ന്യൂഡൽഹി: കേരളതീരത്ത് അറബിക്കടലിൽ എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങിയ സംഭവത്തിൽ കശുവണ്ടി ഇറക്കുമതിക്കാരുടെ കേസിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, അരുൺ പള്ളി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. കശുവണ്ടി ഇറക്കുമതിക്കാർ നൽകിയ ഹർജിയിൽ കേസിലെ എതിർകക്ഷികളായ കപ്പൽ കമ്പനിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.

To advertise here,

കപ്പൽ മുങ്ങുമ്പോൾ അതിൽ ഉണ്ടായിരുന്ന ഇറക്കുമതി ചെയ്ത കശുവണ്ടിയുടെ ഉടമകളായ മംഗളത്ത് കാഷ്യൂസ് ഉടമ ആർ. സജി സുരേന്ദ്രനും, സാൻസ് കാഷ്യു പ്രൈവറ്റ് ലിമിറ്റഡും സമർപ്പിച്ച പ്രത്യേകാനുമതി ഹർജികളിലാണ് സുപ്രീംകോടതി തൽസ്ഥിതി ഉത്തരവ് പുറപ്പെടുവിച്ചത്.

വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ കേരളതീരത്താണ് എംഎസ്സി. എൽസ 3 കപ്പൽ മുങ്ങിയത്. അപകടത്തിൽ അസംസ്കൃത കശുവണ്ടിയടക്കം കപ്പലിലുണ്ടായിരുന്ന ചരക്ക് നഷ്ടപ്പെട്ടു. കോടതിച്ചെലവ് അടക്കം 73.50 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടാണ് കശുവണ്ടി ഇറക്കുമതിക്കാർ കേരള ഹൈക്കോടതിയെ സമീപിച്ചത്.

എന്നാൽ കപ്പൽ ഉടമകൾ സമർപ്പിച്ച ബാധ്യത പരിമിതപ്പെടുത്തുന്നതിനുള്ള നടപടി അഡ്മിറാൾട്ടി സ്യൂട്ടായി നിലനിൽക്കുന്നതാണെന്ന് കേരള ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും വിധിച്ചിരുന്നു. ഇതിന് എതിരെയാണ് കശുവണ്ടി ഇറക്കുമതിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

സുപ്രീംകോടതിയുടെ പുതിയ ഉത്തരവോടെ, വിഷയത്തിൽ പരമോന്നത കോടതി വാദം പൂർത്തിയാക്കുന്നതുവരെ കേരള ഹൈക്കോടതിയിലെ നടപടികൾ നിലവിലെ സ്ഥിതിയിൽ തുടരും. സമുദ്രാപകടങ്ങളെ തുടർന്നുണ്ടാകുന്ന നഷ്ടപരിഹാര അവകാശവാദ കേസുകളിൽ, പ്രത്യേകിച്ച് വൻതോതിലുള്ള ചരക്ക് നഷ്ടപ്പെടുന്ന സാഹചര്യങ്ങളിൽ, കപ്പൽ ഉടമകൾക്ക് സാമ്പത്തിക ബാധ്യതയ്ക്ക് പരിധി നിശ്ചയിക്കാനുള്ള നിയമപരമായ അവകാശവുമായി ബന്ധപ്പെട്ട് വിഷയത്തിൽ വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്ന കേസാണിത്.

കശുവണ്ടി ഇറക്കുമതിക്കാർക്കായി സീനിയർ അഭിഭാഷകരായ വി. ചിദംബരേഷ്, വി.ജെ. മാത്യു, അഭിഭാഷകരായ ജോയ് തട്ടിൽ ഇട്ടൂപ്പ്, അനു ഭുവനചന്ദ്രൻ എന്നിവർ സുപ്രീം കോടതിയിൽ ഹാജരായി. കപ്പൽ കമ്പനിക്കായി സീനിയർ അഭിഭാഷകരായ നീരജ് കിഷൻ കൗൾ, പ്രശാന്ത് എസ്. പ്രതാപ് തുടങ്ങിയവർ ഹാജരായി.