ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. കാര്‍ പൊട്ടിത്തെറിച്ച്  13 മരിക്കാനിടയായ സംഭവത്തെ ഭീകരാക്രമണമെന്ന് ഔദ്യോഗികമായി വിശേഷിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 48 മണിക്കൂര്‍ എടുത്തുവെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

To advertise here,

ഇതുവരെ 13 പേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ധാരാളം പേര്‍ക്ക് പരിക്കേറ്റു. ഞാന്‍ അതിനെ ‘സ്‌ഫോടനം’ എന്നാണ് വിളിക്കുന്നത്, കാരണം സംഭവത്തെ ഭീകരാക്രമണമെന്ന് വിളിക്കാന്‍ കേന്ദ്രമന്ത്രിസഭ 48 മണിക്കൂര്‍ എടുത്തു, പവന്‍ ഖേര പറഞ്ഞു. ഇപ്പോള്‍ 2,900 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ ഡല്‍ഹിയില്‍നിന്ന് കഷ്ടിച്ച് 20 കിലോമീറ്റര്‍ അകലെ ചെങ്കോട്ടയ്ക്ക് പുറത്ത് ഒരു കാറില്‍ എത്തുകയും അത് പൊട്ടിത്തെറിച്ച് മരണങ്ങളും പരിക്കുകളും ഉണ്ടാകുകയും ചെയ്തു. രാജ്യതലസ്ഥാനത്തിന്റെ സുരക്ഷയുടെ ഉത്തരവാദിത്വം ആര്‍ക്കാണെന്നും ഖേര ആരാഞ്ഞു.

 

 

ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ഉടന്‍ വിളിച്ചുചേര്‍ക്കണമെന്നും ഖേര ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഭൂട്ടാന്‍സന്ദര്‍ശനത്തെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മുന്‍ഗണന ചിലപ്പോള്‍ ഭൂട്ടാന്‍ ആയിരിക്കും, പക്ഷേ ഇത് ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണ്, ഖേര പറഞ്ഞു.