മുംബൈ: 2008-ലെ മലേഗാവ് സ്‌ഫോടനക്കേസ് അന്വേഷണത്തിനിടെ തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് നരേന്ദ്ര മോദിയടക്കമുള്ളവരുടെ പേര് പറയിപ്പിക്കാന്‍ ശ്രമിക്കുകയും അത് രേഖപ്പെടുത്തിക്കുകയും ചെയ്തതായി മുന്‍ ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍
നരേന്ദ്ര മോദി, യോഗി ആദിത്യനാഥ്, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് എന്നിവരുടെ പേരുകള്‍ പറയാനാണ് തന്നെ നിര്‍ബന്ധിച്ചതെന്ന് കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട പ്രജ്ഞാ സിങ് പറഞ്ഞു.
ഗൂഢാലോചന സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി പ്രജ്ഞാസിങ് ഠാക്കൂര്‍, ലെഫ്. കേണല്‍ പ്രസാദ് പുരോഹിത് എന്നിവരടക്കം ഏഴുപ്രതികളെയും മുംബൈയിലെ എന്‍ഐഎ പ്രത്യേക കോടതി വ്യാഴാഴ്ചയാണ് വെറുതേവിട്ടത്.
എന്നെ കൊണ്ട് നേതാക്കളുടെ പേരുകള്‍ പറയിപ്പിച്ചു. അവരുടെ പേരുകള്‍ പറഞ്ഞാല്‍ പീഡിപ്പിക്കില്ലെന്നും അവര്‍ പറഞ്ഞുവെന്ന് പ്രജ്ഞാസിങ് വ്യക്തമാക്കി. കോടതി വിധി 'ഭഗവ, സനാതന, രാഷ്ട്ര'ത്തിന്റെ വിജയത്തെയാണ് സൂചിപ്പിക്കുന്നതെന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'എനിക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു, പക്ഷേ ഭാവിയിലും രാജ്യത്തിനുവേണ്ടി സാധ്യമായതെല്ലാം ഞാന്‍ ചെയ്തുകൊണ്ടേയിരിക്കും. ഈ കേസ് മുഴുവനായും വ്യാജമായി കോണ്‍ഗ്രസ് കെട്ടിച്ചമച്ചതാണ്. കോണ്‍ഗ്രസ് എപ്പോഴും തീവ്രവാദികള്‍ക്ക് അനുകൂലമായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരിക്കലും രാജ്യസ്‌നേഹമുള്ള പാര്‍ട്ടിയാകാന്‍ കഴിയില്ല' പ്രജ്ഞാ സിങ് പറഞ്ഞു.
പ്രജ്ഞാ സിങ്ങിനും സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായിരുന്ന ലെഫ്. കേണല്‍ പ്രസാദ് പുരോഹിതിനും പുറമേ റിട്ട. മേജര്‍ രമേശ് ഉപാധ്യായ്, അജയ് രാഹികര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍ക്കര്‍ണി എന്നിവരെയാണ് വെറുതേവിട്ടത്. 2008 സെപ്റ്റംബര്‍ 29-ന് രാത്രിയില്‍ മഹാരാഷ്ട്രയിലെ മാലേഗാവിലെ ബിക്കുചൗക്കിലാണ് സ്‌ഫോടനമുണ്ടായത്. ചെറിയ പെരുന്നാള്‍ തലേന്ന് മാര്‍ക്കറ്റില്‍ തിരക്കുള്ള സമയത്ത്, മോട്ടോര്‍സൈക്കിളില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ആറുപേര്‍ മരിച്ചു. 100-ലേറെ പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തിന് ഉപയോഗിച്ച ബൈക്കാണ് പ്രജ്ഞാ സിങ്ങിലേക്ക് നയിച്ചത്. ഹിന്ദു തീവ്രവാദത്തിന്റെ പ്രകടമായ രൂപമാണ് മാലേഗാവ് സ്‌ഫോടനമെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഹിന്ദുരാഷ്ട്രത്തിന് വഴിയൊരുക്കാന്‍ രൂപവത്കരിച്ച അഭിനവ് ഭാരത് സംഘടനയുമായി ബന്ധപ്പെട്ടവരാണ് അറസ്റ്റിലായവരെന്നായിരുന്നു കുറ്റപത്രം. മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയാണ് സ്‌ഫോടനക്കേസില്‍ പ്രതികളെ പിടികൂടിയത്.
Content Highlights: Ex-BJP MP Pragya Thakur claims she was coerced into naming PM Modi-Malegaon Case
Published: 02 Aug 2025, 06:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented