അമരാവതി: ആന്ധ്രപ്രദേശിൽ ഒഎൻജിസിയുടെ എണ്ണക്കിണറിൽ വാതകച്ചോർച്ചയെ തുടർന്നുണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ ചൊവ്വാഴ്ചയും വീണ്ടും വാതകച്ചോർച്ചയുണ്ടായി. ഡോ. ബി.ആർ. അംബേദ്കർ കോൺസീമ ജില്ലയിലെ ഒഎൻജിസിയുടെ മോറി-5 കിണറ്റിലാണ് തീപ്പിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കാൻ അന്താരാഷ്ട്ര വിദഗ്ധരുമായി അധികൃതർ കൂടിയാലോചന നടത്തിവരികയാണ്.

To advertise here,

100 അടിയിലേറെ ഉയരത്തിൽ തീജ്വാലകൾ പൊങ്ങി, രാസോളിന്റെ ചില ഭാഗങ്ങളിൽ കറുത്തപുക നിറഞ്ഞു. സമീപത്തുള്ള തെങ്ങിൻതോപ്പുകളിലേക്കും മത്സ്യകൃഷി നടത്തുന്ന കുളങ്ങളിലേക്കും തീ പടരുന്നത് തടയുന്നതിനായി അഗ്നിശമന സംഘങ്ങൾ രാത്രി മുഴുവൻ പ്രവർത്തിച്ചു.

ഡൽഹിയിൽ നിന്നുള്ള ദുരന്ത പ്രതികരണവിദഗ്ധരുടെ ‌പ്രത്യേക സംഘം ‌പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരികയാണ്. നിലവിൽ അഗ്നിശമന സംഘങ്ങൾ നാല് ഭാഗങ്ങളിൽനിന്ന് വെള്ളം സ്പ്രേ ചെയ്ത് കിണറിന്റെ മുകൾഭാഗം തണുപ്പിക്കാനും തീപടരുന്നത് തടയാനും ഉയർന്ന മർദമുള്ള പൈപ്പുകൾ ഉപയോഗിക്കുന്നുണ്ട്.

കിണർ 30 മുതൽ 40 ദശലക്ഷം ടൺ കരുതൽ ശേഖരം അടങ്ങിയ ഒരു ഇൻസുലേറ്റഡ് പാളിയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് ജില്ലാ കളക്ടർ ആർ. മഹേഷ് കുമാർ പറഞ്ഞു. ഉച്ചയോടെ ഭൂഗർഭമർദം കുറഞ്ഞില്ലെങ്കിൽ കിണർ അടയ്ക്കുന്നതിലേക്ക് നീങ്ങേണ്ടി വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് സങ്കീർണമായ പ്രവർത്തനമാണ്, അതിന് കുറേദിവസങ്ങൾ വേണ്ടിവരും.

ഒരു കിലോമീറ്റർ ചുറ്റളവിൽ ജില്ലാ ഭരണകൂടം "നോ-ഗോ സോൺ" പ്രഖ്യാപിച്ചു. സമീപ ഗ്രാമങ്ങളിലെ 600 ലധികം താമസക്കാരെ (ഏകദേശം 300 കുടുംബങ്ങൾ) ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. തീ കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് പടരുന്നത് തടയാൻ വൈദ്യുതി ഉപകരണങ്ങൾ, ഗ്യാസ് സ്റ്റൗവുകൾ, തീ ആളിക്കത്തിക്കുന്നത് എന്നിവ ഒഴിവാക്കാൻ നിർദ്ദേശിച്ചു. ഈ പ്രദേശത്തെ സ്കൂളുകൾ അടുത്ത 48 മണിക്കൂർ നേരത്തേക്ക് അടച്ചിട്ടു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20 നാണ് വാതകച്ചോർച്ചയുണ്ടായത്. കിണറിന്റെ ഉത്പാതദനക്ഷമത വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കിടെയാണ് ആദ്യത്തെ ചോർച്ചയുണ്ടായത്. ഒഎൻജിസിയുടെ കരാറുകാരനായ ഡീപ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ആണ് പ്രവർത്തനങ്ങൾ നടത്തിയത്. 2.7 കിലോമീറ്റർ താഴ്ചയിൽ ‘പെർഫോറേഷൻ പ്രവർത്തനങ്ങൾ’ നടത്തുന്നതിനിടെ പെട്ടെന്നുണ്ടായ മർദവർധന കാരണം വാതക-അസംസ്കൃത-എണ്ണ മിശ്രിതം പൊട്ടിത്തെറിക്കുകയും മിനിറ്റുകൾക്ക് ശേഷം തീ പടരുകയും ചെയ്തു.

