മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനത്തെ പകുതിയിലധികം സീറ്റുകൾ പ്രതിപക്ഷത്തിന് ഉറപ്പുനല്‍കാമെന്ന് പറഞ്ഞ് രണ്ടുപേര്‍ തന്നെ സമീപിച്ചിരുന്നതായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. താന്‍ അവരെ രാഹുല്‍ ഗാന്ധിക്ക് പരിചയപ്പെടുത്തിക്കൊടുത്തു. എന്നാല്‍, തങ്ങള്‍ രണ്ടുപേരും ഇത് തങ്ങളുടെ വഴിയെല്ലെന്ന് പറഞ്ഞ് അവരെ മടക്കിയെന്നും ശരദ് പവാര്‍ പറഞ്ഞു. നാഗ്പുരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവരുടെ വാക്കുകളെ മുഖവിലക്കെടുത്തിരുന്നില്ലെങ്കിലും ഇപ്പോഴും ആ കാര്യം ഓര്‍ക്കുന്നുവെന്നും പവാര്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഡല്‍ഹിയിലായിരുന്നു രണ്ടുപേര്‍ കാണാന്‍ വന്നത്. മഹാരാഷ്ട്രയില്‍ 288 സീറ്റുകളില്‍ 160 സീറ്റുകള്‍ പ്രതിപക്ഷത്തിന് ഉറപ്പുനല്‍കാമെന്ന് പറഞ്ഞു. താന്‍ അദ്ഭുതപ്പെട്ടുപോയി. അവര്‍ അത്തരത്തിലൊരു അവകാശവാദമുന്നയിച്ചെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷനില്‍ സംശയമൊന്നുമുണ്ടായിരുന്നില്ല. അത്തരം ആളുകള്‍ വരാറുള്ളതിനാല്‍ അവരെ അവഗണിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയുമായി അവര്‍ക്ക് കൂടിക്കാഴ്ചയ്ക്കുള്ള സൗകര്യമൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു. അവര്‍ പറയാനുള്ളതെല്ലാം രാഹുലിനോട് പറഞ്ഞു. എങ്കിലും അവസാനം ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കേണ്ടതില്ലെന്ന് രണ്ടുപേരും തീരുമാനിക്കുകയായിരുന്നു. ജനങ്ങളുടെ മുന്നില്‍ പോയി അവരുടെ പിന്തുണ ആര്‍ജിക്കുക എന്ന വഴിയാണ് സ്വീകരിച്ചത്. അന്നു വന്ന ആ രണ്ടുപേരുടെയും അവകാശവാദങ്ങള്‍ക്ക് മുഖവില കൊടുക്കാതിരുന്നതിനാല്‍ അവരുടെ രണ്ടുപേരുടെയും വ്യക്തിഗത വിവരങ്ങളോ മറ്റോ കൈയിലില്ലെന്നും ശരദ് പവാര്‍ പറഞ്ഞു.
എന്നാല്‍, ഏത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇവര്‍ വന്നതെന്ന് പവാര്‍ കൃത്യമായി പറഞ്ഞിട്ടില്ലെങ്കിലും 2024 നവംബറില്‍ നടന്ന തിരഞ്ഞെടുപ്പിനെക്കുറിച്ചാണ് അദ്ദേഹത്തിന്റെ പരാമര്‍ശമെന്ന് വ്യക്തമായിരുന്നു. ബിജെപി, ശിവസേന, എന്‍സിപി എന്നിവരടങ്ങിയ മഹായുതി സഖ്യമാണ് വിജയിച്ചത്. കോണ്‍ഗ്രസ്, ശിവസേന (യുബിടി), എന്‍സിപി (എസ്പി) സഖ്യം 50 സീറ്റുകള്‍ നേടിയപ്പോള്‍ മഹായുതി സഖ്യം 235 സീറ്റുകള്‍ നേടി. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 48 സീറ്റുകളില്‍ 30 എണ്ണവും മഹാവികാസ് അഘാഡി സഖ്യം (എംവിഎ) നേടിയിരുന്നു. ഇതു ചൂണ്ടിക്കാട്ടി, തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളാണ് തങ്ങളുടെ പരാജയത്തിന് കാരണമെന് അന്നുതന്നെ എംവിഎ വിമര്‍ശനമുന്നയിച്ചിരുന്നു.
വോട്ടുമോഷണം അക്കമിട്ടു നിരത്തി മാധ്യമങ്ങള്‍ക്കു മുന്‍പില്‍ രാഹുല്‍ ഗാന്ധി പവര്‍പോയിന്റ് പ്രസന്റേഷന്‍ നടത്തിയതിനു പിന്നാലെയാണ് ശരദ് പവാറിന്റെ വെളിപ്പെടുത്തല്‍. രാഹുല്‍ ഗാന്ധിയുടെ അവതരണത്തെ പ്രശംസിച്ച അദ്ദേഹം, പ്രതിപക്ഷ നേതാവില്‍നിന്ന് ഒപ്പിട്ട സത്യവാങ്മൂലം ആവശ്യപ്പെട്ടതിന് തിരഞ്ഞെടുപ്പ് കമ്മിഷനെ വിമര്‍ശിക്കുകയും ചെയ്തു.
Content Highlights: Sharad Pawar reveals he offered a `guaranteed` 160 seats In Election
Published: 09 Aug 2025, 09:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented