ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണം നടന്ന ദിവസം ഇന്ത്യ ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ ഏറ്റവും നിഷ്ഠൂരമായ ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ്ടായിരുന്നു മുംബൈ ഭീകരാക്രമണത്തിന്റെ പതിനഞ്ചാം വാര്‍ഷികത്തില്‍ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശം.
'നവംബര്‍ 26 നമുക്ക് ഒരിക്കലും മറക്കാനാവില്ല. രാജ്യത്ത് ഏറ്റവും ഹീനമായ ഭീകരാക്രമണം നടന്നത് ഇന്നേ ദിവസമായിരുന്നു. മുംബൈയേയും മുഴുവന്‍ രാജ്യത്തെയും ഭീകരര്‍ വിറപ്പിച്ചു. എന്നാല്‍ ആ ആക്രമണത്തെ തോല്‍പ്പിച്ചത് ഇന്ത്യയുടെ കഴിവാണ്. ഇപ്പോള്‍ നമ്മള്‍ ഭീകരവാദത്തെ അടിച്ചമര്‍ത്തുകയാണ്. മുംബൈ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് എന്റെ പ്രണാമം', മോദി പറഞ്ഞു.
2008 നവംബര്‍ 26-നായിരുന്നു കടല്‍ മാര്‍ഗമെത്തിയ പത്ത് പാകിസ്താന്‍ തീവ്രവാദികള്‍ നഗരത്തില്‍ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ 18 സുരക്ഷാ ഉദ്യോഗസ്ഥര്‍ അടക്കം 166 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മഹാരാഷ്ട്ര ഭീകരവിരുദ്ധസേനാ മേധാവി ഹേമന്ദ് കര്‍ക്കരെ, ഏറ്റുമുട്ടല്‍ വിദഗ്ധന്‍ വിജയ്സലാസ്‌കര്‍, പോലീസ് അഡീഷണല്‍ കമ്മിഷണര്‍ അശോക് കാംതെ, എന്‍.എസ്. ജി. കമാന്‍ഡോ മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്‍ എന്നിവരും വീരമൃത്യുവരിച്ചവരില്‍ ഉള്‍പ്പെടും.
താജ് ഹോട്ടല്‍, ഒബ്റോയ് -ട്രൈഡന്റ് ഹോട്ടല്‍, സി.എസ്. എം.ടി. റെയില്‍വേസ്റ്റേഷന്‍, നരിമാന്‍ഹൗസ്, ലിയോപോള്‍ കഫേ, കമാ ആശുപത്രി എന്നിവിടങ്ങളെല്ലാം അന്ന് ആക്രമിക്കപ്പെട്ടു. നവംബര്‍ 26ന് തുടങ്ങിയ ആക്രമണം നവംബര്‍ 29 വരെ തുടര്‍ന്നു. ഒന്‍പത് തീവ്രവാദികളെയും സുരക്ഷാസേന വധിച്ചു. ജീവനോടെ പിടികൂടിയ അജ്മല്‍ കസാബ് എന്ന തീവ്രവാദിയെ നാലു വര്‍ഷത്തിനു ശേഷം 2012 നവംബര്‍ 21ന് തൂക്കിലേറ്റി.
നവംബര്‍ 26ന് മറ്റൊരു പ്രത്യേകത കൂടിയുണ്ടെന്നും 1949ല്‍ ഭരണഘടനാ സഭ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചത് ഈ ദിവസമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2015ല്‍ ബി.ആര്‍ അംബേദ്കറുടെ 125-ാം ജന്മവാര്‍ഷികം ആഘോഷിക്കുമ്പോഴാണ് നവംബര്‍ 26 ഭരണഘടനാ ദിനമായി ആചരിക്കണമെന്ന ആശയം വന്നതെന്നും ഭരണഘടനാ ദിനത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. .
Content Highlights: On Mann ki Baat, Modi pays tribute to 26/11 Mumbai attack victims
Published: 26 Nov 2023, 03:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented