
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കനത്ത തിരിച്ചടിയാണ് ഇന്ത്യ പാകിസ്താന് നല്‍കിയത്. ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകളുടെ പ്രത്യാക്രമണത്തില്‍ പാകിസ്താന് പിടിച്ചുനില്‍ക്കാനായില്ല. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനികനടപടി ആദ്യം പാക് ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു. എന്നാല്‍ പാകിസ്താന്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതോടെ ഇന്ത്യ അതിശക്തമായി തിരിച്ചടിച്ചു. ഇപ്പോഴിതാ ഓപ്പറേഷന്‍ സിന്ദൂറിനിടെയില്‍ ഭയന്നോടുന്ന പാക് സൈനികരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്).
ഇന്ത്യയുടെ അതിശക്തമായ തിരിച്ചടി പ്രതിരോധിക്കാനാകാതെ രക്ഷപ്പെട്ട് ഓടുന്ന പാക് സൈനികരെ വീഡിയോയില്‍ കാണാം. പാക് പോസ്റ്റിലെ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് പാക് സൈനികർ ഓടി രക്ഷപ്പെട്ടത്. പാക് പോസ്റ്റുകളില്‍ ഇന്ത്യ നടത്തിയ ആക്രമണങ്ങള്‍ കനത്ത നാശം വിതച്ചിരുന്നു. ദൃശ്യങ്ങളില്‍ അത് വ്യക്തവുമാണ്. ലക്ഷ്യം പിഴക്കാതെ വളരെ കൃത്യമായിരുന്നു ഇന്ത്യയുടെ ഓരോ ആക്രമണങ്ങളും. ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ സേന പാകിസ്താന്റെ ആക്രമണശ്രമങ്ങളെ കരുത്തോടെ പ്രതിരോധിക്കുകയും ചെയ്തു. ഇത് ദൃശ്യങ്ങളടക്കം പുറത്തുവിട്ടുകൊണ്ട് സ്ഥിരീകരിക്കുകയാണ് ഇന്ത്യന്‍ സേന. നേരത്തേ ഇന്ത്യ തകര്‍ത്ത ഒമ്പത് ഭീകരകേന്ദ്രങ്ങളുടെ ചിത്രം സൈന്യം പുറത്തുവിട്ടിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പലതവണയാണ് പാകിസ്താന്‍ ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടു. എന്നാല്‍, ഡ്രോണുകളെ തകര്‍ത്ത് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി. തുര്‍ക്കി നിര്‍മിത ഡ്രോണുകള്‍ ഉപയോഗിച്ച് ഇന്ത്യയിലെ നാല് വ്യോമതാവളങ്ങളടക്കം 38 കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് പാക് സൈന്യം ആക്രമണം നടത്തി. എന്നാല്‍ ഇന്ത്യന്‍ പ്രതിരോധ സംവിധാനം അവയെല്ലാം വിഫലമാക്കി.
പാക് അധിനിവേശ കശ്മീരിലെയും പാകിസ്താനിലെയും ഒട്ടേറെ ഭീകരകേന്ദ്രങ്ങളാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തകര്‍ത്തത്. മുസാഫര്‍ ബാദിലെ സവായ് നാല, സൈദ്ന ബിലാല്‍ എന്നിവിടങ്ങളിലുള്ള രണ്ട് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തരിപ്പണമാക്കി. ഗുല്‍പുര്‍, ഭര്‍നാല, അബ്ബാസ് എന്നിവിടങ്ങളിലെ ഭീകരകേന്ദ്രങ്ങളും തകര്‍ത്തു. ബഹാവല്‍പുര്‍, മുരിദ്കെ, സര്‍ജല്‍, മെഹ്‌മൂന ജോയ എന്നീ സ്ഥലങ്ങളിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യ ആകെ ഒമ്പത് കേന്ദ്രങ്ങളാണ് തകര്‍ത്തത്.
ഏപ്രില്‍ 22 നാണ് കശ്മീരിലെ പഹല്‍ഗാമില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണമുണ്ടായത്. പഹല്‍ഗാമിലെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരേയാണ് ഭീകരവാദികള്‍ വെടിയുതിര്‍ത്തത്. ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്.
Content Highlights: Pakistani soldiers fleeing during Indias Operation Sindoor strike bsf video
Published: 27 May 2025, 08:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented