തിരുവനന്തപുരം: യെമെന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ കാര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിനും കത്തയച്ചു. സിപിഎം എംപിമാരായ ജോണ്‍ ബ്രിട്ടാസും കെ. രാധാകൃഷ്ണനുമാണ് കത്തയച്ചത്.
വധശിക്ഷ നടപ്പാക്കുന്നതിന് ഒരാഴ്ച മാത്രം ശേഷിക്കുന്നതിനാല്‍ നടപടി ഒഴിവാക്കാനുള്ള ഇടപെടല്‍ നിര്‍ണായകമാണെന്ന് ജോണ്‍ ബ്രിട്ടാസ് അയച്ച കത്തില്‍ പറയുന്നു. വിദേശത്തുള്ള ഇന്ത്യന്‍ പൗരന്റെ ജീവന്‍ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ വേഗത്തില്‍ ഇടപെടുമെന്ന് വിശ്വസിക്കുന്നുവെന്ന് കെ. രാധാകൃഷ്ണനും കത്തില്‍ വ്യക്തമാക്കി.
ഈമാസം 16-ന് വധശിക്ഷ നടപ്പാക്കാനാണ് പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവ്. ഇതുസംബന്ധിച്ച കത്ത് ജയില്‍ അധികൃതര്‍ക്ക് കൈമാറിയതായാണ് വിവരം. നിമിഷപ്രിയ തടവില്‍ കഴിയുന്ന സനായിലെ ജയില്‍ അധികൃതര്‍ക്കാണ് വധശിക്ഷ നടപ്പാക്കാന്‍ നിര്‍ദേശിച്ചുള്ള കത്ത് നല്‍കിയത്. അതിനാല്‍ ഒരാഴ്ച മാത്രമാണ് ഇനി മുന്നിലുള്ള സമയം. ഈ ഘട്ടത്തില്‍ മോചനമോ ശിക്ഷാ ഇളവോ ആവശ്യപ്പെട്ട് കേന്ദ്രം ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ നടത്തണമെന്നാണ് ആവശ്യം. നയതന്ത്ര ഇടപെടലിലൂടെ യെമെന്‍ അധികൃതരുമായി ചര്‍ച്ച നടത്തണമെന്നും കത്തില്‍ പറയുന്നു.
നിമിഷപ്രിയയുടെ ബിസിനസ് പങ്കാളിയായിരുന്ന യെമെന്‍ പൗരന്‍ 2017-ലാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ നിമിഷപ്രിയക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അറസ്റ്റുചെയ്യുകയും 2018-ല്‍ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. കീഴ്ക്കോടതി വിധി യെമെനിലെ സുപ്രീംകോടതിയും ശരിവച്ചിരുന്നു. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമെനിലെത്തി മകളെ മോചിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു.
ദിയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുളള ശ്രമം തുടരുകയാണെന്ന് യെമെനിലെ മനുഷ്യാവകാശപ്രവര്‍ത്തകന്‍ സാമുവേല്‍ ജെറോം അറിയിച്ചു. 10 ലക്ഷം ഡോളര്‍ നല്‍കാമെന്നാണ് യെമെന്‍ പൗരന്റെ കുടുംബത്തെ അറിയിച്ചത്. ഇത്തരമൊരു വാഗ്ദാനം നേരത്തെയും കുടുംബത്തിന് നല്‍കിയിരുന്നു. പക്ഷേ, കൊല്ലപ്പെട്ട തലാല്‍ അബ്ദോ മെഹദിയുടെ കുടുംബത്തിലെ ചില അംഗങ്ങള്‍ക്ക് മാപ്പു നല്‍കുന്നതിനോട് വിയോജിപ്പുണ്ടെന്നാണ് സൂചന. കുടുംബത്തിലെ എല്ലാ അംഗങ്ങളും മാപ്പുനല്‍കാന്‍ തയ്യാറായാല്‍ മാത്രമേ മോചനം സാധ്യമാകൂ.
Content Highlights: nimisha priya yemen execution john brittas k radhakrishnan intervention
Published: 09 Jul 2025, 04:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented