ന്യൂഡല്‍ഹി: പാകിസ്താനിലെ ഉന്നത സൈനിക-രാഷ്ട്രീയ നേതൃത്വങ്ങളുടെ നിര്‍ദേശാനുസരണം പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐ (ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ്)യും ലഷ്‌കറെ തൊയ്ബയും ചേര്‍ന്നാണ് ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണം ആസൂത്രണം ചെയ്തതെന്ന് റിപ്പോര്‍ട്ട്. ആക്രമണം നടപ്പാക്കിയ ഭീകരവാദികളെല്ലാവരും പാകിസ്താനികളായിരുന്നെന്നും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

To advertise here,

26/11 മുംബൈ ആക്രമണത്തിന് സമാനമായ ആക്രമണത്തിനായിരുന്നു ലഷ്‌കറെ തൊയ്ബയും ഐഎസ്‌ഐയും ചേര്‍ന്ന് പദ്ധതിയിട്ടത്. ആക്രമണത്തിന് പാക് ഭീകരവാദികളെ മാത്രം  ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന് ഐഎസ്‌ഐ, ലഷ്‌കറെയുടെ പാകിസ്താനിലെ കമാന്‍ഡര്‍ സാജിദ് ജുട്ടിന് നിര്‍ദേശം നല്‍കിയിരുന്നു. ഭീകരാക്രമണത്തിന്റെ രഹസ്യാത്മകത നഷ്ടമാകാതിരിക്കാനാണ് കശ്മീരില്‍നിന്നുള്ള ഭീകരവാദികളെ ആക്രമണത്തിന്റെ ഭാഗമാക്കാതിരുന്നത്. 

പാകിസ്താന്റെ മുന്‍ സ്‌പെഷല്‍ ഫോഴ്‌സസ് കമാന്‍ഡോ ആയിരുന്നെന്ന് സംശയിക്കുന്ന സുലൈമാന്‍ ആണ് പഹല്‍ഗാമില്‍ ആക്രമണം നടത്തിയ സംഘത്തെ നയിച്ചത്. മറ്റ് രണ്ട് പാക് ഭീകരവാദികളും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. 2022-ല്‍ ജമ്മു മേഖലയില്‍ കടക്കുന്നതിന് മുന്‍പേ സുലൈമാന് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ മുരിദ്‌കെയിലെ ലഷ്‌കറെ കേന്ദ്രത്തില്‍ പരിശീലനം ലഭിച്ചിരുന്നെന്നാണ് വിവരം. ഏപ്രില്‍ 15-ന് ത്രാല്‍ വനമേഖലയില്‍ സുലൈമാനുണ്ടായിരുന്നെന്ന് സാറ്റലൈറ്റ് ഫോണിനെ അടിസ്ഥാനപ്പെടുത്തിയുള്ള വിശകലനം വെളിപ്പെടുത്തുണ്ട്. അതായത്, പഹല്‍ഗാം ആക്രമണം നടന്ന ഏപ്രില്‍ 22-ന് ഒരാഴ്ച മുന്‍പേതന്നെ ബൈസരണ്‍ മേഖലയില്‍ സുലൈമാനുണ്ടായിരുന്നു എന്നാണിത് വ്യക്തമാക്കുന്നത്.

2023-ല്‍ പൂഞ്ചില്‍ ആര്‍മി ട്രക്കിന് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തിലും സുലൈമാന്‍ പങ്കാളിയായിരുന്നു. അന്നത്തെ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പിന്നീട് പഹല്‍ഗാം ഭീകരാക്രമണം നടത്തുന്നതുവരെയുള്ള രണ്ടുകൊല്ലം സുലൈമാന്‍ സജീവമായിരുന്നില്ലെന്നാണ് സൂചന. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ, സുലൈമാന്റെ ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് ഭീകരവാദികളുടെ വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 

പഹല്‍ഗാം ആക്രമണത്തില്‍ പാകിസ്താനില്‍നിന്നുള്ള ഭീകരവാദികളായ ഹാഷിം മൂസ, അലി ഭായി എന്നിവരുടെ പങ്കിനെക്കുറിച്ച് നേരത്തെ ജമ്മു കശ്മീര്‍ പോലീസ് സംശയിച്ചിരുന്നെങ്കിലും നിലവില്‍ സ്ഥിരീകരിക്കാനായത് സുലൈമാന്റെ പങ്കുമാത്രമാണ്. കശ്മീരില്‍നിന്നുള്ള തീവ്രവാദി ആദില്‍ ഹുസൈന്‍ ആക്രമണത്തിനാവശ്യമായ സഹായം ചെയ്തുകൊടുത്തുവെന്ന വിവരത്തിനും സ്ഥിരീകരണമായിട്ടില്ല. 

പഹല്‍ഗാമിലെ ബട്‌കോടെയില്‍നിന്ന് പര്‍വെയ്‌സ് അഹമ്മദ് ജോഥര്‍ എന്നയാളെയും ഹില്‍പാര്‍ക്കില്‍നിന്ന് ബഷീര്‍ അഹമ്മദ് ജോഥര്‍ എന്നയാളെയും കഴിഞ്ഞമാസം എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ പങ്ക്, ഭീകരവാദികള്‍ക്ക് ഭക്ഷണവും ഒളിയിടവും മറ്റും നല്‍കിയെന്നത് മാത്രമായിരുന്നു. സഹായത്തിന് പകരമായി ഭീകരവാദികളില്‍നിന്ന് ഇരുവരും പണവും സ്വീകരിച്ചിരുന്നു. ഭീകരവാദികള്‍ ആക്രമണം നടത്താനൊരുങ്ങുന്ന കാര്യം ഇവര്‍ക്ക് അറിവില്ലായിരുന്നു.