
കാഠ്മണ്ഡു: നേപ്പാളിലെ ടിബറ്റൻ അതിർത്തിക്കടുത്തുള്ള റസുവ ജില്ലയിലുണ്ടായ ശക്തമായ മിന്നൽപ്രളയത്തിൽ നൂറിലേറെ ഇന്ത്യക്കാരുൾപ്പെടെ നിരവധി പേരെ കാണാനില്ല. നേപ്പാൾ ടൂറിസം ബോർഡ് നൽകിയ വിവരങ്ങളനുസരിച്ച്, ആകെ കാണാതായ 291 വിദേശപൗരന്മാരിൽ 105 പേർ ഇന്ത്യക്കാരാണ്. പ്രദേശത്ത് വിനോദസഞ്ചാരത്തിനെത്തിയ സംഘങ്ങളാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന. 16 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ മുൻകരുതൽ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. നേപ്പാളിൽനിന്ന് ഒഴുകിയെത്തുന്ന പുഴകളിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് അതിർത്തി സംസ്ഥാനങ്ങൾ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.
മൂന്ന് അമേരിക്കൻ പൗരന്മാരും മലേഷ്യയിൽനിന്നുള്ള 17 പേരും ബ്രിട്ടനിൽനിന്നുള്ള 12 പേരും ദക്ഷിണാഫ്രിക്കയിൽനിന്നുള്ള നാലുപേരും ഓസ്ട്രേലിയ, നെതർലൻഡ്സ് എന്നിവിടങ്ങളിൽനിന്നുള്ള ഓരോരുത്തരും കാണാതായവരിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ കാണാതായ മറ്റു 103 പേരുടെ രാജ്യം ഏതാണെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമായി തുടരുന്നു.
നേപ്പാളിൽനിന്നുദ്ഭവിച്ച് ബിഹാറിലേക്കൊഴുകുന്ന ഗന്ധക്, കോസി എന്നീ പ്രധാന നദികളിൽ ജലനിരപ്പ് ഉയരുകയാണ്. നിലവിലെ സാഹചര്യം വിലയിരുത്താൻ ബിഹാർ സർക്കാർ ഉന്നതതല സമിതിക്ക് രൂപംനൽകി. ചീഫ് സെക്രട്ടറിയുടേയും ഡി.ജി.പി.യുടേയും നേതൃത്വത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമെങ്കിൽ പ്രദേശം നേരിട്ട് സന്ദർശിക്കുമെന്നും ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി വ്യക്തമാക്കി. ബിഹാറിലെ മുൻകരുതൽ നടപടികളെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സമ്രാട്ട് ചൗധരിയുമായി സംസാരിച്ചു.
ബുധനാഴ്ച രാവിലെ ഒൻപതോടെ ഭോട്ടെ കോശി നദിയിൽ പെട്ടെന്ന് വെള്ളം ഉയർന്നതോടെയാണ് മിന്നൽപ്രളയം സംഭവിച്ചത്. പ്രളയത്തിൽ ഒട്ടേറെ വീടുകളും വാഹനങ്ങളും പാലങ്ങളും തകർന്നു. തിമുരെ, സ്യാബ്രുബെസി തുടങ്ങിയ അതിർത്തിപ്രദേശങ്ങളെയാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചത്. കുതിച്ചെത്തുന്ന വെള്ളം ഗ്രാമങ്ങളെ തുടച്ചുനീക്കിക്കൊണ്ട് മുന്നോട്ടുപോകുന്ന ഭയാനകമായ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Content Highlights: At least 105 Indian tourists are among 291 foreign nationals reported missing., The disaster occurred due to a flash flood in Nepal's Rasuwa area on Wednesday.
Published: 26 Aug 2026, 04:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented