തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുമായി കോൺഗ്രസ്. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് പരാതി.

To advertise here,

ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവും എഐസിസി അംഗവുമായ അനിൽ അക്കരയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സമയത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംവിധാനങ്ങൾ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം ഉൾപ്പെടെയുള്ളവ നടത്തിയെന്ന് പരാതിയിൽ ആരോപിക്കുന്നു.

ദൂരദർശനിലൂടെയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഈ സമയം അദ്ദേഹം രാഷ്ട്രീയ പരമായ വിമർശനങ്ങൾ ഉന്നയിച്ചുവെന്നും പരാതിയിൽ പറയുന്നു. പ്രധാനമന്ത്രി തന്റെ ഔദ്യോഗിക പ്രസംഗം രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തുവെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ആരോപിച്ചിരുന്നു. വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിനെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

ഔദ്യോഗിക പ്ലാറ്റ്ഫോം രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാൻ പ്രധാനമന്ത്രി ദുരുപയോഗം ചെയ്തുവെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ കോൺഗ്രസിനെ 59 തവണ പരാമർശിച്ചുവെന്നും എന്നാൽ, സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് കാര്യമായി സംസാരിച്ചില്ലെന്നും ഖാർഗെ കുറ്റപ്പെടുത്തി.