
ന്യൂഡൽഹി: ഉദ്യോഗത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള രാജ്യത്തെ സുപ്രധാന നിയമന -പ്രവേശന പരീക്ഷകളിലെല്ലാം ഒ.ബി.സി. സംവരണത്തിന് മുന്നാക്ക സംവരണത്തെക്കാൾ (ഇ.ഡബ്ല്യു.എസ്.) ഉയർന്ന കട്ട് ഓഫ്.
ഐ.എഫ്.എസ്., ഐ.എ.എസ്., ഐ.പി.എസ്, ഐ.ആർ.എസ്. തുടങ്ങിയ യു.പി.എസ്.സി. പരീക്ഷയിലും കേന്ദ്രസർവീസുകളിലേക്കുള്ള എസ്.എസ്.സി. പരീക്ഷകളിലും ഇതാണു സ്ഥിതി. മെഡിക്കൽ-എൻജിനിയറിങ് പ്രവേശനപരീക്ഷയിലും രാജ്യത്തെ 27 നാഷണൽ ലോ യൂണിവേഴ്‌സിറ്റികളിലേക്കുള്ള പ്രവേശനപരീക്ഷകളിലും ഇക്കാര്യത്തിൽ മാറ്റമില്ല.
യു.പി.എസ്.സി.യിൽ ഉയർന്ന റാങ്ക് നേടുന്ന ഒ.ബി.സി. വിദ്യാർഥിക്ക് അഭിമുഖത്തിൽ മാർക്ക് കുറയുന്നതായും ആക്ഷേപമുണ്ട്. പാർലമെന്റിലുൾപ്പെടെ എം.പി.മാർ പലപ്പോഴായി ഇക്കാര്യം ഉയർത്തിയിട്ടുണ്ടെങ്കിലും സർക്കാർ അംഗീകരിച്ചിട്ടില്ല.
2025-ലെ യു.പി.എസ്.സി. പ്രിലിംസ് പരീക്ഷയിൽ 89 മാർക്കായിരുന്നു മുന്നാക്ക സംവരണത്തിനുള്ള കട്ട് ഓഫ്. എന്നാൽ ഒ.ബി.സി.ക്കും ജനറലിനും ഇത് 92 ആയിരുന്നു. എസ്.സി., എസ്.ടി.ക്ക് യഥാക്രമം 84-ഉം 82-ഉം. 2024-ൽ ജനറലിനും ഒ.ബി.സി.ക്കും പ്രിലിംസിന് 87 മാർക്കാണ് കട്ട് ഓഫ്. മുന്നാക്ക സംവരണത്തിന് 85-ഉം.
ഉയർന്ന മാർക്ക് നേടിയാലും ഒ.ബി.സി. വിദ്യാർഥികൾ തുടക്കത്തിൽത്തന്നെ പുറംതള്ളപ്പെടുന്നു. ഒ.ബി.സി. വിദ്യാർഥികൾ ഫലത്തിൽ ജനറൽ വിദ്യാർഥികളുടെ മാർക്ക് നേടിയാണ് സർവീസിൽ പ്രവേശിക്കുന്നതെങ്കിലും സംവരണത്തിന്റെ പേരിൽ പിന്നീടുള്ള സ്ഥാനക്കയറ്റമുൾപ്പെടെ പലപ്പോഴും അട്ടിമറിക്കപ്പെടുന്നതായും ആരോപണമുണ്ട്.
ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ (ഐ.എഫ്.എസ്.) പ്രിലിംസിൽ 2025-ൽ ഒ.ബി.സി., ജനറൽ കട്ട് ഓഫ് 105 ആണ്. മുന്നാക്കസംവരണ മാർക്ക് 102-ഉം. എസ്.സി., എസ്.ടി. വിഭാഗങ്ങൾക്ക് ഇത് 97-ഉം 96-ഉം ആണ്. എസ്.സി., എസ്.ടി. വിഭാഗങ്ങൾക്കടുത്ത് മാർക്ക് കിട്ടിയാൽ മുന്നാക്കവിഭാഗത്തിന് സംവരണം ലഭിക്കും. പക്ഷേ, ഒ.ബി.സി. വിഭാഗത്തിന് ജനറൽ മാർക്ക് തന്നെ ലഭിക്കണം. 2024-ലും ഐ.എഫ്.എസിൽ പ്രിലിംസിന് ഇതുതന്നെയായിരുന്നു സ്ഥിതി. ഒ.ബി.സി.ക്കും ജനറലിനും കട്ട് ഓഫ് 100 മാർക്കും ഇ.ഡബ്ല്യു.എസിന് 98-ഉം.
