
കൊച്ചി: 'ഓ അതു പഴയപത്രമല്ലേ' എന്നുപറഞ്ഞ് വലിച്ചെറിയാന്‍ വരട്ടെ. പഴയപത്രത്തിന്റെ ഇപ്പോഴത്തെ വിലകേട്ടാല്‍ ഞെട്ടും. കിലോഗ്രാമിന് 25 മുതല്‍ 30 രൂപ വരെ. ഇടയ്ക്ക് 32-33 രൂപവരെ ഉയര്‍ന്നിരുന്നു. കോവിഡിനുമുമ്പ് കിലോഗ്രാമിന് 10-13 രൂപയുണ്ടായിരുന്ന പഴയ പത്രക്കടലാസിന്റെ വില ഇപ്പോള്‍ കുതിച്ചുയരുകയാണ്. ആഗോളതലത്തില്‍ കടലാസിന് അതിരൂക്ഷമായ ക്ഷാമം നേരിടുന്നതാണ് പഴയപത്രങ്ങളെ 'പൊന്നുംവിലയില്‍' എത്തിച്ചത്.
കടലാസ് ക്ഷാമമുള്‍പ്പെടെ ഒട്ടേറെ ഘടകങ്ങള്‍ കാരണമാണ് പഴയപത്രത്തിനും കടലാസിനും കാര്‍ട്ടണ്‍ ബോക്സുകള്‍ക്കും വിലയുയര്‍ന്നത്. ആഗോളതലത്തില്‍ ഇ-കൊമേഴ്സ് വ്യാപാരത്തില്‍ വന്‍ കുതിപ്പുണ്ടായതോടെ ഭക്ഷണം, ഗാഡ്ജറ്റസ്, മറ്റ് ഉത്പന്നങ്ങള്‍ എന്നിവ വീടുകളിലെത്തിക്കുന്ന കാര്‍ട്ടണ്‍ ബോക്സുകള്‍ക്കും വന്‍തോതില്‍ ആവശ്യമുയര്‍ന്നു. പ്ലാസ്റ്റിക് നിരോധനമുള്‍പ്പെടെയുള്ള പരിസ്ഥിതിനിയന്ത്രണങ്ങളും കടലാസിനെ 'വലിയ' വിലയുള്ളതാക്കി. റഷ്യ-യുക്രൈന് യുദ്ധവും കടലാസ് നിര്‍മാണത്തെ ബാധിച്ചു.
ഇതിനുമപ്പുറം ചൈനയുടെ കടലാസ്, പള്‍പ്പ് ഇറക്കുമതി വന്‍തോതില്‍ ഉയര്‍ന്നതും കാരണങ്ങളിലൊന്നാണ്. പാഴ്ക്കടലാസ് ഇറക്കുമതി പൂര്‍ണമായി നിരോധിച്ച ചൈന വന്‍തോതിലാണ് ക്രാഫ്റ്റ് പേപ്പര്‍ അഥവാ കാര്‍ട്ടണ്‍ബോക്സ് നിര്‍മിക്കുന്നുതിനുള്ള പേപ്പര്‍ ഇറക്കുമതി ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയുടെ കടലാസ് കയറ്റുമതിയും വന്‍തോതില്‍ ഉയര്‍ന്നു.
ഡയറക്ടര്‍ ജനറല്‍ ഓഫ് കൊമേഴ്സ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം 2021-22 സാമ്പത്തികവര്‍ഷം 13,963 കോടിരൂപയുടെ കയറ്റുമതിയെന്ന സര്‍വകാല റെക്കോഡിലെത്തി. ചൈന, യു.എ.ഇ., സൗദി അറേബ്യ, ബംഗ്ലാദേശ്, വിയറ്റ്നാം, ശ്രീലങ്ക എന്നിവിടങ്ങളിലേക്കാണ് ഇന്ത്യയുടെ കടലാസ് കയറ്റുമതിയില്‍ 90 ശതമാനവും.
2017-18-ല്‍ 6.6 ലക്ഷം ടണ്‍ ആയിരുന്ന കയറ്റുമതി 2022-ല്‍ 28.5 ലക്ഷം ടണ്ണിലേക്കെത്തിയെന്ന് ഇന്ത്യന്‍ പേപ്പര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്റെ കണക്കുകളും വ്യക്തമാക്കുന്നു. കടലാസ്, ക്രാഫ്റ്റ് പേപ്പര്‍, കാര്‍ട്ടണ്‍ ബോക്സ് ആവശ്യം ലോകവ്യാപകമായി ഉയരുന്നതിനാല്‍ പഴയ പത്രക്കടലാസിന്റെ വില ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്.
Content Highlights: paper export India
Published: 27 Aug 2022, 07:32 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented