മുംബൈ: കോളിളക്കം സൃഷ്ടിച്ച മലേഗാവ് സ്‌ഫോടന കേസില്‍ ആര്‍എസ്എസ് മേധാവിയെ പ്രതി ചേര്‍ക്കാൻ ഉന്നതതലത്തില്‍നിന്ന് നിര്‍ദ്ദേശമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി അന്വേഷണ സംഘാംഗം. കേസില്‍ മോഹന്‍ ഭാഗവതിനെ അറസ്റ്റ് ചെയ്യാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും മലേഗാവ് സ്‌ഫോടന കേസ് അന്വേഷിച്ച ഭീകരവാദ വിരുദ്ധ സ്‌ക്വാഡിന്റെ ( എടിഎസ്)  അന്വേഷണ സംഘത്തിലുണ്ടായിരുന്ന മെഹ്ബൂബ് മുജാവറാണ് വെളിപ്പെടുത്തിയത്. 

To advertise here,

അന്വേഷണത്തെ തെറ്റായ ദിശയിലേക്ക് വഴിതിരിച്ച് വിടാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ആര്‍എസ്എസ് മേധാവിക്കെതിരെ വ്യാജമായി കേസെടുക്കാനുള്ള നീക്കവും നടന്നതെന്ന് മുജാവര്‍ പറഞ്ഞു. മലേഗാവ് കേസില്‍ പ്രതികളെ എന്‍ഐഎ കോടതി വെറുതെ വിട്ട വിധി വന്നതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. 

"ആര്‍എസ്എസ് സര്‍സംഘ ചാലക് ആയ മോഹന്‍ ഭാഗവതിനെ അറസ്റ്റ് ചെയ്യാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവ് ലഭിച്ചിരുന്നു. തുടര്‍ന്ന് കേസിലെ അന്വേഷണ സംഘത്തിലെ ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ പരം ബീര്‍ സിങ് എന്നോട് മോഹന്‍ ഭാഗവതിനെ അറസ്റ്റ് ചെയ്യാനായി ആവശ്യപ്പെട്ടു." കേസില്‍ മോഹന്‍ ഭാഗവതിനെയും ഉള്‍പ്പെടുത്താനുള്ള ശ്രമമായിരുന്നു നടന്നതെന്ന് എന്‍ഡിടിവിയോട് മുജാവര്‍ വെളിപ്പെടുത്തി.

"മലേഗാവ് സ്‌ഫോടനത്തിന്റെ പേരില്‍ വ്യാജ കേസ് കെട്ടിച്ചമയ്ക്കാനായിരുന്നു ശ്രമിച്ചത്. പക്ഷെ ഞാനതിന് തയ്യാറായില്ല, എനിക്കെതിരെയും കേസുകള്‍ വ്യാജമായി കെട്ടിച്ചമച്ചു. പിന്നീട് അതൊക്കെ ഒഴിവായെന്നും മുജാവര്‍ പറയുന്നു.  എനിക്കറിയാമായിരുന്നു ഇതൊരു കള്ളക്കേസായിരുന്നുവെന്ന്. അതിനാലാണ് അവരെനിക്കെതിരെയും കേസുകളെടുത്തത്‌." അദ്ദേഹം പറഞ്ഞു.

മുജാവറിന്റെ വെളിപ്പെടുത്തല്‍ ഏറ്റെടുത്ത് കോണ്‍ഗ്രസിനെതിരെ ബിജെപി രംഗത്ത് വന്നു. മലേഗാവ് സ്‌ഫോടന കേസിന് പിന്നിലെ ഗൂഢാലോചനയാണ് ഇപ്പോള്‍ വെളിപ്പെട്ടതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് മുജാവിറിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ചു.

2008-ലാണ് മലേഗാവ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ആറുപേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ഹിന്ദു ഭീകരത, കാവി ഭീകരത തുടങ്ങിയ പദങ്ങള്‍ അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയായ പി. ചിദംബരം ഉപയോഗിച്ചത് വലിയ വിവാദമായി മാറിയിരുന്നു.