ന്യൂഡൽഹി: ജെറ്റ് ഇന്ധന വില വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ ഇന്ധന സർചാർജ് വർദ്ധിപ്പിക്കുന്നതായി രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ അറിയിച്ചു. പരിഷ്കരിച്ച നിരക്കുകൾ ഒക്ടോബർ 6 മുതൽ നിലവിൽ വരും. ഇതോടെ വിമാന ടിക്കറ്റ് നിരക്കിലും വർധനവുണ്ടാകും.

To advertise here,

യാത്രാ ദൂരത്തിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര സർവീസുകൾക്ക് 100 രൂപ മുതൽ 350 രൂപ വരെയാണ് സർചാർജ് വർദ്ധിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സർവീസുകൾക്കും സർചാർജ് വർദ്ധനവ് ബാധകമാക്കിയിട്ടുണ്ട്.

500 കിലോമീറ്റർവരെ ദൂരമുള്ള റൂട്ടുകളിൽ ഇന്ധന സർചാർജ് 375 രൂപയാക്കി ഉയർത്തി. നിലവിലിത് 275 രൂപയാണ്, 501 മുതൽ 1,000 കിലോമീറ്റർവരെ ദൂരമുള്ള വിമാന യാത്രയ്ക്ക് 600 രൂപയാണ് സർചാർജ്. 400 രൂപയിൽനിന്നാണ് 600 ആക്കി ഉയർത്തിയത്.

1,001 മുതൽ 1,500 കിലോമീറ്റർവരെ ദൂരമുള്ള റൂട്ടുകളിൽ ഈ തുക 900 രൂപയും 1,501 മുതൽ 2,000 കിലോമീറ്റർവരെ ദൂരത്തിന് 1,150 രൂപയുമായിരിക്കും. 2,000 കിലോമീറ്ററിലധികം ദൂരമുള്ള റൂട്ടുകളിൽ ഇന്ധന സർചാർജായി 1,300 രൂപയായിരിക്കും ഈടാക്കുക. നിലവിലിത് യഥാക്രമം 600 രൂപ, 800 രൂപ ,950 രൂപ എന്നിങ്ങനെയായിരുന്നു. ആഭ്യന്തര റൂട്ടുകളിലെ നിരക്കാണിത്.

അന്താരാഷ്ട്ര റൂട്ടുകളിലെ പരിഷ്കരിച്ച സർചാർജ് ഇപ്രകാരമാണ്. സാർക്ക് (SAARC) രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് 1,000 രൂപ മുതൽ 3,000 രൂപ വരെയും, ആഫ്രിക്കൻ സർവീസുകൾക്ക് 6,000 രൂപയും, യൂറോപ്പ് സർവീസുകൾക്ക് 10,000 രൂപയുമാണ്. യൂറോപ്പിലേക്കുള്ള സർചാർജ് നിരക്ക് ഏപ്രിലിൽ വരുത്തിയ നിരക്ക് വർധനവ് അനുസരിച്ച് നിലവിൽ പതിനായിരം രൂപ തന്നെയാണ്.

തെക്കുകിഴക്കൻ ഏഷ്യ, ജി.സി.സി (GCC), മിഡിൽ ഈസ്റ്റ്, വടക്കൻ, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് ഇന്ധന സർചാർജ് 5,500 രൂപയായിരിക്കും.

ഉയർന്ന ഇന്ധനച്ചെലവ് വിമാനക്കമ്പനിയുടെ പ്രവർത്തനങ്ങളെയും സാമ്പത്തിക ഘടനയെയും ബാധിച്ചതിനാലാണ് ഈ വർദ്ധനവ് വരുത്തേണ്ടി വന്നതെന്ന് ഇൻഡിഗോ അറിയിച്ചു. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിൽ വലിയൊരു ഭാഗം വിമാന ഇന്ധനമാണ്. അതിനാൽ ഇന്ധനവിലയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ വിമാനക്കമ്പനികളെ കാര്യമായി ബാധിക്കുന്നുവെന്നാണ് വിലയിരുത്തൽ. ജെറ്റ് ഇന്ധനവിലയിലുണ്ടായ കുത്തനെയുള്ള വർദ്ധനവിനെത്തുടർന്ന് മാർച്ച് മാസത്തിലാണ് ഇൻഡിഗോ ഇന്ധന സർചാർജ് ഏർപ്പെടുത്തിയത്. ഇതിപ്പോൾ രണ്ടാം തവണയാണ് ആ നിരക്കിൽ വർധനവ് വരുത്തുന്നത്.

പരിഷ്കരിച്ച ഇന്ധന നിരക്കുകൾ യാത്രക്കാർക്ക് ഉണ്ടാക്കുന്ന അധിക ബാധ്യതയിൽ ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം, ഉയർന്നുകൊണ്ടിരിക്കുന്ന പ്രവർത്തനച്ചെലവുകളെയും മാറിക്കൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണ് ഈ തീരുമാനമെന്നും ഇൻഡിഗോ അറിയിച്ചു. സാഹചര്യങ്ങൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുമെന്നും അതിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തുമെന്നും വിമാനക്കമ്പനി വ്യക്തമാക്കി.