ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ സ്‌ഫോടനക്കേസ് പ്രതികളെ പിടികൂടാന്‍ നടത്തിയ തിരച്ചിലിനിടെ പ്രദേശവാസികളില്‍നിന്നുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). നരുബാലിയ ഗ്രാമത്തില്‍ തിരച്ചിലിന് പുറപ്പെട്ട അന്വേഷണസംഘത്തിന്, അനിയന്ത്രിതമായ ആള്‍ക്കൂട്ടത്തില്‍നിന്ന് ആക്രമണം നേരിടേണ്ടിവന്നുവെന്ന് എന്‍.ഐ.എ. പ്രസ്താവനയില്‍ പറഞ്ഞു. 

To advertise here,

യാതൊരു പ്രകോപനവുമില്ലാതെയാണ് ആള്‍ക്കൂട്ടം ആക്രമിച്ചതെന്നും നിയമപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍നിന്ന് തടസ്സപ്പെടുത്താനുള്ള ശ്രമമായിരുന്നു നടന്നതെന്നും എന്‍.ഐ.എ. കൂട്ടിച്ചേര്‍ത്തു. സ്വതന്ത്രരായ സാക്ഷികളുടെ സാന്നിധ്യത്തില്‍ അഞ്ചിടങ്ങളിലാണ് തിരച്ചില്‍ നടത്തിയത്. വനിതാ കോണ്‍സ്റ്റബിള്‍മാര്‍ ഉള്‍പ്പെടെയുള്ള സി.ആര്‍.പി.എഫ്. സംഘത്തിന്റെ സുരക്ഷയിലായിരുന്നു തിരച്ചില്‍ നടത്തിയതെന്നും എന്‍.ഐ.എ. പറഞ്ഞു. തിരച്ചില്‍ നടത്തിയിടത്തെ താമസക്കാരെ ആക്രമിച്ചുവെന്ന ആരോപണവും എന്‍.ഐ.എ. തള്ളി. അനാവശ്യമായ പ്രതിഷേധമായിരുന്നു നാട്ടുകാരുടേതെന്നും എന്‍.ഐ.എ. പറയുന്നു. 

2022 ഡിസംബറില്‍ പശ്ചിമബംഗാളിലെ ഈസ്റ്റ് മേദിനിപുറില്‍ നടന്ന സ്‌ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന്റെ സൂത്രധാരന്മാരായ ബാലൈ മായ്തി, മനോബ്രത ജന എന്നീ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെയാണ് എന്‍.ഐ.എ. സംഘത്തിന് നേര്‍ക്ക് ആക്രമണമുണ്ടായത്. പ്രതികളെ ഭൂപതിനഗറിലെ പോലീസ് സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത് തടയുകയായിരുന്നു ആള്‍ക്കൂട്ടത്തിന്റെ ലക്ഷ്യം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ ആക്രമണത്തില്‍ ഒരു എന്‍.ഐ.എ. ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ക്ക് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു.

ആക്രമണത്തിനും പ്രതികളുടെ അറസ്റ്റിനും പിന്നാലെ എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ക്കെതിരേ മനോബ്രതയുടെ ഭാര്യയും കുടുംബാംഗങ്ങളും നല്‍കിയ പരാതിയില്‍ ലൈംഗികപീഡനം, അതിക്രമിച്ചു കയറല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രദേശവാസികള്‍ നടത്തിയ ആക്രമണത്തിനെതിരേ ഭൂപതിനഗര്‍ സ്റ്റേഷനില്‍ എന്‍.ഐ.എയും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.