കേരളത്തിൽ കൊച്ചിയിലുള്ള നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിൽ (നുവാൽസ്) അടുത്ത വർഷത്തേക്കുള്ള ദേശീയ മത്സര പരീക്ഷയിൽ (ക്ലാറ്റ്) അവസാനം പ്രവേശനം കിട്ടിയ എസ്.സി. വിദ്യാർഥിയുടെ റാങ്ക് 16,941 ആണ്. മുന്നാക്ക സംവരണ റാങ്കാകട്ടെ 28,372-ഉം. എന്നാൽ, ഈഴവയ്ക്ക് ഇത് 3560 ആണ്. മുസ്‌ലിമിന് 5579-ഉം. ഈഴവരെയും മുസ്‌ലിങ്ങളെയും ഒഴിച്ചുനിർത്തിയാൽ ബാക്കിവരുന്ന ഒ.ബി.സി. വിഭാഗങ്ങൾക്ക് 9251 റാങ്ക് വരെ മാത്രമായിരുന്നു പ്രവേശനം. രാജ്യമെമ്പാടുമുള്ള ലോ യൂണിവേഴ്‌സിറ്റികളിലും സംവരണകാര്യത്തിൽ സമാന സാഹചര്യമാണുള്ളത്.
കേന്ദ്രസർവീസിലേക്ക് ക്ലാർക്ക് ഉൾപ്പെടെയുള്ള തസ്തികകളിലേക്കുള്ള എസ്.എസ്.സി. പരീക്ഷകളിലും ഇതുതന്നെയാണു സ്ഥിതി. സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ തസ്തികകളിലേക്ക് ഈയിടെ നടത്തിയ നിയമനത്തിൽ ഒ.ബി.സി. അവസാന മാർക്ക് 389 ആണ്. ഇ.ഡബ്ല്യു.എസ്. 369-ഉം. ജനറൽ 384-ഉം.
നീറ്റിൽ എം.ബി.ബി.എസിന് കഴിഞ്ഞ വർഷം ഒ.ബി.സി. കട്ട് ഓഫ് റാങ്ക് 27,421 ആയിരുന്നു. അഖിലേന്ത്യാതലത്തിൽ ജനറലിന്റെ അവസാന റാങ്കാകട്ടെ 27,360 ആയിരുന്നു. മുന്നാക്കസംവരണത്തിന് 30,921-ഉം. ബി.ഡി.എസിന്റെ കാര്യത്തിലാണെങ്കിൽ ജനറൽ-55845, ഒ.ബി.സി.-57481, ഇ.ഡബ്ല്യു.എസ്.-61,023 എന്നിങ്ങനെയായിരുന്നു റാങ്കിന്റെ അവസാന കട്ട് ഓഫ്.
യു.പി.എസ്.സി. കട്ട് ഓഫ് മാർക്ക് 2025- ഫൈനൽ
ജനറൽ- 963
ഇ.ഡബ്ല്യു.എസ്.- 926
ഒ.ബി.സി.- 931
എസ്.സി.- 905
എസ്.ടി.- 902
നീറ്റ് എം.ബി.ബി.എസ്. 2025 കട്ട് ഓഫ് റാങ്ക്
ജനറൽ- 27,360 (മാർക്ക് 525)
ഇ.ഡബ്ല്യു.എസ്.- 30921 (മാർക്ക് 521)
ഒ.ബി.സി.- 27,421 (മാർക്ക് 525)
എസ്.സി.- 1,39,121- (മാർക്ക് 439)
എസ്.ടി.- 164,804 (മാർക്ക് 425)
അമിതപ്രാതിനിധ്യത്തിന്റെ പ്രശ്‌നം
: ദേശീയ സർവേകൾ പ്രകാരം രാജ്യത്തെ 87.5 ശതമാനം പാവങ്ങളും എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗങ്ങളിൽപ്പെടുന്നവരാണ്. മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവർ 12.5 ശതമാനവും. ഈ വിഭാഗത്തിന് ആനുപാതികമല്ലാത്ത തരത്തിൽ 10 ശതമാനം സംവരണമാണ് ദേശീയതലത്തിൽ നൽകിയിട്ടുള്ളത്. സ്വാഭാവികമായും അപേക്ഷകർ കുറയും. കുറഞ്ഞ മാർക്ക് കിട്ടുന്നവർക്ക് പ്രവേശനം ലഭിക്കുന്ന സാഹചര്യവും ഉണ്ടാവും. സംവരണതത്ത്വങ്ങളെ പാടേ അട്ടിമറിക്കുന്ന നിലപാടാണിത്. ഒ.ബി.സി. വിഭാഗക്കാർക്ക് തിരിച്ചറിവുണ്ടായാലേ പ്രശ്‌നപരിഹാരം സാധ്യമാവൂ.
-വി.ആർ. ജോഷി, കേരള പിന്നാക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടർ
Content Highlights: OBC candidates face higher cut-off marks compared to EWS in major national exams., Data analysis of 2025 UPSC Prelims and Finals shows EWS cut-offs consistently lower than OBC., Similar trends observed in NEET MBBS/BDS admissions and National Law University (CLAT) rankings., Critical perspective on the implementation of 10% EWS reservation relative to population statistics.
Published: 25 May 2026, 04:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented