ന്യൂഡല്‍ഹി: പഹൽഗാമിലെ ഭീകരാക്രമണത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ ന്യൂഡൽഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷനു മുന്നില്‍ നാടകീയ രംഗങ്ങള്‍. ഹൈക്കമ്മീഷന്‍ ജീവനക്കാരില്‍ ഒരാള്‍ കേക്കുമായി ഓഫീസിനുള്ളിലേയ്ക്ക് പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. പാക് ഹൈക്കമ്മീഷന്റെ സുരക്ഷ പിന്‍വലിച്ചതിനു പിന്നാലെയാണ് ഈ സംഭവമുണ്ടായത്. ഇതേത്തുടര്‍ന്ന് സ്ഥലത്ത് വലിയ പ്രതിഷേധമുണ്ടായി. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ ആഘോഷമാണോ അവിടെ നടക്കുന്നതെന്നാണ് പ്രതിഷേധിക്കാര്‍ ചോദിക്കുന്നത്.
കേക്ക് കൊണ്ടുപോകുന്നയാളോട് മാധ്യമങ്ങള്‍ വിവരങ്ങള്‍ തേടുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. കേക്ക് കൊണ്ടുപോകുന്നതിന്റെ ഉദ്ദേശ്യം നിരവധിതവണ ചോദിച്ചെങ്കിലും ഇദ്ദേഹം കൃത്യമായ ഉത്തരം നല്‍കിയില്ല. താങ്കള്‍ പാക് ഹൈക്കമ്മീഷനില്‍നിന്നുള്ളയാളാണോ എന്ന ചോദ്യത്തിനും മറുപടിയില്ല. പാക് ഹൈക്കമ്മീഷനിലെ ജീവനക്കാരനാണ് ഇയാളെന്നാണ് റിപ്പോര്‍ട്ടുകള്‍. കേക്ക് കൊണ്ടുപോയതിന്റെ ലക്ഷ്യം വെളിപ്പെടാതിരുന്നതോടെ, സ്ഥലത്ത് ആളുകള്‍ പ്രതിഷേധവുമായി തടിച്ചുകൂടി. പ്രദേശത്ത് കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കമ്മീഷനിലേക്ക് ബിജെപിയുടെ പ്രതിഷേധ മാര്‍ച്ചും നടക്കുന്നുണ്ട്. ചില ബിജെപി പ്രവര്‍ത്തകർ ബാരിക്കേഡ് മറികടന്ന് അകത്തേക്കുകയറാനുള്ള ശ്രമം നടത്തി. പാക് ഹൈക്കമ്മിഷന് നേരത്തേ ഉണ്ടായിരുന്ന സുരക്ഷാ വിന്യാസം പിന്‍വലിക്കാനുള്ള നടപടികളിലേക്ക് ഡല്‍ഹി പോലീസ് കടന്നിട്ടുണ്ട്.
നയതന്ത്രതലത്തില്‍ കഴിഞ്ഞദിവസം തന്നെ ഇന്ത്യ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. ഇന്ത്യയിലെ പാക് ഹൈക്കമ്മിഷനിലെ പാകിസ്താന്റെ പ്രതിരോധ അറ്റാഷമാരെ പുറത്താക്കുകയും അവരോട് ഒരാഴ്ചയ്ക്കകം രാജ്യംവിടാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പാകിസ്താനിലെ ഡിഫന്‍സ് അറ്റാഷെമാരെ പിന്‍വലിക്കാനും ഇന്ത്യ തീരുമാനിച്ചു. ഇന്ത്യയുടെയും പാകിസ്താന്റെയും ഹൈക്കമ്മിഷന്റെ അംഗബലം 55-ല്‍നിന്ന് 30 ആക്കാനും തീരുമാനമായി.
Content Highlights: pakistan high commission cake incident sparks protest
Published: 24 Apr 2025, 02:12 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented