ന്യൂഡൽഹി: കേരളത്തിലടക്കം ഭരണമാറ്റമുണ്ടായ സംസ്ഥാനങ്ങളിൽ പി.എം. ശ്രീ പദ്ധതി നടപ്പാക്കിയെടുക്കാൻ നീക്കവുമായി കേന്ദ്രസർക്കാർ. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പി.എം. ശ്രീ സ്‌കൂളുകൾ ഇനിയും നടപ്പാക്കിയിട്ടില്ലാത്ത കേരളത്തിലും പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും ഇത്തവണ സർക്കാർ മാറിയിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ സർക്കാരുകൾക്ക് കത്തയക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. എത്രയുംവേഗം പദ്ധതി നടപ്പാക്കാനാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിമാർക്ക് കത്തയക്കാനാണ് നീക്കം. ഇക്കാര്യത്തിൽ കേരളത്തിലെ പുതിയ യു.ഡി.എഫ്. സർക്കാർ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.
തൃണമൂൽ കോൺഗ്രസ് അധികാരത്തിലിരുന്ന ബംഗാളും ഡി.എം.കെ. അധികാരത്തിലിരുന്ന തമിഴ്‌നാടും കേന്ദ്രവുമായി പി.എം. ശ്രീ ധാരണാപത്രം ഒപ്പുവെച്ചിട്ടില്ല. കേരളത്തിലെ എൽ.ഡി.എഫ്. സർക്കാർ പദ്ധതിക്കായി ധാരണാപത്രത്തിലേർപ്പെട്ടെങ്കിലും രാഷ്ട്രീയ വിവാദമായോടെ തുടർനടപടികളെടുത്തിരുന്നില്ല. ഇപ്പോൾ മൂന്നിടത്തും സർക്കാർ മാറിയതിനാൽ പദ്ധതി നടപ്പാക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. ബംഗാളിൽ ബി.ജെ.പി. ഭരണം പിടിച്ചതിനാൽ പി.എം. ശ്രീ നടപ്പാക്കുമെന്നുറപ്പാണ്.
അതേസമയം, കേരളത്തിലും തമിഴ്‌നാട്ടിലും ഭരണം മാറിയെങ്കിലും ബി.ജെ.പിയിതര സർക്കാരായതിനാൽ ഏതുവിധത്തിലുള്ള നയമാണ് സ്വീകരിക്കുകയെന്ന് വ്യക്തമല്ല. തമിഴ്‌നാട്ടിൽ ദ്വിഭാഷാ നയത്തിനായി വാദിക്കുന്നതിനാൽ വിജയ് നേതൃത്വം നൽകുന്ന ടി.വി.കെ. കേന്ദ്ര പദ്ധതിയോട് മുഖം തിരിക്കാനാണ് സാധ്യത.
കേരളത്തിലാണെങ്കിൽ, എൽ.ഡി.എഫ്. സർക്കാർ പദ്ധതി നടപ്പാക്കാനൊരുങ്ങിയപ്പോൾ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം എതിർപ്പുയർത്തിയിരുന്നു. എന്നാൽ, കോൺഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ പി.എം. ശ്രീ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. മാത്രമല്ല, കഴിഞ്ഞ സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുള്ളതിനാൽ തുടർനടപടി സ്വീകരിക്കേണ്ടിയും വന്നേക്കും. അതിനാൽ പുതിയ സർക്കാർ എന്തു നയം കൈക്കൊള്ളുമെന്നത് പ്രധാനമാകും.
പി.എം. ശ്രീ സ്‌കൂളുകൾക്കായി കഴിഞ്ഞവർഷം ഒക്ടോബറിലായിരുന്നു എൽ.ഡി.എഫ്. സർക്കാർ കേന്ദ്രവുമായി ധാരണാപത്രം ഒപ്പുവെച്ചത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മാതൃകാ സ്‌കൂളുകളായാണ് പി.എം. ശ്രീ സ്‌കൂളുകളെ കേന്ദ്രസർക്കാർ അവതരിപ്പിക്കുന്നത്. പദ്ധതിയിൽ ചേരാത്തതിന്റെ പേരിൽ സംസ്ഥാനങ്ങൾക്കുള്ള സമഗ്രശിക്ഷാ ഫണ്ടുകൾ കേന്ദ്രം തടഞ്ഞുവെക്കുന്നതും വിവാദവിഷയമാണ്.
Content Highlights: Central government seeks to implement PM SHRI schools in Kerala, West Bengal, and Tamil Nadu., New governments in these states are expected to receive formal requests to sign MoUs., The previous LDF government in Kerala had signed the MoU but halted progress due to political controversy., The implementation status remains uncertain for non-BJP states like Kerala and Tamil Nadu despite the change in power., The central government has previously withheld Samagra Shiksha funds from states not participating in the scheme.
Published: 07 May 2026, 11:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented