ന്യൂഡൽഹി: പാർലമെന്റിൽ ചോദ്യപേപ്പർ ചോർച്ച തടയൽ ബിൽ പാസ്സാക്കാനിരിക്കേ, നീറ്റ് വിഷയത്തിൽ വിദ്യാർഥികൾക്കുനേരെയുണ്ടായ ആക്രമണത്തിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. പാർലമെന്റ് മൺസൂൺ സമ്മേളനത്തിന്റെ ആറാംദിവസം സഭ ബഹളത്തിൽ മുങ്ങി. തുടർന്ന് ഇരുസഭകളും നിർത്തിവെച്ചു.

To advertise here,

നീറ്റ് പരീക്ഷാ ക്രമക്കേടിലും വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിലും അടിയന്തര ചർച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭ തുടങ്ങിയ ഉടൻതന്നെ പ്രതിഷേധം ആരംഭിച്ചിരുന്നു. ഇതോടെ സ്പീക്കർ ഓം ബിർല ഇടപെട്ട് പ്രതിപക്ഷത്തോട് സംയമനം പാലിക്കാനും സ്ഥലത്ത് പോയി ഇരിക്കാനും ആവശ്യപ്പെട്ടു. ബഹളം വീണ്ടും തുടർന്നതോടെ സഭ സ്തംഭിച്ചു.

‘പ്രധാൻ ഗോ ബാക്ക്, അമിത്ഷാ വിഷയത്തിൽ പ്രതികരിക്കണം’ എന്നീ ആവശ്യങ്ങളുയർത്തിയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. വിദ്യാർഥികൾക്കെതിരായ അതിക്രമം ചട്ടം 267 പ്രകാരം ചർച്ച ചെയ്യണമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ആവശ്യം. പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരേ പെല്ലറ്റ് തോക്കുകളും മറ്റു ആയുധങ്ങളും പോലീസ് ഉപയോഗിച്ചിട്ടും ആഭ്യന്തരമന്ത്രി മിണ്ടുന്നില്ലെന്ന് വിമർശിച്ച് മഹുവ മൊയ്ത്രയും രംഗത്തെത്തി. 

കേന്ദ്ര വിദ്യഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ച ധർമേന്ദ്ര പ്രധാനെ എൻ.ഡി.എ. എം.പി.മാർ മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചത്. പ്രതിപക്ഷം ഗോ ബാക്ക് വിളികളോടെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു.