ന്യൂഡൽഹി: മലേഗാവ് സ്ഫോടനക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ലെഫ്റ്റനന്റ് കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിതിന് ബ്രിഗേഡിയർ പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകാൻ ഇന്ത്യൻ സൈന്യം അനുമതി നൽകി. 2026 മാർച്ച് 31-ന് വിരമിക്കേണ്ടിയിരുന്ന അദ്ദേഹത്തിന്റെ വിരമിക്കൽ നടപടികൾ സായുധ സേനാ ട്രൈബ്യൂണൽ (AFT) സ്റ്റേ ചെയ്തതിന് പിന്നാലെയാണ് സുപ്രധാന തീരുമാനം.
മലേഗാവ് സ്ഫോടനക്കേസിലെ ദീർഘകാലത്തെ വിചാരണ തന്റെ ഔദ്യോഗിക ജീവിതത്തെ ദോഷകരമായി ബാധിച്ചുവെന്നും അർഹമായ സ്ഥാനക്കയറ്റം തടയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി പുരോഹിത് സമർപ്പിച്ച ഹർജിയിലാണ് ട്രൈബ്യൂണലിന്റെ ഇടപെടൽ ഉണ്ടായത്. സ്ഥാനക്കയറ്റവും മറ്റ് സേവന ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് അദ്ദേഹം നൽകിയ പരാതിയിൽ പ്രതിരോധ മന്ത്രാലയത്തിന് ട്രൈബ്യൂണൽ നോട്ടീസ് അയച്ചിട്ടുണ്ട്.
മലേഗാവ് സ്ഫോടനക്കേസിൽ 2025 ജൂലൈ 31-ന് മുംബൈയിലെ പ്രത്യേക എൻഐഎ കോടതി പ്രസാദ് പുരോഹിതിനെ കുറ്റവിമുക്തരാക്കിയിരുന്നു. പുരോഹിതിനൊപ്പം കേസിലെ മറ്റുപ്രതികളായ മുൻ എംപി പ്രജ്ഞാസിങ് ഠാക്കൂർ, വിരമിച്ച മേജർ രമേശ് ഉപാധ്യായ, അജയ് രഹിർക്കർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽക്കർണി എന്നിവരെയും കോടതി കുറ്റവിമുക്തരാക്കിയിരുന്നു. പ്രോസിക്യൂഷന് പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാൻ സാധിച്ചില്ലെന്ന് നിരീക്ഷിച്ച കോടതി, സംശയങ്ങളുടെ അടിസ്ഥാനത്തിൽ ആരെയും ശിക്ഷിക്കാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു.
മലേഗാവ് സ്ഫോടനക്കേസ്
2008 സെപ്റ്റംബർ 29-നാണ് മലേഗാവിലെ ബിക്കു ചൗക്കിന് സമീപത്തെ പള്ളിക്കടുത്തായി സ്ഫോടനമുണ്ടായത്. ജനത്തിരക്കേറിയ മേഖലയിൽ മോട്ടോർസൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടി ആറുപേരാണ് കൊല്ലപ്പെട്ടത്. നൂറിലേറെ പേർക്ക് പരിക്കേറ്റു. മലേഗാവ് സ്ഫോടനം പിന്നീട് വലിയ രാഷ്ട്രീയവിഷയമായും മാറി.
മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്(എടിഎസ്) ആണ് കേസിൽ ആദ്യം അന്വേഷണം നടത്തിയത്. പ്രജ്ഞാസിങ് ഠാക്കൂർ, മുൻ സൈനിക ഉദ്യോഗസ്ഥനായ ലെഫ്. കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, പ്രതികളെല്ലാം പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. 2011-ൽ കേസ് എൻഐഎ ഏറ്റെടുത്തു. കൂടുതൽ അന്വേഷണം നടത്തി കേസിൽ അനുബന്ധകുറ്റപത്രവും സമർപ്പിച്ചു.
പ്രജ്ഞാസിങ് ഠാക്കൂറും ലെഫ്. കേണൽ പുരോഹിതുമായിരുന്നു കേസിലെ പ്രധാനപ്രതികൾ. സ്ഫോടനം നടത്താനായി ഉപയോഗിച്ച മോട്ടോർസൈക്കിൾ പ്രജ്ഞാസിങ്ങിന്റെ പേരിലുള്ളതാണെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. 2006-ലെ മുംബൈ സ്ഫോടന പരമ്പരയുടെ പ്രതികാരമായി മുസ്ലീം ഭൂരിപക്ഷമേഖലകൾ ലക്ഷ്യമിട്ട് വലിയ ഗൂഢാലോചനയാണ് പ്രതികളുടെ നേതൃത്വത്തിൽ നടന്നതെന്നും എടിഎസ് പറഞ്ഞിരുന്നു.
