുണ്ടെന്ന ആരോപണം തള്ളിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വെല്ലുവിളിച്ച് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ബി.ജെ.പി.യുമായി ബന്ധമില്ലെങ്കില്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ജെ.ഡി.യു എം.പി ഹരിവംശ് നാരായണ്‍ സിങ്ങിനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടണമെന്ന് പ്രശാന്ത് കിഷോര്‍ ആവശ്യപ്പെട്ടു. രണ്ടു തോണിയില്‍ കാലിട്ട് നില്‍ക്കാനാകില്ലെന്നും നിതീഷിനെ പ്രശാന്ത് ഓര്‍മിപ്പിച്ചു.

To advertise here,

'ബി.ജെ.പി.യുമായോ എന്‍.ഡി.എ.യുമായോ ഒരു ബന്ധവുമില്ലെങ്കില്‍ നിങ്ങളുടെ എം.പി.യോട് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം ഉപേക്ഷിക്കാന്‍ പറയുക. എല്ലായ്‌പോഴും രണ്ടു തോണിയില്‍ കാലിട്ട് നില്‍ക്കാന്‍ സാധിക്കില്ല'-പ്രശാന്ത് ട്വീറ്റ് ചെയ്തു. 

നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ബി.ജെ.പി.ക്കെതിരേ ഒരു ദേശീയ സഖ്യം വരുമെന്നാണ് കുറെ ആളുകള്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഇത് സംഭവിക്കാനുള്ള സാധ്യതയില്ലെന്ന് പ്രശാന്ത് നേരത്തേ ഒരു വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. മഹാസഖ്യത്തിനൊപ്പം നിലനില്‍ക്കുമ്പോള്‍ തന്നെ അദ്ദേഹം ഇപ്പോഴും ബി.ജെ.പി.യുമായി ബന്ധം തുടരുന്നുണ്ടെന്നും പ്രശാന്ത് പറയുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ്. അദ്ദേഹം ഇപ്പോഴും രാജ്യസഭയില്‍ ജെ.ഡി.യു.വിന്റെ എം.പി.യാണ്. ഇതുവരേ അദ്ദേഹം തന്റെ പാര്‍ട്ടിയോ പദവിയോ ഉപേക്ഷിച്ചിട്ടില്ല. ഉപേക്ഷിക്കാന്‍ പറഞ്ഞിട്ടുമില്ല-പ്രശാന്ത് കിഷോര്‍ പറയുന്നു. 

കഴിഞ്ഞ ഓഗസ്റ്റിലാണ് നിതീഷ് കുമാര്‍ ബി.ജെ.പി.യുമായുള്ള ബന്ധം ഉപേക്ഷിച്ച് ആര്‍.ജെ.ഡി. ഉള്‍പ്പെടെയുള്ള മഹാസഖ്യത്തിനൊപ്പം ചേര്‍ന്ന് വീണ്ടും ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 17 വര്‍ഷമാണ് നിതീഷ് ബിഹാര്‍ മുഖ്യമന്ത്രിയായത്. ഇതില്‍ 14 വര്‍ഷവും ബി.ജെ.പി. പിന്തുണയോടെയാണ് സ്ഥാനം കൈയാളിയിരുന്നത്. 

അതേസമയം പ്രശാന്ത് കിഷോറിനാണ് ബി.ജെ.പി. ബന്ധമുള്ളതെന്ന് ആരോപിച്ച് നിതീഷ് കുമാറും രംഗത്തെത്തിയിരുന്നു.