ന്യൂഡൽഹി: പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർധിപ്പിച്ചു. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ച സാഹചര്യത്തിലാണ് എണ്ണക്കന്പനികൾ ഇന്ധനവില വർധിപ്പിച്ചത്. വാർത്താ ഏജൻസിയായ പി.ടി.ഐ ആണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. പെട്രോളിനും ഡീസലിനും ലിറ്ററിന് 3.04 രൂപ വീതമാണ് കേരളത്തിൽ വർധിക്കുക. പുതുക്കിയ നിരക്ക് അനുസരിച്ച് കൊച്ചിയിൽ പെട്രോളിന് 108.62 രൂപയായി. ഡീസൽ വില ലിറ്ററിന് 97.55 രൂപയായും ഉയർന്നു. പെട്രോൾ ഡീസൽ വില വർധിപ്പിച്ചതിനൊപ്പം സിഎൻജി വിലയും കമ്പനികൾ വർധിപ്പിച്ചിട്ടുണ്ട്. രണ്ടുരൂപയാണ് സിഎൻജി വില വർധിപ്പിച്ചത്.

To advertise here,

പ്രധാന നഗരങ്ങളിലെ പുതുക്കിയ പെട്രോൾ, ഡീസൽ വില താഴെ

നഗരംപെട്രോൾ (₹)ഡീസൽ (₹)
തിരുവനന്തപുരം110.4899.38
കൊച്ചി108.6297.55
ഡൽഹി97.7790.67
മുംബൈ106.6893.14
ചെന്നൈ103.6795.25
കൊൽക്കത്ത108.7495.13
ബംഗളൂരു105.9693.99

ഓരോ സംസ്ഥാനത്തെയും നികുതി നിരക്കുകളിലെ (VAT) വ്യത്യാസം കാരണം വിവിധ നഗരങ്ങളിൽ വിലയിൽ മാറ്റമുണ്ടാകാം. പ്രാദേശിക എണ്ണക്കമ്പനികളുടെ ഔദ്യോഗിക ആപ്പുകൾ വഴി കൃത്യമായ തത്സമയ വില പരിശോധിക്കാവുന്നതാണ്.

വില ഇനിയും വർധിക്കുമെന്ന ആശങ്കയെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പെട്രോൾ പമ്പുകളിൽ വലിയ തിരക്കും പരിഭ്രാന്തിയും അനുഭവപ്പെടുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പലയിടങ്ങളിലും ഇന്ധനം തീർന്നുവെന്ന ബോർഡുകൾ പ്രത്യക്ഷപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ അവസാനിച്ചതിന് പിന്നാലെയാണ് ഇപ്പോൾ വില വർധിപ്പിച്ചിരിക്കുന്നത്. ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റവും വർധിച്ചുവരുന്ന ഇറക്കുമതിച്ചെലവുമാണ് ഇന്ത്യയെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഗുജറാത്ത്, ഒഡീഷ തുടങ്ങിയ സ്ഥലങ്ങളിലും ഇന്ധനം നിറയ്ക്കാൻ ജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.