ന്യൂഡൽഹി: ന്യൂസ്‌ക്ലിക്ക് വാർത്താ പോർട്ടലിനും സ്ഥാപകൻ പ്രബീർ പുരകായസ്തയ്ക്കും 184 കോടി രൂപ പിഴ ചുമത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). വിദേശ നാണയ വിനിമയ ചട്ടം (ഫെമ) ലംഘിച്ചതിനെത്തുടർന്നാണ് നടപടി. ആകെ ചുമത്തിയ 184 കോടി രൂപയിൽ 120 കോടി രൂപ ന്യൂസ്‌ക്ലിക്കിനും (പിപികെ ന്യൂസ്‌ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ്) 64 കോടി രൂപ പ്രബീർ പുരകായസ്തയ്ക്കുമാണ് പിഴയായി വിധിച്ചിരിക്കുന്നത്.

To advertise here,

2018-19 സാമ്പത്തിക വർഷത്തിൽ ബിസിനസ് സ്വഭാവം തെറ്റായി രേഖപ്പെടുത്തി 9.59 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിച്ചതായാണ് ഇഡിയുടെ കണ്ടെത്തൽ. കൂടാതെ, 2018-19 മുതൽ 2023-24 വരെയുള്ള കാലയളവിൽ സേവന കയറ്റുമതിയുടെ പേരിൽ സ്വീകരിച്ച 82.63 കോടി രൂപയുടെ വിദേശ പണമിടപാടുകളിൽ റിപ്പോർട്ടിംഗ് നിയമങ്ങൾ ലംഘിച്ചതായും 'സോഫ്ടെക്സ്' ഫോമുകൾ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടതായും ഇഡി പറയുന്നു.

രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ, വിദേശ സംഭാവന നിയന്ത്രണ ചട്ട ലംഘനം തുടങ്ങിയ കുറ്റാരോപണങ്ങളാണ് ന്യൂസ് ക്ലിക്കിനെതിരേ ചുമത്തിയിരുന്നത്. ഇഡിക്ക് പുറമെ സിബിഐ, ഡൽഹി പോലീസ്, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജൻസികളും ന്യൂസ്‌ക്ലിക്കിനെതിരെ അന്വേഷണം നടത്തുന്നുണ്ട്.

ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട കേസിൽ 2023 ഒക്ടോബറിൽ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത പ്രബീർ പുരകായസ്ത നിലവിൽ ജാമ്യത്തിലാണ്. ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട കേസിൽ അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിംഗാമിനും ഇഡി സമൻസ് അയച്ചിരുന്നു. അതേസമയം, തങ്ങൾക്കെതിരെയുള്ള കുറ്റാരോപണങ്ങളെല്ലാം ന്യൂസ്‌ക്ലിക്ക് നിഷേധിച്ചിരുന്നു. സ്വീകരിച്ച എല്ലാ ഫണ്ടുകളും കൃത്യമായ ബാങ്ക് ഇടപാടുകളിലൂടെയാണെന്നും ഇതിന്റെ വിശദാംശങ്ങൾ നിയമപരമായി അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും പോർട്ടൽ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.