പട്ന: 31 വർഷം പഴക്കമുള്ള കേസിൽ ബിഹാർ എംപി പപ്പു യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി പട്‌ന പോലീസ് അദ്ദേഹത്തിന്റെ വസതിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർച്ചയായി വാദം കേൾക്കലുകളിൽ നിന്ന് വിട്ടുനിന്നതിന് കർശന നടപടിയെടുക്കാൻ കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് നടപടി. എന്നാൽ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും നീറ്റ് വിദ്യാർത്ഥികൾക്കുള്ള തന്റെ പിന്തുണയുമായി ബന്ധപ്പെട്ടതാണെന്നും പപ്പു യാദവ് ആരോപിച്ചു. പട്‌ന പോലീസ് അറസ്റ്റിനായി വസതിയിൽ എത്തിയതിന് പിന്നാലെ, എക്സിലാണ് എംപി ഇക്കാര്യം കുറിച്ചത്.

To advertise here,

1995ൽ ഗാർഡാനിബാഗ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടതാണ് കേസ്. തന്റെ വീട് വഞ്ചനയിലൂടെ വാടകയ്‌ക്കെടുത്തെന്നും പിന്നീട് പാർലമെന്റ് അംഗത്തിന്റെ ഓഫീസായി ഉപയോഗിച്ചെന്നുമാണ് പരാതിക്കാരനായ വിനോദ് ബിഹാരി ലാലിന്റെ ആരോപണം. കരാറിന്റെ സമയത്ത് ഈ വസ്തുത മറച്ചുവെച്ചിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. കേസിൽ ഹാജരാകാത്തതിതെ തുടർന്ന് കോടതി നേരത്തെ പ്രതികൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നീട് പ്രതികളുടെ വീടുകളിൽ നോട്ടീസ് ഒട്ടിക്കാനും നിർദ്ദേശിച്ചു. ഈ നടപടികൾ സ്വീകരിച്ചിട്ടും കോടതിയിൽ ഹാജരാകാത്തതിനാൽ, പപ്പു യാദവിന്റെയും മറ്റ് പ്രതികളുടെയും സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള അന്തിമ ഉത്തരവ് കോടതി ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുകയാണ്.