മുൻനിര കോളേജുകളിലും സർവകലാശാലകളിലും എൻജിനിയറിങ്, മാനേജ്മെന്റ്, മെഡിസിൻ, നിയമം, കൃഷി, ഫാഷൻ, ഹോട്ടൽ മാനേജ്മെന്റ്, വ്യോമയാനം, മാധ്യമം തുടങ്ങി പത്തോളം മേഖലകളിലെ ബിരുദ, ബിരുദാനന്തര കോഴ്സുകളിലെ പിന്നാക്കവിഭാഗ വിദ്യാർഥികൾക്ക് സഹായധനം നൽകുന്ന പദ്ധതി

രാജ്യത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനംനടത്തുന്ന പിന്നാക്കവിഭാഗങ്ങളിലെ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സാമൂഹികനീതി -ശാക്തീകരണ മന്ത്രാലയം നടപ്പാക്കുന്നതാണ് ‘ടോപ് ക്ലാസ് എജുക്കേഷൻ ഇൻ കോളേജ് ’ പദ്ധതി. ‘പി.എം. യശസ്വി’ കുടക്കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.
ഒ.ബി.സി. (മറ്റ് പിന്നാക്ക വിഭാഗം), ഇ.ബി.സി. (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ), ഡി.എൻ.ടി. (നാടോടി ഗോത്രവിഭാഗം) വിദ്യാർഥികൾക്ക് കോഴ്സ് പൂർത്തിയാകുന്നതുവരെ പൂർണമായും സഹായധനം നൽകും. തുടർവർഷങ്ങളിലേക്ക് സഹായംലഭിക്കാൻ അപേക്ഷ പുതുക്കണം.
നിബന്ധനകൾ
പദ്ധതിയിൽ ഉൾപ്പെട്ട സ്ഥാപനത്തിൽ, ആ കോഴ്സിന്റെ പൊതുപ്രവേശന മാനദണ്ഡപ്രകാരം സീറ്റ് നേടിയിരിക്കണം. ഉദാ: എൻജിനിയറിങ് മേഖലയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി.), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി.) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെയ്‌സ് ടെക്നോളജി (ഐ.ഐ.എസ്.ടി.) പോലുള്ള പ്രമുഖ സ്ഥാപനങ്ങളിൽ പ്രവേശനംനേടാൻ ജെ.ഇ.ഇ. അഡ്വാൻസ്ഡ്/മെയിൻസ് റാങ്ക് ആവശ്യമാണ്.
മെറിറ്റ് ലിസ്റ്റ് പ്രകാരമായിരിക്കും തിരഞ്ഞെടുപ്പ്. വാർഷിക കുടുംബവരുമാനം 2.5 ലക്ഷം രൂപ കവിയരുത്. പരമാവധി, ഒരു കുടുംബത്തിലെ രണ്ടു കുട്ടികൾക്കേ ഈ ആനുകൂല്യം ലഭിക്കൂ.
സ്കോളർഷിപ്പുകളുടെ എണ്ണം
മുൻകൂട്ടി പ്രഖ്യാപിക്കുന്ന രീതിയല്ല ഈ പദ്ധതിയുടേത്. ഓരോ വർഷത്തെയും ബജറ്റ് വിഹിതം അനുസരിച്ച് കേന്ദ്ര സാമൂഹികനീതി മന്ത്രാലയത്തിന്റെ സ്റ്റിയറിങ് കമ്മിറ്റിയാണ് ഓരോ സ്ഥാപനത്തിനും ഓരോ കോഴ്സിനും എത്ര ½‘സ്ലോട്ടുകൾ’ (സ്കോളർഷിപ്പ് സീറ്റുകൾ) എന്നു തീരുമാനിച്ച് വിജ്ഞാപനംചെയ്യുന്നത്. കേന്ദ്ര സാമൂഹികനീതി മന്ത്രാലയം പുറത്തുവിട്ട ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് (2023-24), രാജ്യത്താകെ 4,762 വിദ്യാർഥികൾക്ക് 111.18 കോടി രൂപ ഈ പദ്ധതിപ്രകാരം അനുവദിച്ചിരുന്നു. ഇത് ഓരോവർഷവും ബജറ്റിനനുസരിച്ച് വ്യത്യാസപ്പെടാം. ലഭ്യമായ സ്ലോട്ടുകളിൽ 30 ശതമാനം പെൺകുട്ടികൾക്കായി സംവരണംചെയ്തിട്ടുണ്ട്.
സ്ഥാപനങ്ങൾ, പ്രോഗ്രാമുകൾ
ഫുൾടൈം-റെഗുലർ ബിരുദ, ബിരുദാനന്തര കോഴ്സുകൾ നടത്തുന്ന വിവിധ മേഖലകളിലെ മുൻനിര സ്ഥാപനങ്ങളാണ് പദ്ധതിയുടെ പരിധിയിൽ വരുന്നത്. ഐ.ഐ.ടി., ഐ.ഐ.എം., എൻ.ഐ.ടി., ഐ.ഐ.ഐ.ടി., എയിംസ്, എൻ.ഐ.എഫ്.ടി., എൻ.ഐ.ഡി., ദേശീയ നിയമ സർവകലാശാലകൾ, ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയ്ക്കു പുറമേ നാക് എ പ്ലസ്, പ്ലസ്/ എ പ്ലസ്
അക്രെഡിറ്റേഷനുള്ളതോ എൻ.ഐ.ആർ.എഫ്. റാങ്കിങ്ങിൽ ആദ്യ 100-ൽ ഉള്ളതോ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായി പ്രഖ്യാപിച്ചതോ ആയ സ്ഥാപനങ്ങൾക്കും പദ്ധതി ബാധകമാണ്. കേരളത്തിൽനിന്ന് പത്തിലേറെ സ്ഥാപനങ്ങൾ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
സ്കോളർഷിപ്പ് ഒരിക്കൽ അനുവദിച്ചാൽ, മികച്ച പ്രകടനത്തിന് വിധേയമായി കോഴ്സ് പൂർത്തിയാകുന്നതു വരെ (ഉദാ: ബി.ടെക് (നാലു വർഷം), ചില ഇന്റഗ്രേറ്റഡ് കോഴ്സുകൾക്ക് (അഞ്ചു വർഷം), എം.ബി.എ.(രണ്ടു വർഷം) ഇങ്ങനെ തുടരും.
സാമ്പത്തികസഹായം
സ്വകാര്യസ്ഥാപനങ്ങളിൽ പരമാവധി രണ്ട് ലക്ഷം രൂപ/വർഷം (ഫ്ലൈയിങ് പരിശീലനത്തിന് ₹3.72 ലക്ഷം വരെ). ജീവിതച്ചെലവ് -3,000 രൂപ/മാസം. പുസ്തകം, സ്റ്റേഷനറി -₹5,000/വർഷം. ലാപ്ടോപ്പ് (ഒറ്റത്തവണ). പരമാവധി ₹45,000. തുക നേരിട്ട് വിദ്യാർഥിയുടെ ആധാർബന്ധിത ബാങ്ക് അക്കൗണ്ടിലേക്ക് എത്തും. ലഭിച്ച ഫീസ് ഒരു മാസത്തിനകം സ്ഥാപനത്തിൽ അടയ്ക്കണം.
അപേക്ഷ
scholarships.gov.in-ൽ വൺ-ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയശേഷം വരുമാന സർട്ടിഫിക്കറ്റ്, ജാതിസർട്ടിഫിക്കറ്റ്, ബാങ്ക് വിവരം, പ്രവേശനറാങ്ക്, ഫീസ് വിവരം എന്നിവ അപ്‌ലോഡ് ചെയ്ത് അപേക്ഷിക്കാം. അവസാനതീയതി ഒക്ടോബർ 31.
ശ്രദ്ധിക്കാൻ
മറ്റൊരു സ്കോളർഷിപ്പ്, ഫീസ് ഇളവ് ലഭിക്കുന്നുണ്ടെങ്കിൽ അത് മറച്ചുവെക്കരുത് അടുത്ത ക്ലാസിലേക്ക് ജയിച്ചില്ലെങ്കിൽ സ്കോളർഷിപ്പ് നിലയ്ക്കും ജാതി/വരുമാന സർട്ടിഫിക്കറ്റിന്റെ കൃത്യത ഉറപ്പാക്കുക. തെറ്റായ വിവരം നൽകിയതായി പിന്നീട് കണ്ടെത്തിയാൽ തുക തിരിച്ചടയ്ക്കേണ്ടി വന്നേക്കാം അപേക്ഷിക്കുംമുൻപ് സ്ഥാപനം പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ, സ്കോളർഷിപ്പ് സീറ്റ് ഒഴിവുണ്ടോ എന്ന് ഉറപ്പാക്കുക.
വിവരങ്ങൾക്ക്: ദേശീയ സ്കോളർഷിപ്പ് പോർട്ടൽ: scholarships.gov.in | സാമൂഹികനീതി-ശാക്തീകരണ മന്ത്രാലയം: socialjustice.gov.in
Content Highlights: The Ministry of Social Justice and Empowerment is offering full financial aid under the 'PM YASASVI Top Class Education Scheme' for OBC, EBC, and DNT students studying in top national institutions
Published: 12 Sept 2026, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented