
മുംബൈ: എഥനോൾ മിശ്രിത ഇന്ധന (ഇ20) നയം രാജ്യത്ത് കൊണ്ടുവരുന്നതിലോ നടപ്പാക്കുന്നതിലോ തനിക്ക് ഉത്തരവാദിത്വമില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രചരിക്കുന്ന എ.ഐ. ഡീപ്‌ഫേക്ക് വീഡിയോകൾ ഇന്റർനെറ്റിൽനിന്ന് നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജിയിലാണ് ഗഡ്കരി ഇക്കാര്യം അറിയിച്ചത്. എഥനോൾ മിശ്രിത ഇന്ധനവുമായി ബന്ധപ്പെട്ട് ഗഡ്കരിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും മറ്റും നടക്കുന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഹർജി.
ഇ20 പദ്ധതി അവതരിപ്പിക്കുന്നതിനോ നടപ്പിലാക്കുന്നതിനോ ഉത്തരവാദി താനല്ല. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെ (അസംസ്‌കൃത എണ്ണ) ആശ്രയിക്കുന്നത് കുറയ്ക്കുക, ഊർജ്ജ സുരക്ഷ വർദ്ധിപ്പിക്കുക, പുനരുപയോഗിക്കാവുന്നതും തദ്ദേശീയവുമായ ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ 2003-ൽതന്നെ ഇന്ത്യാ ഗവൺമെന്റ് 'എഥനോൾ ബ്ലെൻഡിങ് പ്രോഗ്രാം' ആരംഭിച്ചിരുന്നുവെന്നും ഗഡ്കരി ഹർജിയിൽ വ്യക്തമാക്കി.
പെട്രോളിൽ എഥനോൾ ചേർക്കുക എന്ന നയം ക്രമേണ മുന്നോട്ടുപോകുകയും 2025-26 ഓടെ 20% എഥനോൾ (ഇ20) എന്ന നിലയിൽ എത്തുകയും ചെയ്തു. ഇത് ഘട്ടംഘട്ടമായാണ് ചെയ്തത്. ഇതിന്റെ നടപടിക്രമങ്ങൾ പൊതുമണ്ഡലത്തിൽ ലഭ്യമാണെന്നും ഗഡ്കരി അവകാശപ്പെട്ടു. ഇ20 സംരംഭവുമായി മന്ത്രി എന്ന നിലയിലോ മറ്റേതെങ്കിലും നിലയിലോ തനിക്ക് പങ്കോ ബന്ധമോ ഇല്ലെന്നും ഗഡ്കരി വ്യക്തമാക്കി.
പദ്ധതി രൂപകൽപ്പന ചെയ്തതും വികസിപ്പിച്ചതും നിയന്ത്രിച്ചതും നടപ്പിലാക്കിയതും പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയം ആണ്. റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേസ് മന്ത്രാലയമല്ലെന്നും അദ്ദേഹം വാദിച്ചു. ഇത് സംബന്ധിച്ചുള്ള എക്‌സിക്യൂട്ടീവ്, സ്റ്റാറ്റ്യൂട്ടറി, സാമ്പത്തിക, നയ രൂപീകരണ അധികാരങ്ങൾ തനിക്ക് ഒരിക്കലും ലഭിച്ചിട്ടില്ലെന്നും ഇതിന് ഉത്തരവാദിയായ മന്ത്രി താനല്ലെന്നും ഗഡ്കരി ഹർജിയിൽ വ്യക്തമാക്കി.
എഥനോൾ പദ്ധതിയിലൂടെ നിതിൻ ഗഡ്കരിയും കുടുംബവും വലിയ സാമ്പത്തിക ലാഭമുണ്ടാക്കുന്നെന്ന് ആരോപിച്ച് വ്യാജ ദൃശ്യങ്ങളും കുറിപ്പുകളും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടർന്നാണ് ഗഡ്കരി മെറ്റ, എക്‌സ്, ഗൂഗിൾ എന്നിവയുൾപ്പെടെയുള്ളയിൽനിന്ന് ഇത്തരം പ്രചാരണങ്ങൾ നീക്കംചെയ്യാനാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്.
അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനും മലിനീകരണം നിയന്ത്രിക്കുന്നതിനും രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ജൈവ ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇ20 പദ്ധതി നടപ്പാക്കുന്നതെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. എന്നാൽ, ഇത് ഇന്ധനക്ഷമത കുറയ്ക്കും എന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് ഇതിനെതിരായ പ്രചാരണം നടക്കുന്നത്.
അതേസമയം, ഇന്ത്യയിൽ നിലവിലുള്ള വാഹനങ്ങളിൽ എത്ര ശതമാനം വാഹനങ്ങൾക്ക് ഇ20 പെട്രോൾ പൂർണമായും അനുയോജ്യമാണെന്ന് കണ്ടെത്താൻ പഠനങ്ങളോ കണക്കെടുപ്പുകളോ നടത്തിയിട്ടില്ലെന്ന് കഴിഞ്ഞദിവസം കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി രാജ്യസഭയെ അറിയിച്ചിരുന്നു.
കണക്കെടുപ്പ് നടത്തിയിട്ടില്ലെങ്കിലും ഇ20 ഇന്ധനം സുരക്ഷിതമാണെന്ന് വിപുലമായ ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെയും ലാബ് പഠനങ്ങളിലൂടെയും ഉറപ്പാക്കിയിട്ടുണ്ടെന്നും സുരേഷ്‌ഗോപി വ്യക്തമാക്കി. പഴയ വാഹനങ്ങളിൽ ഇ20 പെട്രോൾ ഉപയോഗിക്കുന്നത് വഴി എൻജിന്റെ പ്രവർത്തനത്തിലോ ഭാഗങ്ങളുടെ തേയ്മാനത്തിലോ കാര്യമായ മാറ്റങ്ങൾ കണ്ടിട്ടില്ലെന്ന് പരീക്ഷണങ്ങളിൽ വ്യക്തമായിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
Published: 28 Jul 2026, 01:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented