
ഗുജറാത്ത്: ബി.ജെ.പി. ദേശീയ നേതൃത്വത്തിന്റെ നിർദേശത്തെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കിയിരിക്കേ അപ്രതീക്ഷിതമായിരുന്നു രാജി.
ഗുജറാത്ത് സർക്കാരിനകത്തും പാർട്ടിയ്ക്കകത്തും പുറത്തറിയുന്ന പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി ശനിയാഴ്ച ഓൺലൈനായി സർദാർധാം ഭവൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ രൂപാണിയും പങ്കെടുത്തിരുന്നു.
എന്നാൽ അപ്രതീക്ഷിതമായുണ്ടായ രാജിയോടെ ഗുജറാത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് പുറത്തു വരുന്നത്. എന്നാല്‍ രൂപാണിയുടെ രാജിക്ക് പിന്നില്‍ വ്യക്തമായ കാരണങ്ങള്‍ ഉണ്ടെന്നാണ് ബിജെപി വൃത്തങ്ങളില്‍നിന്ന് പുറത്തുവരുന്ന സൂചനകള്‍.
രാജിയിലേക്ക് നയിച്ചത് കോവിഡ് നേരിട്ടതിലെ വീഴ്ചയോ?
കോവിഡ് പ്രതിസന്ധിയെ നേരിടുന്നതില്‍ പൂര്‍ണ പരാജയമായിരുന്നു രൂപാണി എന്ന ആരോപണം ചിലര്‍ ഉയര്‍ത്തുന്നു. കോവിഡ് കാലത്ത് രൂപാണിയുടെ പ്രവര്‍ത്തനത്തില്‍ ഗുജറാത്ത് ജനങ്ങള്‍ നിരാശരായിരുന്നു എന്നാണ് വിമര്‍ശനം. സര്‍ക്കാര്‍ കോവിഡ് സമയത്ത് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ രോഷാകുലരാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. പ്രവര്‍ത്തിക്കാത്ത ഒരു മുഖ്യമന്ത്രി ആണെന്ന വിമര്‍ശനമാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചതെന്ന അഭ്യൂഹമാണ് ചില കേന്ദ്രങ്ങളില്‍നിന്ന് പുറത്തുവരുന്നത്.

തുടക്കത്തിൽ അത്ര മോശമല്ലാത്ത പ്രതിച്ഛായ ഉണ്ടായിരുന്നെങ്കിലും ഒന്നാം കോവിഡ് തരംഗം രൂപാണി സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. അഹമ്മദാബാദിലെ ഭീതിദമായ അന്തരീക്ഷം ഒഴിവാക്കാൻ കേന്ദ്രസർക്കാരിന് നേരിട്ട് ഇടപെടേണ്ട അവസ്ഥ വന്നു. ഗുജറാത്തിൽ കോവിഡിൽ ഔദ്യോഗികകണക്കുകളെക്കാൾ നാലിരട്ടി മരണമുണ്ടായെന്ന കണ്ടെത്തലുകളെ പ്രതിരോധിക്കാനും ബിജെപിക്ക് സാധിച്ചിരുന്നില്ല.
ഇപ്പോൾ കോവിഡ് ഇരകളുടെ വീടുകൾ സന്ദർശിച്ച് പ്രതിപക്ഷം ശക്തമായ പ്രചാരണം നടത്തിവരികയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ രാജി എന്നാണ് പുറത്തു വരുന്ന വിവരം.
ബിജെപി സംസ്ഥാന അധ്യക്ഷനുമായുള്ള ഭിന്നത
ഗുജറാത്ത് ബിജെപി സംസ്ഥാനാധ്യക്ഷൻ സി.ആർ.പാട്ടീലുമായി ഭിന്നതകളുണ്ടായതും രൂപാണിക്ക് തിരിച്ചടിയായെന്ന് വിലയിരുത്തപ്പെടുന്നു. ഉദ്യോഗസ്ഥർക്കെതിരേ എം.എൽ.എ.മാർ രംഗത്തുവന്നതിനാൽ പാർട്ടിക്ക് മേൽനോട്ട സംവിധാനം ഉണ്ടാക്കേണ്ടിവന്നു. അടുത്ത മുഖ്യമന്ത്രി സമുദായത്തിൽനിന്നാവണമെന്ന് പട്ടേൽ സംഘടനകൾ ആവശ്യപ്പെട്ടതും ജൈന വിഭാഗക്കാരനായ വിജയ് രൂപാണിക്ക് ക്ഷീണമായി.