സംഭവം നടന്ന സ്ഥലം ഉടനടി ഐസൊലേറ്റ് ചെയ്തതായി ഒഎൻജിസി അറിയിച്ചു. തണുപ്പിക്കൽ പ്രവർത്തനങ്ങൾ നടക്കുന്നു, ആവശ്യമെങ്കിൽ കിണർ അടയ്ക്കലിനും തയ്യാറെടുപ്പുകൾ നടക്കുന്നു. ഉയർന്ന മർദം കാരണം വാൽവുകൾ അടയ്ക്കാൻ സാധിക്കാത്തതിനാൽ കാസിംഗ് കട്ടിംഗ് ഉൾപ്പെടെയുള്ള നൂതന പ്രവർത്തനങ്ങൾക്കായി അന്താരാഷ്ട്ര വിദഗ്ധരെ ബന്ധപ്പെട്ടിട്ടുണ്ട്.

തുടർച്ചയായ ഒരു വാട്ടർ കർട്ടൻ നിലനിർത്താൻ അഗ്നിശമനസേനയും എൻഡിആർഎഫ് ടീമുകളും സൈറ്റ് മുഴുവൻ നൈട്രജൻ ടാങ്കറുകളും വലിയ വാട്ടർ മോണിറ്ററുകളും ഉപയോഗിക്കുന്നു. കിണറിന്റെ മുകൾഭാഗം കൂടുതൽ ചൂടാകുന്നതോ വളയുന്നതോ തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഭൂഗർഭമർദം കുറയുകയോ പൈപ്പ്ലൈൻ സംവിധാനം തകരുകയോ ചെയ്യുന്നതുവരെ തീ തുടരാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ പരിസരപ്രദേശങ്ങളിലേക്ക് അപകടത്തിനുള്ള സാധ്യതയില്ലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

കിണർ ഏറ്റവും അടുത്തുള്ള വാസസ്ഥലത്ത് നിന്ന് ഏകദേശം 600 മീറ്റർ അകലെയായതിനാൽ പരിക്കുകളോ മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ എസ്പി രാഹുൽ മീണ എൻഡിടിവിയോട് പറഞ്ഞു. തീ പടരുന്നതിന് തൊട്ടുമുമ്പ് സമീപത്തെ തെങ്ങിൻതോട്ടങ്ങളിൽ വെളുത്ത, പുകപോലെയുള്ള വാതകം പടർന്നതായി സൈറ്റിലെ തൊഴിലാളികൾ പറഞ്ഞു. ഇത് ജീവനക്കാരെ വേഗത്തിൽ ഒഴിപ്പിക്കാൻ സഹായിച്ചു.

ഉപമുഖ്യമന്ത്രി പവൻ കല്യാൺ ജില്ലാ ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ വിലയിരുത്തുകയും പൊതുസുരക്ഷ ഉറപ്പാക്കാനും പരിഭ്രാന്തി തടയാനും കിംവദന്തികൾ പ്രചരിക്കുന്നത് അവസാനിപ്പിക്കാനും നിർദേശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലെ ആളുകൾക്ക് മരുന്നുകളും പുതപ്പുകളും നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഗാന്ധി ഹരീഷ് ബാലയോഗി എംപി പ്രദേശം  സന്ദർശിച്ചു. സ്ഥിതിഗതികൾ പൂർണ്ണമായി നിയന്ത്രണത്തിലാക്കാൻ ശ്രമങ്ങൾ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.