ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ സിഗ്നേച്ചർ സേവനദാതാവും പബ്ലിക് കീ ഇൻഫ്രാസ്ട്രക്ചർ (PKI) സ്ഥാപനവുമായ ഇമുദ്ര (eMudhra) ആഗോള എസ്‌എസ്‌എൽ/ടിഎൽഎസ്‌ ബിസിനസിൽനിന്ന് പിൻമാറുന്നു. അടുത്തിടെ പുറത്തുവന്ന സുരക്ഷാവീഴ്ചയും സമൂഹമാധ്യമങ്ങളിൽ ഉയർന്നുവന്ന രൂക്ഷമായ വിമർശനങ്ങളും ബിസിനസിലെ വർധിച്ചുവരുന്ന ചെലവുകളും ലാഭക്കുറവുമാണ് ഈ തീരുമാനത്തിന് കാരണമെന്ന് കമ്പനി അറിയിച്ചു.

To advertise here,

സുരക്ഷാവീഴ്ച കണ്ടെത്തിയ സംഭവം

ഇമുദ്രയുടെ ആഗോള എസ്‌എസ്‌എൽ/ടിഎൽഎസ്‌ സർട്ടിഫിക്കറ്റ് സംവിധാനത്തെ കുറിച്ച് ആശങ്കകൾ ഉയർന്ന സാഹചര്യത്തിലാണ് കമ്പനി ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തിയിരുന്നത്. അടുത്തിടെ ഇമുദ്രയുടെ സെക്യൂരിറ്റി കീകളിൽ വൻ സുരക്ഷാവീഴ്ച കണ്ടെത്തിയിരുന്നു. ഇമുദ്രയുടെ ഹാർഡ്‌വെയർ സെക്യൂരിറ്റി മോഡ്യൂളിൽ സൃഷ്ടിച്ച എട്ട് കീകളിലാണ് പ്രശ്നം കണ്ടെത്തിയത്. വെബ്‌സൈറ്റ് സുരക്ഷയ്ക്കായും സോഫ്റ്റ്‌വെയറുകൾ ഡിജിറ്റലായി ഒപ്പിടുന്നതിനുമായിട്ടായിരുന്നു ഇവ രൂപകൽപ്പന ചെയ്തത്. എന്നാൽ, ഈ കീകൾ നിർമിക്കുമ്പോൾ നടത്തേണ്ട പരിശോധനയിലെ പിഴവ് കാരണം ശക്തമായ കീകൾക്കൊപ്പം ദുർബലമായ കീകളും സൃഷ്ടിക്കപ്പെടുകയും അവ ഉപയോഗിക്കപ്പെടുകയും ചെയ്തു.

ഈ പ്രശ്നം അതിവേഗം കൈകാര്യം ചെയ്തതായി കമ്പനി പറയുന്നു. സുരക്ഷാപ്രശ്നം തിരിച്ചറിഞ്ഞ 14 മണിക്കൂറിനുള്ളിൽ തന്നെ ബാധിക്കപ്പെട്ട സർട്ടിഫിക്കറ്റ് അതോറിറ്റികളെ (Certificate Authorities) കമ്പനി റദ്ദാക്കി. കൂടാതെ, ഇക്കാര്യം അവർ ഉടൻതന്നെ വെളിപ്പെടുത്തുകയും ചെയ്തു. ബാധിക്കപ്പെട്ട അതോറിറ്റികൾ വഴി എൻഡ്-എന്റിറ്റി സർട്ടിഫിക്കറ്റുകൾ ഒന്നും നൽകിയിട്ടില്ലെന്നും, കമ്പനിയുടെ അടിസ്ഥാന സൗകര്യങ്ങൾ (Infrastructure) സുരക്ഷിതമാണെന്നും, വിവരങ്ങളൊന്നും ചോർന്നിട്ടില്ലെന്നും ഇമുദ്ര ഉറപ്പിച്ചു പറഞ്ഞു.

Read More @ ഇമുദ്ര ഡിജിറ്റൽ കീ സുരക്ഷാവീഴ്ച; ഒഴിവായത് വലിയ ദുരന്തം, സംഭവിച്ചതെന്ത്?

എന്തിനാണ് എസ്‌എസ്‌എൽ/ടിഎൽഎസ്‌ ബിസിനസിൽ നിന്ന് പിൻമാറുന്നത്?

കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ ഒരു ശതമാനം മാത്രമാണ് എസ്‌എസ്‌എൽ/ടിഎൽഎസ്‌ ബിസിനസ്. എന്നാൽ, അടുത്തിടെയുണ്ടായ സുരക്ഷാപ്രശ്നവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉയർന്നുവന്ന വിമർശനങ്ങളും പരിശോധനകളും കമ്പനിക്ക് വലിയ തലവേദനയായി മാറി. കമ്പനിയുടെ മൊത്തം വരുമാനത്തിൽ ചെറിയ പങ്കുമാത്രം വഹിക്കുന്ന ഈ ബിസിനസിന്റെ പേരിലുള്ള വിമർശനങ്ങൾ അനാവശ്യമാണെന്ന് കമ്പനി അധികൃതർ വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ ഇനിയും ഈ ബിസിനസിൽ തുടരുന്നത് കമ്പനിക്കും ഓഹരി ഉടമകൾക്കും ഗുണകരമല്ലെന്ന് ബോർഡ് വിലയിരുത്തുകയായിരുന്നു. പകരം, കൂടുതൽ ലാഭകരമായ എന്റർപ്രൈസ് സൊല്യൂഷനുകളിലും ഡിജിറ്റൽ ട്രസ്റ്റ് സേവനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ തീരുമാനം.

ഈ തീരുമാനം ബാധിക്കുന്ന ഉപഭോക്താക്കളെ കമ്പനി നേരിട്ട് ബന്ധപ്പെടുകയും അവരുടെ സർട്ടിഫിക്കറ്റുകൾ തങ്ങളുടെ പങ്കാളികളിലൂടെ സൗജന്യമായി മാറ്റി നൽകാനുള്ള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യുന്നുണ്ട്. എല്ലാ സർട്ടിഫിക്കറ്റുകളും കാലാവധി തീരുന്നതുവരെ അല്ലെങ്കിൽ മാറ്റി സ്ഥാപിക്കുന്നതുവരെ അവയുടെ സ്റ്റാറ്റസ് പരിശോധിക്കാനുള്ള സേവനങ്ങൾ തുടരും. കൂടാതെ, ബ്രൗസർ റൂട്ട് പ്രോഗ്രാമുകൾക്കായി ഈ സംഭവത്തെക്കുറിച്ചുള്ള സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും അവർ അറിയിച്ചിട്ടുണ്ട്.