വിജയ് രൂപാണി ഗുജറാത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത് മുതൽ ബിജെപിയുടെ നിരീക്ഷണത്തിലായിരുന്നുവെന്നും എന്നാൽ പ്രവർത്തന മികവിന്റെ കാര്യത്തില്‍ അദ്ദേഹം പരാജയപ്പെട്ടുവെന്നം റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
ബിജെപി എംഎൽഎമാരെ ഒന്നിച്ചു കൊണ്ടുപോകുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. നിരന്തരമായി അദ്ദേഹത്തിനെതിരേ പാർട്ടിക്കകത്ത് തന്നെ ആരോപണങ്ങളുയർന്നു. ഉദ്യോഗസ്ഥരുടെ മേലുള്ള നിയന്ത്രണം അദ്ദേഹത്തിന് നഷ്ടപ്പെട്ടുവെന്നും ചില കേന്ദ്രങ്ങളില്‍നിന്ന് ആരോപണം ഉയര്‍ന്നിരുന്നു.
കോവിഡ് തരംഗത്തിനിടെ ഭരണതലത്തിലെ മാന്ദ്യത്തിന് തടയിടാൻ ശക്തമായ നീക്കങ്ങളാണ് ബിജെപി കേന്ദ്ര നേതൃത്വം നിലവിൽ നടത്തിക്കൊണ്ടിരിക്കുന്നത്. കേന്ദ്രമന്ത്രിസഭതന്നെ പാടെ അഴിച്ചുപണിതു.

പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളെത്തുടര്‍ന്ന് കർണാടകത്തിൽ ബി.എസ്. യെദ്യൂരപ്പയ്ക്ക് പടിയിറങ്ങേണ്ടിവന്നത് കഴിഞ്ഞ ജൂലായിലാണ്. ഉത്തരാഖണ്ഡിലെ ത്രിവേന്ദ്ര റാവത്തിന്റെ കസേര തെറിച്ചപ്പോൾ പകരമെത്തിയത് തിരത് സിങ് റാവത്ത്. അസമിൽ അഞ്ചുവർഷം തികച്ച സർബാനന്ദ സോനോവാളിന് കാലാവധി നീട്ടിക്കിട്ടിയില്ല, പകരം ഹിമന്ത ബിശ്വാസ് കസേരയുറപ്പിച്ചു. ഇപ്പോൾ ഗുജറാത്തിൽ അഞ്ചുവർഷം പിന്നിടുന്ന വിജയ് രൂപാണിയും പടിയിറങ്ങുകയാണ്.
ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്
16ാമത് ഗുജറാത്ത് മുഖ്യമന്ത്രിയായി 2016 ഓഗസ്റ്റ് 7നാണ് വിജയ് രൂപാണി സ്ഥാനമേൽക്കുന്നത്. ആനന്ദിബെൻ പട്ടേലിന്റെ രാജിയ്ക്ക് പിന്നാലെ ആയിരുന്നു വിജയ് രൂപാണി മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്.
വിജയ് രൂപാണിയുടെ രാജിയോടെ അടുത്ത ഗുജറാത്ത് മുഖ്യമന്ത്രി ആര് ആകും എന്നാണ് ഇപ്പോഴത്തെ ചർച്ച. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ബിജെപി എംഎൽഎമാരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഇതിന് ശേഷം പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം.
നിതിൻ പട്ടേൽ, ഗോർദൻ സദാഫിയ, പ്രഫുൽ കെ പട്ടേൽ തുടങ്ങിയവരിൽ ആരെങ്കിലും അടുത്ത മുഖ്യമന്ത്രി സ്ഥാനത്തെത്തുമെന്നാണ് പുറത്തു വരുന്ന വിവരം.
Content Highlights: Possible reasons behind Vijay Rupani resignation
Published: 12 Sept 2021, 10:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented