ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ ധാരണയിലെത്തിച്ചേര്‍ന്നത് ഉഭയസമ്മത പ്രകാരമാണെന്നും മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടായിട്ടില്ലെന്നും ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ ഞായറാഴ്ച ചേര്‍ന്ന എന്‍ഡിഎ നേതാക്കളുടെ യോഗത്തില്‍ പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

To advertise here,

ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍നിന്നുള്ള മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരുമായിരുന്നു യോഗത്തില്‍ പങ്കെടുത്തത്. വെടിനിര്‍ത്തല്‍ ധാരണയിലെത്തിച്ചേരാന്‍ ആവശ്യപ്പെട്ട് പാകിസ്താന്‍ ഇന്ത്യയെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നെന്നും മോദി കൂട്ടിച്ചേര്‍ത്തു. 

ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ ധാരണയിലെത്തിച്ചേര്‍ന്നതിന് പിന്നാലെ അതിന് വഴിവെച്ചത് തന്റെ ഇടപെടലാണെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യ അന്നേ ഈ വാദത്തെ തള്ളിക്കളഞ്ഞിരുന്നെങ്കിലും ട്രംപ് പിന്നീടും സമാനവാദം ഉയര്‍ത്തിയിരുന്നു. 

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സംഘര്‍ഷം മൂര്‍ച്ഛിച്ചത്. ഏപ്രില്‍ 22-ന് നടന്ന പഹല്‍ഗാം ആക്രമണത്തില്‍ ഒരു നേപ്പാളി പൗരന്‍ ഉള്‍പ്പെടെ 26 പേരായിരുന്നു കൊല്ലപ്പെട്ടത്.