ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിലെ മകർദ്വാറിൽ മഴക്കാലത്ത് എം.പിമാരും ഉദ്യോഗസ്ഥരും നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ലോക്സഭാ സ്പീക്കർ ഓം ബിർള ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കവാടത്തിലൂടെ പ്രവേശിക്കുമ്പോഴും പുറത്തുകടക്കുമ്പോഴും മഴ നനയാതിരിക്കാൻ ഇവിടെ ഒരു പോർച്ച് നിർമ്മിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കാനും ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ സമർപ്പിക്കാനും അദ്ദേഹം കേന്ദ്ര പൊതുമരാമത്ത് വകുപ്പിനോടും മറ്റ് ഏജൻസികളോടും ആവശ്യപ്പെട്ടു. പാർലമെന്റിലേക്കുള്ള പ്രവേശന കവാടത്തിൽ മഴ മൂലം വലിയ അസൗകര്യങ്ങൾ ഉണ്ടാകുന്നു എന്ന പരാതികളെത്തുടർന്നാണ് സ്പീക്കറുടെ ഇടപെടൽ.

To advertise here,

പുതിയ പാർലമെന്റ് സമുച്ചയത്തിൽ പാർലമെന്റ് അംഗങ്ങൾക്ക് പ്രവേശിക്കുന്നതിനായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള കവാടമാണ് മകർദ്വാർ. പുതിയ മന്ദിരത്തിന് ആകെ ആറ് പ്രധാന കവാടങ്ങളാണുള്ളത്. ഗജദ്വാർ, അശ്വദ്വാർ, ഗരുഡദ്വാർ, മകർദ്വാർ, ശർദുലദ്വാർ, ഹംസദ്വാർ എന്നിവയാണ് അവ. ആറ് കവാടങ്ങളിലായി ആറ് ജിവികളുടെ ശിൽപവും പണിതിട്ടുണ്ട്. പുരാണങ്ങളിലെ വ്യത്യസ്ത രൂപമുള്ള കടൽജീവിയുടെ പേരിലുള്ള മകർദ്വാർ രാജ്യത്തിന്റെ നാനാത്വത്തിലുള്ള ഏകതയെ പ്രതിനിധീകരിക്കുന്നു.

വടക്കുഭാഗത്തുള്ള ആനയുടെ ശിൽപമുള്ള ഗജദ്വാർ ബുദ്ധി, ഓർമ, സമ്പത്ത്, ജ്ഞാനം എന്നിവയെ പ്രതിനിധീകരിക്കുന്നു. കുതിരയുടെ ശിൽപമുള്ള അശ്വദ്വാർ ശക്തി, ധൈര്യം എന്നിവയെയും പ്രതിനിധീകരിക്കുന്നു. കിഴക്ക് വശത്തുള്ള ഗരുഡന്റെ കവാടം ധർമത്തെ ആണ് സൂചിപ്പിക്കുന്നത്. സിംഹത്തിന്റെ ശരീരവും വ്യത്യസ്ത മൃഗങ്ങളുടെ തലയുമുള്ള ശർദുലദ്വാർ ജനങ്ങളുടേയും ജനാധിപത്യത്തിന്റെയും ബലത്തെ സൂചിപ്പിക്കുന്നു. ആറാമത്തെ കവാടമായ ഹംസദ്വാർ ആത്മസാക്ഷാത്ക്കരത്തിന്റെ മോക്ഷത്തിന്റെയും പ്രതീകമാണ്.

നിലവിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ജൂലായ് 20-ന് ആരംഭിച്ച സമ്മേളനം ഓഗസ്റ്റ് 13 വരെ നീണ്ടുനിൽക്കും. വെള്ളിയാഴ്ച വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് ഇരുസഭകളും തടസ്സപ്പെടുകയും നടപടികൾ നിർത്തിവെക്കുകയും ചെയ്തു. സഭകൾ ഇനി ഓഗസ്റ്റ് 10 തിങ്കളാഴ്ചയാണ് പുനരാരംഭിക്കുക.