അഭിനവ് ഭാരത് എന്ന തീവ്ര ഹൈന്ദവസംഘടനയ്ക്ക് സഹായങ്ങൾ നൽകിയെന്ന് ആരോപിച്ചാണ് മുൻ സൈനിക ഉദ്യോഗസ്ഥനായ ലെഫ്. കേണൽ പുരോഹിതിനെ പോലീസ് അറസ്റ്റ്ചെയ്തത്. മലേഗാവ് സ്ഫോടനത്തിനുള്ള ബോംബ് നിർമാണസാമഗ്രികളടക്കം സംഘടിപ്പിച്ചത് ഇയാളാണെന്നായിരുന്നു കണ്ടെത്തൽ. ആക്രമണം സംബന്ധിച്ച ഗൂഢാലോചനയിലും പുരോഹിതിന് പങ്കുണ്ടെന്നും അന്വേഷണസംഘം പറഞ്ഞിരുന്നു. അതേസമയം, തങ്ങൾക്കെതിരായ കുറ്റാരോപണം പ്രജ്ഞാസിങ്ങും പുരോഹിതും ഒരുപോലെ നിഷേധിച്ചു. കേസിൽ കുടുക്കിയതാണെന്നായിരുന്നു ഇവരുടെ അവകാശവാദം.
2008-ലെ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഹേമന്ദ് കർക്കരെയുടെ നേതൃത്വത്തിലുള്ള എടിഎസ് സംഘമാണ് മലേഗാവ് സ്ഫോടനക്കേസിൽ ആദ്യഘട്ടത്തിൽ അന്വേഷണം നടത്തിയിരുന്നത്. തീവ്രഹിന്ദുത്വ ഗ്രൂപ്പുകളാണ് മലേഗാവ് സ്ഫോടനം ആസൂത്രണംചെയ്തതെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. പ്രതികൾക്കെതിരേ യുഎപിഎ, മക്കോക വകുപ്പുകളും ചുമത്തിയിരുന്നു.
2011-ൽ കേസ് എൻഐഎ ഏറ്റെടുത്തു. 2016-ൽ എൻഐഎ സമർപ്പിച്ച അനുബന്ധകുറ്റപത്രത്തിൽ പ്രതികൾക്കെതിരേ നേരത്തേ ചുമത്തിയിരുന്ന മക്കോക വകുപ്പ് ഒഴിവാക്കി. മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഈ മക്കോക ഒഴിവാക്കിയത്. എന്നാൽ, യുഎപിഎ, ഐപിസി, ആയുധനിയമം എന്നിവപ്രകാരമുള്ള കുറ്റങ്ങൾ പ്രതികൾക്കെതിരേ നിലനിർത്തി.
അഭിനവ് ഭാരത് എന്ന സംഘടന പ്രതികാരമായാണ് ആക്രമണപദ്ധതികൾ ആസൂത്രണംചെയ്തതെന്നും എൻഐഎ അന്വേഷണത്തിലും കണ്ടെത്തി. അതേസമയം, പ്രജ്ഞാസിങ് ഠാക്കൂറിനെ കേസിൽനിന്ന് ഒഴിവാക്കണമെന്ന് എൻഐഎ ആവശ്യപ്പെട്ടെങ്കിലും ഇവർ വിചാരണ നേരിടണമെന്ന് കോടതി നിർദേശിച്ചു. കേസിൽ 1300 പേജുകളുള്ള കുറ്റപത്രമാണ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചത്. ഫൊറൻസിക് തെളിവുകൾ, ഫോൺവിളി വിവരങ്ങൾ, സാക്ഷിമൊഴികൾ എന്നിവയെല്ലാം കോടതിയിൽ ഹാജരാക്കിയിരുന്നു.
പ്രതിഭാഗത്തിന്റെ വാദം
രാഷ്ട്രീയപ്രേരിതമായി കള്ളക്കേസിൽ കുടുക്കിയെന്നായിരുന്നു പ്രതികളുടെ വാദം. സൈന്യത്തിന്റെ അണ്ടർകവർ ഓഫീസറായി പ്രവർത്തിച്ചുവരികയായിരുന്നുവെന്നും ഇന്റലിജൻസ് വിവരശേഖരണത്തിനായാണ് അഭിനവ് ഭാരത് എന്ന തീവ്രസംഘടനയിലേക്ക് നുഴഞ്ഞുകയറിയതെന്നുമായിരുന്നു ലെഫ് കേണൽ പുരോഹിതിന്റെ വാദം. ഇക്കാര്യങ്ങൾ മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതായും സ്ഫോടനത്തിൽ പങ്കുണ്ടെന്നത് തെളിയിക്കുന്ന തെളിവുകൾ തനിക്കെതിരെയില്ലെന്നും സമർപ്പിച്ചത് കെട്ടിച്ചമച്ച തെളിവുകളാണെന്നും ഇദ്ദേഹം കോടതിയിൽ പറഞ്ഞിരുന്നു.
10,800 തൊണ്ടിമുതലുകളാണ് കേസിൽ കോടതിയിൽ ഹാജരാക്കിയത്. 404 രേഖകളും തെളിവായി ഹാജരാക്കി. 323 പേരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. പ്രധാനസാക്ഷികളടക്കം 40-ഓളം പേർ വിചാരണസമയത്ത് കൂറുമാറിയതും ശ്രദ്ധേയമായി. വർഷങ്ങൾ നീണ്ട വിചാരണയ്ക്കിടെ അഞ്ച് വ്യത്യസ്ത ജഡ്ജിമാരാണ് കേസ് കേട്ടത്.
Content Highlights: Lt Col Purohit granted promotion to Brigadier by the Indian Army in 2026., Armed Forces Tribunal (AFT) stayed his retirement, enabling the promotion process., Acquittal in the 2008 Malegaon blast case cited as the primary reason for career restoration., Court found insufficient evidence to sustain charges against the accused.
Published: 10 Apr 2026, 10:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented