അതിരാവിലെ പത്രവുമായി വീട്ടിലെത്തുന്നയാള്‍, പാല്‍വില്‍പ്പന നടത്തുന്നൊരാള്‍... എടക്കാട് വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്‍.വി. അഞ്ജന ഇങ്ങനെയെല്ലാമാണ്. മോട്ടോര്‍ വാഹനവകുപ്പുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തുകൊടുക്കുന്ന ഏജന്‍സിയിലെ പണിക്കുപുറമേ കുട്ടികള്‍ക്ക് ട്യൂഷനെടുത്തും പൊതുപ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെട്ടും നാട്ടുകാര്‍ക്ക് സുപരിചിതയാണ് ഈ ഇരുപത്തഞ്ചുകാരി.

To advertise here,

 

എന്നും വീട്ടിലെത്തുന്നയാള്‍ വോട്ടുചോദിച്ചെത്തിയതിന്റെ ആവേശത്തിലായിരുന്നു എടക്കാട് പറയിടത്ത് ടി.വി. പ്രവീണും കുടുംബവും. സ്ഥാനാര്‍ഥിയാകട്ടെ, ഓരോ ആളുടെയും പേരുവിളിച്ച് വോട്ട് ഉറപ്പിക്കുന്നതിന്റെ തിരക്കിലും. ''ഇത് എന്റെ നാടാണ്, ഇവിടെ ജനിച്ചുവളര്‍ന്നു എന്നതുമാത്രമല്ല, ഓരോ വീട്ടിലും എന്നും ഞാന്‍ എത്താറുണ്ട്. ആളുകള്‍ക്കെല്ലാം എന്നെയും എനിക്ക് അവരെയും അറിയാം. സ്ഥാനാര്‍ഥിയായി എത്തിയപ്പോള്‍ വലിയ സ്വീകരണമാണ് ആളുകളില്‍നിന്ന് ലഭിക്കുന്നത്. സ്വന്തം വീട്ടിലെ കുട്ടി എന്നൊരു ചേര്‍ത്തുപിടിക്കല്‍ ഉണ്ട്'' -അഞ്ജനയുടെ വാക്കുകളില്‍ പ്രതീക്ഷ നിറയുന്നു.

 

നടക്കാവ് എംഇഎസ് വിമെന്‍സ് കോളേജില്‍നിന്ന് ബികോം പഠിച്ചു. കെഎസ്‌യുവില്‍ അംഗമായാണ് പൊതുപ്രവര്‍ത്തനം തുടങ്ങിയത്. യൂത്ത് കോണ്‍ഗ്രസ് എടക്കാട് മണ്ഡലം സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് സ്ഥാനാര്‍ഥിത്വം.

 

യുവാക്കള്‍, വയോജനങ്ങള്‍, സ്ത്രീകള്‍ തുടങ്ങിയവരുടെ ഉന്നമനത്തിനായി നൂതനപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ് ലക്ഷ്യം. അടിസ്ഥാനവികസനം, മാലിന്യസംസ്‌കരണം എന്നിവയാണ് പ്രഥമപരിഗണന- അഞ്ജന പറഞ്ഞു പൂര്‍ത്തിയാക്കുമ്പോഴേക്കും പ്രവര്‍ത്തകരുടെ ഒരു കൂട്ടമെത്തി. വോട്ടുറപ്പിക്കാന്‍ 'പത്രക്കാരി'യുടെ യാത്രതുടര്‍ന്നു.