ന്യൂഡല്‍ഹി: ലോക്‌സഭയില്‍ നിന്ന് 33 എം.പി.മാരെ സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ രാജ്യസഭയില്‍ നിന്ന് 34 എം.പി.മാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. ജയ്‌റാം രമേശ്, രണ്‍ദീപ് സുര്‍ജേവാല എന്നിവരുള്‍പ്പടെയുള്ള എം.പി.മാരെയാണ് ശൈത്യകാല സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്ക്‌ സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ലമെന്റിലെ സുരക്ഷാവീഴ്ചയെ ചൊല്ലിയുണ്ടായ പ്രതിഷേധമാണ് സസ്‌പെന്‍ഷനിലേക്ക് നയിച്ചത്.

To advertise here,

സഭയില്‍ പ്രതിപക്ഷ പ്രാതിനിധ്യം കുറയുന്നതോടെ സര്‍ക്കാരിന് എതിര്‍പ്പുകളില്ലാതെ തന്നെ നിയമനിര്‍മാണം അട്ടിമറിക്കാനാകുമെന്ന് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അഭിപ്രായപ്പെട്ടു.  സുരക്ഷാവീഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെയായിരുന്നു എം.പി.മാരെ സസ്‌പെന്‍ഡ് ചെയ്തത്.

അധിര്‍ രഞ്ജന്‍ ചൗധരിയുള്‍പ്പടെയുളള 30 പ്രതിപക്ഷ എം.പി.മാരെയാണ് ലോക്‌സഭയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ക്കു പുറമെ പ്രിവിലേജസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ മൂന്ന് എം.പി.മാരെ കൂടി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് സഭാ നടപടികള്‍ തടസ്സപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി 13 എം.പി.മാരെ സസ്‌പെന്‍ഡ് ചെയ്തത്. ഇതിനു പിന്നാലെയാണ് 67 എം.പി.മാര്‍ക്കു കൂടി സസ്‌പെന്‍ഷന്‍.