ന്യൂഡൽഹി : ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് ബില്ലുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയിലെ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് സുപ്രീം കോടതി ജഡ്ജിമാർ അനുമതി നൽകിയില്ല. കൂടിക്കാഴ്ച അഭികാമ്യം അല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതിയുടെ രജിസ്ട്രാർ ജനറൽ ജെപിസി അധ്യക്ഷന് കത്ത് നൽകി. ഇതോടെ ഒക്ടോബർ ആറിന് നിശ്ചയിച്ചിരുന്ന സുപ്രീം കോടതി സന്ദർശനം സംയുകത പാർലമെന്ററി സമിതി റദ്ദാക്കി.

To advertise here,

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായും ജഡ്ജിമാരുമായും അനൗപചാരിക ചർച്ച നടത്താനായിരുന്നു സംയുക്ത പാർലമെന്ററി സമിതി ഒക്ടോബർ 6 ന് സുപ്രീം കോടതി സന്ദർശിക്കാൻ തീരുമാനിച്ചിരുന്നത്. ഇതിനായി ജഡ്ജിമാരുടെ കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരുന്നു.

എന്നാൽ പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കുന്ന ജഡ്ജിമാർ സംയുക്ത പാർലമെന്ററി സമിതിയിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നത് അഭികാമ്യമല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി രജിസ്ട്രാർ ജനറൽ ജെപിസി അധ്യക്ഷനും ബിജെപി എംപിയുമായ പി പി ചൗധരിക്ക് കത്ത് നൽകി. കൂടിക്കാഴ്ച റദ്ദാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.

സന്ദർശനം ജഡ്ജിമാരുമായി നിർദ്ദിഷ്ട നിയമനിർമാണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നാണ് ജെപിസി അധ്യക്ഷൻ പി പി ചൗധരി പറയുന്നത്. ചില അംഗങ്ങൾ ഒരിക്കലും സുപ്രീം കോടതി സന്ദർശിച്ചിട്ടില്ലാത്തതിനാൽ, കോടതിയെയും അവിടുത്തെ ലൈബ്രറിയെയും കുറിച്ച് അംഗങ്ങൾക്ക് പരിചയപ്പെടുത്താൻ വേണ്ടിയുള്ളതായിരുന്നു സന്ദർശനം എന്നും അദ്ദേഹം പറഞ്ഞു.

മറ്റ് ചില പരിപാടികൾ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ളതിനാലാണ് സന്ദർശനം മാറ്റിവെച്ചത് എന്നും ചൗധരി പറഞ്ഞു. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഉൾപ്പെടെ ജെപിസി അംഗങ്ങളുടെ സുപ്രീം കോടതി സന്ദർശനത്തിന് എതിരേ രംഗത്തെത്തിയിരുന്നു. നിയമം പാസാക്കിക്കഴിഞ്ഞാൽ അത് പിന്നീട് ഭരണഘടനാ പരിശോധനയ്ക്കായി സുപ്രീം കോടതിയുടെ മുന്നിൽ വന്നേക്കാവുന്ന ഒന്നാണെന്നും, അതിനാൽ ഈ ഇടപെടൽ അധികാര വിഭജന തത്വത്തിന് എതിരാണെന്നും സിബൽ ആരോപിച്ചിരുന്നു.

മുൻ ചീഫ് ജസ്റ്റിസുമാരായ യു.യു. ലളിത്, രഞ്ജൻ ഗൊഗോയ്, ജെ.എസ്. ഖേഹർ, ഡി.വൈ. ചന്ദ്രചൂഡ് തുടങ്ങിയ നിരവധി പ്രമുഖരുടെ അഭിപ്രായം സംയുക്ത പാർലമെന്ററി സമിതി രേഖപ്പെടുത്തിയിട്ടുണ്ട്.